അലഹബാദ് ഇനി പ്രയാഗ്‍രാജ്; പേര് മാറ്റം ഉടനെന്ന് യോഗി
കുംഭമേളയ്ക്ക് മുന്‍പ് പേര് മാറ്റുമെന്നാണ് യോഗി ആദിത്യനാഥ് വ്യക്തമാക്കിയത്.
അലഹബാദിനെ പ്രയാഗ്‍രാജെന്ന് പുനര്‍നാമകരണം ചെയ്യുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജനുവരിയിലെ കുംഭമേളയ്ക്ക് മുന്‍പ് പേര് മാറ്റുമെന്നാണ് യോഗി വ്യക്തമാക്കിയത്. മാര്‍ഗദര്‍ശക് മണ്ഡല്‍ യോഗത്തില്‍ അഘാര പരിഷത്താണ് പ്രയാഗ് രാജെന്ന പേര് മുന്നോട്ടുവെച്ചതെന്ന് യോഗി പറഞ്ഞു. ഗവര്‍ണര്‍ പേര് അംഗീകരിച്ചതിനാല്‍ ഉടന്‍ തന്നെ പുനര്‍നാമകരണം ഉണ്ടാവുമെന്ന് യോഗി വ്യക്തമാക്കി.
അലഹബാദ് നേരത്തെ പ്രയാഗ് എന്നാണ് അറിയപ്പെട്ടിരുന്നത്. 16ആം നൂറ്റാണ്ടില്‍ അക്ബര്‍ പ്രയാഗില്‍ ഗംഗ, യമുന സംഗമത്തിനരികെ കോട്ട നിര്‍മിച്ചു. ഇലഹബൈദ് എന്നാണ് അക്ബര്‍ ഈ കോട്ടയ്ക്ക് നല്‍കിയ പേര്. പിന്നീട് ഷാജഹാന്‍ നഗരത്തിന്റെ പേര് അലഹബാദ് എന്നാക്കി മാറ്റി. അതേസമയം കുംഭമേള നടക്കാറുള്ള പ്രദേശം പ്രയാഗ് എന്ന് തന്നെയാണ് അറിയപ്പെട്ടത്.
യോഗി സര്‍ക്കാര്‍ നേരത്തെയും പുനര്‍നാമകരണം നടത്തിയിട്ടുണ്ട്. മുഗല്‍സരെയ് ജങ്ഷനെ പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ് ജങ്ഷനെന്ന് പുനര്‍നാമകരണം ചെയ്തിരുന്നു. ആര്‍.എസ്.എസ് സൈദ്ധാന്തികനായിരുന്നു പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ്.
Adjust Story Font
16