റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്‍റെ നിര്‍ദ്ദേശം
വിവരങ്ങള്‍ ലഭിച്ച ശേഷം മ്യാന്‍മര്‍ സര്‍ക്കാരുമായി നയതന്ത്ര തലത്തില്‍ ചര്‍ച്ച നടത്തി അഭയാര്‍ത്ഥികളെ തിരികെ അയക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കും
റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ ഭയോ മെട്രിക്ക് രേഖകളുള്‍പ്പെടേയുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. വിവരങ്ങള്‍ ലഭിച്ച ശേഷം മ്യാന്‍മര്‍ സര്‍ക്കാരുമായി നയതന്ത്ര തലത്തില്‍ ചര്‍ച്ച നടത്തി അഭയാര്‍ത്ഥികളെ തിരികെ അയക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
കൊല്‍ക്കത്തയില്‍ ഈസ്റ്റേണ്‍ സോണല്‍ കൌണ്‍സില്‍ യോഗത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ തിരികെ അയക്കുന്നതിന് മ്യാന്‍മര്‍ സര്‍ക്കാരുമായി ഔദ്യോഗിക തലത്തില്‍ ചര്‍ച്ചകള്‍ നടത്തും. ഇതിന് മുന്നോടിയായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ വിവരങ്ങള്‍ ലഭിച്ചതിന് ശേഷം വിഷയം മ്യാന്‍മര്‍ സര്‍ക്കാരിന് മുന്നില്‍ ഉന്നയിക്കുമെന്നും രാജ്നാഥ് സിംഗ് അറിയിച്ചു.
റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മാത്രമല്ല, കേരളമുള്‍പ്പെടേയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും വ്യാപകമായി കുടിയേറിയിട്ടുണ്ടെന്ന് നേരത്തെ രാജ്നാഥ് സിംഗ് പറഞ്ഞിരുന്നു. റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ വന്‍ തോതില്‍ കേരളത്തിലേക്ക് പോകുന്നതായി റെയില്‍വേ പ്രൊട്ടക്ഷന്‍ പൊലീസ് കഴിഞ്ഞ ദിവസം കേരള പൊലീസിന് വിവരം നല്‍കിയിരുന്നു. അഭയാര്‍ത്ഥികള്‍ കേരളത്തിലേക്ക് യാത്ര ചെയ്യുന്ന പതിനാല് ട്രെയിനുകളുടെ ലിസ്റ്റും നല്‍കിയിരുന്നു. റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ നാടുകടത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരായ പരാതി നിലവില്‍ സുപ്രിം കോടതിയിലാണ്. കോടതിയുടെ അനുമതിയില്ലാതെ അഭയാര്‍ത്ഥികളെ പുറത്താക്കാനുള്ള നടപടികള്‍ സ്വീകരിക്കരുതെന്ന് സുപ്രിം കോടതി നേരത്തെ ഉത്തരവിടുകയും ചെയ്തിരുന്നു.
Adjust Story Font
16