പ്രതിഷേധത്തിനിടെ ഏഴ് റൊഹീങ്ക്യന്‍ അഭയാര്‍ഥികളെ മ്യാന്മറിലേക്ക് തിരിച്ചയക്കും
ആദ്യമായാണ് ഇന്ത്യ റൊഹീങ്ക്യന്‍ അഭയാര്‍ഥികളെ മ്യാന്മറിലേക്ക് തിരിച്ചയക്കാന്‍ തീരുമാനമെടുക്കുന്നത്
പ്രതിഷേധങ്ങള്‍ക്കിടെ ഏഴ് റൊഹീങ്ക്യന്‍ അഭയാര്‍ഥികളെ ഇന്ത്യയില്‍ നിന്നും മ്യാന്മറിലേക്ക് തിരിച്ചയക്കും. അസമില്‍ നിയമവിരുദ്ധമായി കഴിഞ്ഞിരുന്നവരെയാണ് സര്‍ക്കാര്‍ മ്യാന്മറിലേക്ക് തിരിച്ചയക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ആദ്യമായാണ് ഇന്ത്യ റൊഹീങ്ക്യന്‍ അഭയാര്‍ഥികളെ മ്യാന്മറിലേക്ക് തിരിച്ചയക്കാന്‍ തീരുമാനമെടുക്കുന്നത്.
മണിപ്പൂരിലെ മോറെഹ് അതിര്‍ത്തിയില്‍ നിന്നായിരിക്കും അഭയാര്‍ഥികളെ മ്യാന്മറിലേക്ക് തിരിച്ചയക്കുക. 2012ല്‍ രേഖകളില്ലാത്തതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്ത ഇവര്‍ അപ്പോള്‍ മുതല്‍ അസമിലെ സില്‍ച്ചര്‍ അഭയാര്‍ഥി ക്യാമ്പിലാണ് കഴിഞ്ഞിരുന്നത്. ഇവര്‍ മ്യാന്മറിലെ റഖിനേ സംസ്ഥാനത്തു നിന്നുള്ളവരാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
14000 റൊഹീങ്ക്യന്‍ അഭയാര്‍ഥികളാണ് ഇന്ത്യയില്‍ കഴിയുന്നതെന്നാണ് സര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചത്. യുഎന്‍ അഭയാര്‍ഥി ഏജന്‍സിയായ യു.എന്‍.എച്ച്.സി.ആറില്‍ രജിസ്റ്റര്‍ ചെയ്തവരുടെ കണക്കാണിത്. അതേസമയം ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിതര ഏജന്‍സികളുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ റൊഹീങ്ക്യന്‍ അഭയാര്‍ഥികളുടെ എണ്ണം 40,000ത്തിലേറെ വരും.
അതേസമയം അഭയാര്‍ഥികളെ മ്യാന്മറിലേക്ക് തിരിച്ചയക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിനെതിരെ വലിയ തോതില്‍ പ്രതിഷേധങ്ങളും ഉയരുന്നുണ്ട്. ഇന്ത്യന്‍ തീരുമാനത്തിനെതിരെ യു.എന്‍ വക്താവ് തന്നെ രംഗത്തെത്തിയിരുന്നു. അഭയാര്‍ഥികളുടെ അവകാശങ്ങളെ മാനിക്കാത്ത തീരുമാനമാണ് ഇന്ത്യയുടേതെന്ന വിമര്‍ശമാണ് വംശീയ വിദ്വേഷത്തിനെതിരെ പ്രവര്‍ത്തിക്കുന്ന യു.എന്‍ പ്രത്യേക വക്താവ് ടെന്‍ഡെ അച്യൂം ഉന്നയിച്ചിരിക്കുന്നത്. 1951ലെ യു.എന്‍ അഭയാര്‍ഥി ഉടമ്പടിയിലോ 1967ലെ ഉടമ്പടിയിലോ ഇന്ത്യ ഒപ്പുവെച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
Adjust Story Font
16