വെളിപ്പെടുത്തലുമായി മാധ്യമപ്രവര്‍ത്തക; മീ ടൂവില്‍ കുടുങ്ങി കേന്ദ്രമന്ത്രി അക്ബര്‍
വിദേശകാര്യ സഹമന്ത്രിയും പ്രമുഖ മാധ്യമപ്രവര്‍ത്തകനുമായ എം.ജെ അക്ബറിനെതിരെയാണ് ഏറ്റവും ഒടുവിലത്തെ വെളിപ്പെടുത്തല്‍.
സിനിമാ മേഖലയിലെ ചൂഷണങ്ങള്‍ക്കെതിരെ തുടങ്ങിയ മീ ടൂ തുറന്നുപറച്ചിലുകള്‍ മാധ്യമരംഗവും പിന്നിട്ട് ഭരണാധികാരികളില്‍ എത്തിനില്‍ക്കുകയാണ്. വിദേശകാര്യ സഹമന്ത്രിയും പ്രമുഖ മാധ്യമപ്രവര്‍ത്തകനുമായ എം.ജെ അക്ബറിനെതിരെയാണ് ഏറ്റവും ഒടുവിലത്തെ വെളിപ്പെടുത്തല്‍. മാധ്യമപ്രവര്‍ത്തകയായ പ്രിയ രമണിയാണ് അക്ബറിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയത്.
നേരത്തെ വോഗ് മാസികയില്‍ പ്രസിദ്ധീകരിച്ച തന്റെ കുറിപ്പ് പരാമര്‍ശിച്ചാണ് പ്രിയ രമണി അക്ബറിന്‍റെ മോശം പെരുമാറ്റത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ആ കുറിപ്പില്‍ അക്ബറിന്‍റെ പേര് പറഞ്ഞിരുന്നില്ല. "എം.ജെ അക്ബര്‍ കഥയുമായി ഞാന്‍ തുടങ്ങട്ടെ. ഒരുപാട് സ്ത്രീകള്‍ക്ക് ഈ വേട്ടക്കാരനെ കുറിച്ച് ഇതിലും മോശമായ കഥകള്‍ പറയാനുണ്ടാകും, അവരത് തുറന്നുപറയട്ടെ" എന്ന് പറഞ്ഞാണ് വോഗില്‍ താന്‍ എഴുതിയ കുറിപ്പ് പ്രിയ പുനപ്രസിദ്ധീകരിച്ചത്.
വോഗില്‍ പ്രസിദ്ധീകരിച്ച കുറിപ്പ്..
"എനിക്ക് 23ഉം നിങ്ങള്‍ക്ക് 43ഉം വയസ്സ് പ്രായം. നിങ്ങള്‍ എഴുതിയതെല്ലാം വായിച്ചപ്പോള്‍ പ്രൊഫഷനില്‍ നിങ്ങളെന്‍റെ ഹീറോയായി. ഇന്ത്യന്‍ മാധ്യമരംഗത്തെ മാറ്റിമറിച്ചത് നിങ്ങളാണെന്ന് എല്ലാവരും പറഞ്ഞു. നിങ്ങളുടെ ടീമിന്‍റെ ഭാഗമാകാന്‍ ഞാന്‍ ആഗ്രഹിച്ചു. നിങ്ങള്‍ പതിവായി താമസിക്കാറുള്ള മുംബൈയിലെ ഹോട്ടലില്‍ ഇന്റര്‍വ്യൂവിനായി എത്താന്‍ പറഞ്ഞു. അപ്പോള്‍ സമയം രാത്രി ഏഴ് മണി. ആ സമയം എനിക്ക് പ്രശ്‌നമായിരുന്നില്ല. നിങ്ങള്‍ തിരക്കുള്ള എഡിറ്ററാണെന്ന് എനിക്ക് അറിയാമായിരുന്നു.
വീടിനുള്ളിലേക്ക് വരാന്‍ നിങ്ങള്‍ പറഞ്ഞു. പുറത്ത് കാത്തിരിക്കാം ഞരമ്പ് രോഗി എന്ന് പറയാനുള്ള ധൈര്യം അന്നുണ്ടായില്ല. മുറിയില്‍ വെച്ച് നിങ്ങള്‍ എനിക്ക് മദ്യം നിറച്ച് ഗ്ലാസ് നീട്ടി. ഞാനത് നിരസിച്ചു. നിങ്ങള്‍ വോഡ്ക കഴിച്ചു. ഹിന്ദി പാട്ടുകള്‍ പാടാന്‍ തുടങ്ങി. നിങ്ങളുടെ അടുത്തുവന്നിരിക്കാന്‍ ആവശ്യപ്പെട്ടു. പുഞ്ചിരിച്ചുകൊണ്ട് ഞാന്‍ വിസമ്മതിച്ചു. ഒരുവിധത്തിലാണ് ആ രാത്രി ഞാന്‍ രക്ഷപ്പെട്ടത്. നിങ്ങളുടെ കൂടെ കുറച്ചുമാസങ്ങള്‍ ഞാന്‍ ജോലി ചെയ്തു. പക്ഷേ നിങ്ങള്‍ക്കൊപ്പം ഒരിക്കലും ഒറ്റയ്ക്ക് ഒരു മുറിയില്‍ ഇരിക്കാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിച്ചു.
ലോകം മാറിയിട്ടും നിങ്ങള്‍ക്ക് ഒരു മാറ്റവുമുണ്ടായില്ല. പുതിയതായി ജോലിക്കത്തുന്ന കുട്ടികള്‍ക്ക് നിങ്ങള്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ചുകൊണ്ടേയിരുന്നു. നിങ്ങള്‍ക്കെതിരെ സംസാരിച്ചാല്‍ വലിയ വില കൊടുക്കേണ്ടിവരുമെന്നതിനാല്‍ പുതിയതായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് അതിന് കഴിയാറില്ല. അതേസമയം സ്യൂട്ടിനുള്ളിലെ രാക്ഷസനെന്ന് വിരല്‍ ചൂണ്ടാന്‍ ധൈര്യമുള്ള സ്ത്രീകളുണ്ട്", എന്ന് പറഞ്ഞാണ് പ്രിയ കുറിപ്പ് അവസാനിപ്പിച്ചത്.
Adjust Story Font
16