Quantcast

“ചെയ്യാത്ത കുറ്റത്തിന് നഷ്ടമായത് 18 വര്‍ഷം, എന്‍റെ ജീവിതം നരകതുല്യമായി”: സുഹൈബ് ഇല്യാസി 

“ഈ 18 വര്‍ഷം കൊണ്ട് എനിക്ക് നഷ്ടമായത് ആത്മവിശ്വാസവും ആത്മാഭിമാനവും കരിയറുമൊക്കെയാണ്. നികത്താനാവാത്ത നഷ്ടങ്ങള്‍. എന്‍റെ നിരപരാധിത്വം തിരിച്ചറിഞ്ഞതിന് ദൈവത്തോടും നിയമസംവിധാനത്തോടും കടപ്പെട്ടിരിക്കുന്നു”

MediaOne Logo

Web Desk

  • Published:

    8 Oct 2018 6:13 AM

“ചെയ്യാത്ത കുറ്റത്തിന് നഷ്ടമായത് 18 വര്‍ഷം, എന്‍റെ ജീവിതം നരകതുല്യമായി”: സുഹൈബ് ഇല്യാസി 
X

ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ് എന്ന പരിപാടിയിലൂടെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് സുഹൈബ് ഇല്യാസിയെന്ന അവതാരകന്‍. ഒറ്റ രാത്രികൊണ്ട് ഇല്യാസി കൊലയാളിയെന്ന് മുദ്രകുത്തപ്പെട്ടു. ഭാര്യയുടെ മരണത്തിന് പിന്നാലെയാണ് ഇല്യാസിയെ പൊലീസ് അറസ്റ്റ് ചെയ്തതും വിചാരണക്കൊടുവില്‍ കോടതി ജീവപര്യന്തം വിധിച്ചതും. ഈ കേസില്‍ ഡല്‍ഹി ഹൈക്കോടതി സുഹൈബ് ഇല്യാസിയെ നിരപരാധിയെന്ന് വിധിച്ച് ‍വെറുതെ വിട്ടു എന്നതാണ് ഒടുവില്‍ പുറത്തുവന്ന വാര്‍ത്ത.

"കഴിഞ്ഞ 18 വര്‍ഷമായി ഞാന്‍ പറഞ്ഞുകൊണ്ടിരുന്നത് നിരപരാധിയാണെന്നാണ്. ബഹുമാനപ്പെട്ട കോടതിയും ഇപ്പോഴത് പറഞ്ഞിരിക്കുന്നു. ഈ 18 വര്‍ഷം കൊണ്ട് എനിക്ക് നഷ്ടമായത് ആത്മവിശ്വാസവും ആത്മാഭിമാനവും കരിയറുമൊക്കെയാണ്. നികത്താനാവാത്ത നഷ്ടങ്ങള്‍. എന്‍റെ നിരപരാധിത്വം തിരിച്ചറിഞ്ഞതിന് ദൈവത്തോടും നിയമസംവിധാനത്തോടും കടപ്പെട്ടിരിക്കുന്നു", ഇല്യാസി പറഞ്ഞു.

"ഞാനിപ്പോള്‍ സ്വതന്ത്രനാണ്. തിഹാര്‍ അല്ല ഇപ്പോള്‍ എന്‍റെ വീട്. എന്‍റെ സ്വന്തം വീട്ടില്‍ മകളോടൊപ്പമാണ്. സ്വതന്ത്രനാകുന്നതിനെ കുറിച്ച് ജയിലില്‍ വെച്ച് സ്വപ്നം കാണാറുണ്ടായിരുന്നു. നരകതുല്യമായിരുന്നു 18 വര്‍ഷങ്ങള്‍. മകളെ വീണ്ടും കാണണം എന്ന ചിന്തയാണ് ആ ദിവസങ്ങളില്‍ എന്നെ ജീവിപ്പിച്ചത്", ഇല്യാസി വിശദീകരിച്ചു.

ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ് എന്ന പരിപാടി പുനരാരംഭിക്കാന്‍ ആഗ്രഹമുണ്ടെന്ന് ഇല്യാസി പറഞ്ഞു. തിഹാറില്‍ താന്‍ കണ്ട കുറ്റവാളികളുടെ ജീവിതം പറയണം. അവരുടെ കണ്ണുകള്‍ക്ക് മറ്റൊരു കഥ പറയാനുണ്ട്. കറുപ്പിലും വെളുപ്പിലും മാത്രമാണ് നിയമം കാര്യങ്ങള്‍ നോക്കിക്കാണുന്നത്. അതിനുമപ്പുറം കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്ന പ്രേരകങ്ങളെ കുറിച്ച് തനിക്ക് പറയാനുണ്ടെന്നും സുഹൈബ് ഇല്യാസി വ്യക്തമാക്കി. നഷ്ടപ്പെട്ട 18 വര്‍ഷങ്ങള്‍ തിരിച്ചുപിടിക്കാനാവില്ല. ഇനി ജീവിച്ചിരിക്കുന്ന ഓരോ നിമിഷവും അര്‍ഥപൂര്‍ണമാക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

സുഹൈബിന്റെ ഭാര്യ അഞ്ജുവിനെ 2000 ജനുവരി 11ന് ഡല്‍ഹിയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസിലാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. അഞ്ജുവിന്റെ ശരീരത്തില്‍ മുറിവേറ്റ പാടുകളുണ്ടായിരുന്നു. അഞ്ജു ആത്മഹത്യ ചെയ്തതാണെന്നായിരുന്നു പ്രാഥമിക നിഗമനം. മരണത്തില്‍ സംശയമില്ലെന്നാണ് അഞ്ജുവിന്‍റെ കുടുംബം ആദ്യം പറഞ്ഞത്. എന്നാല്‍ പിന്നീട് അഞ്ജുവിന്‍റെ സഹോദരി ഇല്യാസിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കി. സ്ത്രീധനത്തിന്‍റെ പേരില്‍ അഞ്ജുവിനെ ഇല്യാസ് ഉപദ്രവിച്ചിരുന്നു എന്നായിരുന്നു പരാതി.

അന്വേഷണത്തിനൊടുവില്‍ സുഹൈബ് ഇല്യാസിയെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കൊലക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് സഹോദരി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചതോടെ കേസില്‍ വിചാരണ നടത്താന്‍ ഹൈക്കോടതി കീഴ്‍കോടതിക്ക് നിര്‍ദേശം നല്‍കി. തുടര്‍ന്നാണ് കോടതി ജീവപര്യന്തം തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. വിധിക്കെതിരെ ഇല്യാസ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്നാണ് കോടതി നിരപരാധിയെന്ന് വിധിച്ച് ഇല്യാസിനെ വെറുതെവിട്ടത്.

TAGS :

Next Story