Quantcast

ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്; കാർക്കശ്യക്കാരനായ ന്യായാധിപൻ 

MediaOne Logo

Web Desk

  • Published:

    3 Oct 2018 11:51 AM GMT

ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്; കാർക്കശ്യക്കാരനായ ന്യായാധിപൻ 
X

ഇന്ത്യയുടെ 46ാം ചീഫ് ജസ്റ്റിസായി രഞ്ജൻ ഗൊഗോയ് ബുധനാഴ്ച ചുമതലയേറ്റു. കാലാവധി അവസാനിച്ചതിനാൽ വിരമിക്കുന്ന ജസ്റ്റിസ് ദീപക് മിശ്രയുടെ പിൻഗാമിയായിട്ടാണ് അസമിൽ നിന്നുള്ള രഞ്ജൻ ഗൊഗോയ് ചീഫ് ജസ്റ്റിസിന്റെ കസേരയിലെത്തിയത്. 2019 നവംബർ വരെ ഇന്ത്യയുടെ ചീഫ് ജസ്റ്റിസായി തുടരും കാർക്കശ്യക്കാരനായ ഈ ന്യായാധിപൻ.

വിട്ടുവീഴ്ചകളില്ലാത്ത നിലപാടിന്റെ പേരിലാണ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വ്യത്യസ്തനാകുന്നത്. മുൻ സുപ്രീം കോടതി ജഡ്ജി മാർക്കണ്ഡേയ കട്ജുവിനെ കോടതിയിലേക്ക് വിളിച്ചുവരുത്തി കോടതിയലക്ഷ്യ നടപടിക്ക് നോട്ടീസ് നൽകിയതും അസം പൗരത്വപ്പട്ടികയുടെ കാര്യത്തിൽ കൈക്കൊണ്ട സമീപനവും രഞ്ജൻ ഗൊഗോയിയുടെ കാർക്കശ്യത്തിന്റെ മികച്ച ഉദാഹരങ്ങളാണ്

കഴിഞ്ഞ ഏതാനും മാസങ്ങളായി സുപ്രീം കോടതി അസാധാരണമായ ചില സംഭവ വികാസങ്ങളിലൂടെ കടന്നുപോയതിനാൽ പുതിയ ചീഫ് ജസ്റ്റിസിന്റെ നിയമനം ഏറെ ആകാംക്ഷക്ക് വഴിവെച്ചിരുന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ചില നടപടികളിൽ പ്രതിഷേധിച്ച് നാലു മുതിർന്ന സുപ്രീം കോടതി ജഡ്ജിമാർ നടത്തിയ പത്രസമ്മേളനത്തിന് നേതൃത്വം നൽകിയതിന്റെ പേരിൽ ചീഫ് ജസ്റ്റിസ് സ്ഥാനം നിഷേധിക്കപ്പെടുമോ എന്ന സന്ദേഹം ഉണ്ടായിരുന്നെങ്കിലും ഒടുവിൽ അദ്ദേഹത്തിന് തന്നെയാണ് നറുക്ക് വീണത്. വിരമിച്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്ര രഞ്ജൻ ഗൊഗോയിയുടെ പേര് നിർദേശിക്കുകയും മോദി സർക്കാർ അത് അംഗീകരിക്കുകയുമായിരുന്നു.

വിട്ടുവീഴ്ചകളില്ലാത്ത നിലപാടിന്റെ പേരിലാണ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വ്യത്യസ്തനാകുന്നത്. മുൻ സുപ്രീം കോടതി ജഡ്ജി മാർക്കണ്ഡേയ കട്ജുവിനെ കോടതിയിലേക്ക് വിളിച്ചുവരുത്തി കോടതിയലക്ഷ്യ നടപടിക്ക് നോട്ടീസ് നൽകിയതും അസം പൗരത്വപ്പട്ടികയുടെ കാര്യത്തിൽ കൈക്കൊണ്ട സമീപനവും രഞ്ജൻ ഗൊഗോയിയുടെ കാർക്കശ്യത്തിന്റെ മികച്ച ഉദാഹരങ്ങളാണ്. തൻ അധ്യക്ഷനായ ബെഞ്ച് കേരളത്തിലെ സൗമ്യ കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ധാക്കിയ വിധിയെ ഫേസ്ബുക്കിലൂടെ വിമർശിച്ചതിനാണ് കട്ജുവിന് കോടതിയലക്ഷ്യ നോട്ടീസ് നൽകിയത്. അദ്ദേഹത്തിന്റെ ഭാഗം കേൾക്കാനെന്ന പേരിൽ കോടതി മുറിയിലേക്ക് വിളിച്ചുവരുത്തിയാണ് നോട്ടീസ് നൽകിയത്. സുപ്രീം കോടതിയുടെ ചരിത്രത്തിലെ തീർത്തും അസാധാരണ നടപടിയായിരുന്നു മുൻ ജഡ്ജിക്ക് കോടതിയലക്ഷ്യ നോട്ടീസ് നൽകുക എന്നത്.

സുപ്രീം കോടതി ജഡ്ജിമാരെ വിമർശിച്ചതിന് ഒരു സിറ്റിങ് ഹൈക്കോടതി ജഡ്ജിയെ കോടതിയലക്ഷ്യത്തിന് ശിക്ഷിച്ച ആദ്യ സംഭവത്തിലും ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ കർക്കശ സ്വാഭാവം വലിയ പങ്ക് വഹിച്ചിട്ടുണ്ട്. 20 ജഡ്ജിമാർ അഴിമതിക്കാരാണെന്നും അതിനെകുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയതിനെ തുടർന്ന് ആറു മാസമാണ് കൊൽക്കത്ത ഹൈക്കോടതി ജഡ്ജി കർണൻ ജയിലിൽ കിടക്കേണ്ടിവന്നത്.

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അസാധാരണ നടപടികൾക്കെതിരെ നാലു മുതിർന്ന ജഡ്ജിമാർ നടത്തിയ പത്രസമ്മേളനത്തിലും രഞ്ജൻ ഗൊഗോയിയുടെ പങ്ക് നിർണ്ണായകമാണ്. സുപ്രീം കോടതിയുടെ ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു ഒരു ചീഫ് ജസ്റ്റിസിനെതിരെ മറ്റു മുതിർന്ന ജഡ്ജിമാർ പരസ്യമായ പത്രസമ്മേളനം നടത്തുന്നത്. ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട ജഡ്ജ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസ് നിർണ്ണയിച്ചു നൽകുന്നതുമായി ബന്ധപ്പെട്ടായിരുന്നു ചീഫ് ജസ്റ്റിസിനെതിരെ ജഡ്ജിമാർ പ്രധാനമായും വിമർശനം ഉന്നയിച്ചത്. അമിത് ഷാ പ്രതിയായ സൊഹ്‌റാബുദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കൊലപാതക കേസിൽ വിധി പറയാനിരിക്കെയായിരുന്നു ജഡ്ജ് ലോയയുടെ ദുരൂഹ മരണം.

അസമീസ് വംശജനായ രഞ്ജൻ ഗൊഗോയിയുടെ കർക്കശ നിലപാട് തന്നെയാണ് അസമിലെ പൗരത്വപ്പട്ടിക വേഗത്തിൽ പൂർത്തിയാക്കുന്ന നടപടിയിലേക്ക് നയിച്ചത്. 1985 ൽ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഒപ്പിട്ട അസം കരാറിന്റെ അടിസ്ഥാനത്തിലാണ് പൗരത്വപ്പട്ടിക തയ്യാറാക്കിയത്. സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ തയ്യാറാക്കിയ പട്ടികക്കെതിരെ ഒരുപാട് പരാതികൾ വന്നെങ്കിലും അന്തിമ കരട് പട്ടിക പുറത്തിറങ്ങിയതിന് ശേഷം മറ്റ്‌ ഇടപെടലുകൾ നടത്തിയാൽ മതി എന്ന നിലപാടാണ് ജസ്റ്റിസ് റോഹിങ്ടൺ നരിമനോടൊപ്പം രഞ്ജൻ ഗൊഗോയ് കൈക്കൊണ്ടത്. ഒടുവിൽ അന്തിമ കരട് പട്ടിക പുറത്തിറങ്ങിയപ്പോൾ 40 ലക്ഷം പേർ പുറത്തായി. അവരുടെ പരാതികൾ എൻ.ആർ.സി കേട്ടുകൊണ്ടിരിക്കുകയാണ് ഇപ്പോൾ.

2012 ഏപ്രിൽ 23 നാണ് രഞ്ജൻ ഗൊഗോയ് സുപ്രീം കോടതി ജഡ്ജിയായി ഉയർത്തപ്പെടുന്നത്. നിരവധി ചരിത്ര വിധികളുടെ ഭാഗമായിരുന്ന രഞ്ജൻ ഗൊഗോയ് അധ്യക്ഷനാകുന്ന സുപ്രീം കോടതി ബെഞ്ചുകളുടെ നടപടികളാണ് ആദ്യമായി തത്സമയം സംപ്രേക്ഷണം ചെയ്യപ്പെടാൻ പോകുന്നത്

അസം മുഖ്യമന്ത്രിയായിരുന്ന കേശബ് ചന്ദ്ര ഗൊഗോയിയുടെ മകനായി 1954 നവംബർ 18 നാണ് രഞ്ജൻ ഗൊഗോയ് ജനിക്കുന്നത്. 1982 ൽ അസം മുഖ്യമന്ത്രിയായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. 1978 ൽ അഭിഭാഷകനായി ഔദ്യോഗിക ജീവിതം തുടങ്ങിയ രഞ്ജൻ ഗൊഗോയ് ഗുവാഹത്തി ഹൈക്കോടതിയിലാണ് കൂടുതൽ കാലം പ്രാക്റ്റീസ് ചെയ്തത്. 2001 ഫെബ്രുവരി 28 ന് ഗുവാഹത്തി ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയായി നിയമിതനായി. ഒമ്പത് വർഷങ്ങൾക്ക് ശേഷം 2010 സെപ്റ്റംബർ ഒമ്പതിന് പഞ്ചാബ്-ഹരിയാന ഹൈകോടതിയിലേക്ക് സ്ഥലംമാറ്റം. പിന്നീട്, ഒരു വർഷത്തിന് ശേഷം 2011 ഫെബ്രുവരി പന്ത്രണ്ടിന് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി നിയമിതനായി.

2012 ഏപ്രിൽ 23 നാണ് രഞ്ജൻ ഗൊഗോയ് സുപ്രീം കോടതി ജഡ്ജിയായി ഉയർത്തപ്പെടുന്നത്. നിരവധി ചരിത്ര വിധികളുടെ ഭാഗമായിരുന്ന രഞ്ജൻ ഗൊഗോയ് അധ്യക്ഷനാകുന്ന സുപ്രീം കോടതി ബെഞ്ചുകളുടെ നടപടികളാണ് ആദ്യമായി തത്സമയം സംപ്രേക്ഷണം ചെയ്യപ്പെടാൻ പോകുന്നത്.

TAGS :

Next Story