Quantcast

പരീക്ഷാ കേന്ദ്രത്തില്‍ കരയുന്ന കുഞ്ഞിനെ താലോലിച്ച് പൊലീസുകാരന്‍, അമ്മ സുഖമായി പരീക്ഷയെഴുതി

മഹ്ബൂബ്‌നഗറിലെ ബോയ്‌സ് ജൂനിയര്‍ കോളേജിന് മുന്നില്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട പൊലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ മുജീബ് ഉര്‍ റഹ്മാനാണ് താരം

MediaOne Logo

Web Desk

  • Published:

    2 Oct 2018 3:13 AM GMT

പരീക്ഷാ കേന്ദ്രത്തില്‍ കരയുന്ന കുഞ്ഞിനെ താലോലിച്ച് പൊലീസുകാരന്‍, അമ്മ സുഖമായി പരീക്ഷയെഴുതി
X

മനുഷ്യത്വം മരിച്ചിട്ടില്ലെന്ന് തെളിയിക്കുകയാണ് ഈ പൊലീസുകാരന്‍. കരയുന്ന കുഞ്ഞിനെ ഓമനിക്കുന്ന ഈ പൊലീസുകാരനാണ് സോഷ്യല്‍ മീഡിയയുടെ മനം കവര്‍ന്നിരിക്കുന്നത്. തെലങ്കാനയിലെ മഹ്ബൂബ്‌നഗറിലെ ബോയ്‌സ് ജൂനിയര്‍ കോളേജിന് മുന്നില്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട പൊലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ മുജീബ് ഉര്‍ റഹ്മാനാണ് താരം.

സ്റ്റൈപന്‍ഡറി കേഡറ്റ് ട്രയിനി പൊലീസ് കോണ്‍സ്റ്റബിള്‍സ്(എസ്.സി.റ്റി.പി.സി) പരീക്ഷയ്‌ക്കെത്തിയവരുടെ കൂട്ടത്തില്‍ ഒരു അമ്മയും നാല് മാസം പ്രായമുള്ള ഒരു കുഞ്ഞും ഉണ്ടായിരുന്നു. കുഞ്ഞിനെ നോക്കാന്‍ 16 വയസുകാരിയായ ഭര്‍തൃസഹോദരിയേയും കൂട്ടിയാണ് യുവതി പരീക്ഷക്കെത്തിയത്. പരീക്ഷ തുടങ്ങുന്ന സമയത്ത് കുഞ്ഞിനെ പെണ്‍കുട്ടിയുടെ കയ്യില്‍ ഏല്‍പ്പിച്ച് അമ്മ ക്ലാസില്‍ കയറി. ആദ്യം കുട്ടി കളിക്കാനും ചിരിക്കാനും തുടങ്ങിയെങ്കിലും കുറച്ചു കഴിഞ്ഞപ്പോള്‍ കുഞ്ഞിന്റെ മട്ട് മാറി കരയാനും തുടങ്ങി. കുട്ടിയെ എങ്ങിനെ ആശ്വസിപ്പിക്കണമെന്നറിയാതെ പെണ്‍കുട്ടിയും കുഴഞ്ഞു. ഈ സമയത്ത് അവിടെയുണ്ടായികുന്ന മുജീബ് എത്തി കുട്ടിയെ എടുത്ത് താലോലിക്കുകയായിരുന്നു. അപ്പോള്‍ ആ പരിസരത്ത് മറ്റ് കുട്ടികളെ ആരെയും കണ്ടില്ല, മാത്രമല്ല കുട്ടിയെ ഏല്‍പിക്കാന്‍ വനിതാ പൊലീസുകാരും ഉണ്ടായില്ല. അതുകൊണ്ടാണ് താന്‍ കുട്ടിയെ എടുത്തതെന്ന് മുജീബ് പറഞ്ഞ്. അരമണിക്കൂറോളം മുജീബിന്റെ കൈകളില്‍ കിടന്ന കുഞ്ഞ് കുറച്ച് കഴിഞ്ഞപ്പോള്‍ ഉറങ്ങുകയും ചെയ്തു. ഒരു മണി ആയപ്പോഴാണ് കുഞ്ഞിന്റെ അമ്മ പരീക്ഷ കഴിഞ്ഞെത്തിയത്.

മുജീബ് കുഞ്ഞിനെ താലോലിക്കുന്ന ചിത്രം പരീക്ഷാ ഹാളിന് പുറത്തുണ്ടായിരുന്ന ഒരാള്‍ ചിത്രം പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെയാണ് സംഗതി വൈറലായത്. മനുഷ്യത്വത്തിന്റെ മുഖം അവതരിപ്പിച്ചതിന് പൊലീസുകാരനെ പ്രകീര്‍ത്തിക്കുകയാണ് ഏവരും. ഐ.പി.എസ് ഓഫീസറായ രമാ രാജേശ്വരി ഹെഡ് കോണ്‍സ്റ്റബിളിന്റെ ചിത്രം ഷെയര്‍ ചെയ്തതോടെ സംഭവം വലിയ ചര്‍ച്ചയായി. പൊലീസില്‍ ഇതുപോലെ പലരും ഉണ്ടെങ്കിലും ഇവരെയൊന്നും അംഗീകരിക്കാന്‍ ആരും ഉണ്ടാകാറില്ലെന്ന് മറ്റൊരു വനിതാ ഓഫീസറും അഭിപ്രായപ്പെട്ടു.

രണ്ടു മക്കളാണ് മുജീബ് ഉര്‍ റഹ്മാന്. മൂത്ത മകന്‍ ചൈനയില്‍ മെഡിസിന് പഠിക്കുന്നു. മകള്‍ ഹൈസ്കൂളിലും.

TAGS :

Next Story