Quantcast

#MeToo എം.ജെ അക്ബര്‍ രാജിവെച്ചു

വിദേശ വനിതയടക്കം നിരവധി സ്ത്രീകള്‍ മീ ടൂ കാമ്പയിനിലൂടെ എം.ജെ.അക്ബറിനെതിരെ ലൈംഗിക ആരോപണവുമായി രംഗത്തെത്തിയിരുന്നു.

MediaOne Logo

Web Desk

  • Published:

    17 Oct 2018 1:11 PM GMT

#MeToo എം.ജെ അക്ബര്‍ രാജിവെച്ചു
X

കേന്ദ്രവിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍ സ്ഥാനം രാജിവെച്ചു. മീടൂ വെളിപ്പെടുത്തലില്‍ നിരവധി വനിതാ മാധ്യമപ്രവര്‍ത്തകര്‍ ലൈഗിംകാതിക്രമ ആരോപണം ഉന്നയിച്ച സാഹചര്യത്തിലാണ് രാജി. തനിക്കെതിരായ വ്യാജ ആരോപങ്ങള്‍ കോടതിയില്‍ നേരിടുമെന്ന് അക്ബര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. അക്ബര്‍ നല്‍കിയ മാനനഷ്ടകേസ് നാളെ കോടതി പരിഗണിക്കാനിരിക്കെയാണ് രാജി പ്രഖ്യാപനം. അക്ബറിന്റെ രാജിയോടെ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞതായി ആദ്യ വെളിപ്പെടുത്തല്‍ നടത്തിയ മാധ്യമപ്രവര്‍ത്തക പ്രതികരിച്ചു.

മീ ടൂ വെളിപ്പെടുത്തലില്‍ തനിക്ക് എതിരായി ഉയര്‍ന്ന ആരോപണം വ്യാജമാണെന്ന് നിലപാടെടുത്ത എം.ജെ അക്ബര്‍ മാനനഷ്ടകേസുമായി മുന്നോട്ട് പോകവെയാണ് അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചത്. മീ ടൂ വെളിപ്പെടുത്തലില്‍ അക്ബര്‍ മാധ്യമപ്രവര്‍ത്തകനായിരുന്ന കാലത്ത് ലൈഗിംകാതിക്രമം നടത്തിയെന്ന് നിരവധി വനിതാ മാധ്യമപ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് വ്യാപകമായ വിമര്‍ശനമാണ് രാഷ്ട്രീയ സാമൂഹ്യരംഗത്ത് നിന്ന് സഹമന്ത്രിക്കെതിരെ ഉയര്‍ന്നത്.

ആരോപണസമയത്ത് നൈജീരിയയില്‍ ആയിരുന്ന അക്ബര്‍ തിരികെ ഇന്ത്യയില്‍ എത്തിയപ്പോള്‍ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കുകയായിരുന്നു. ഇരുപതോളം മാധ്യമപ്രവര്‍ത്തകര്‍ സമാന ആരോപണം ഉന്നയിച്ചെങ്കിലും ആദ്യം വെളിപ്പെടുത്തിയ മാധ്യമപ്രവര്‍ത്തകക്കെതിരെ മാത്രമാണ് അക്ബര്‍ മാനനഷ്ടകേസ് നല്‍കിയിരുന്നത്. എന്നാല്‍ അതിക്രമം നേരിടേണ്ടി വന്ന മാധ്യമപ്രവര്‍ത്തകരെല്ലാം കോടതിയെ സമീപിച്ച് തങ്ങളുടെ മൊഴി രേഖപ്പെടുത്തണമെന്ന് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. കേസ് നാളെ പാട്യാല ഹൗസ് കോടതി പരിഗണിക്കാനിരിക്കെയാണ് സഹമന്ത്രിസ്ഥാനം അക്ബര്‍ രാജി വെച്ചത്. അക്ബറിന്റേ ത് ശരിയായ തീരുമാനമാണെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവാലേ പറഞ്ഞു.

വിമര്‍ശനം ഉയര്‍ന്നിട്ടും അക്ബര്‍ രാജിവെക്കാത്ത സാഹചര്യത്തില്‍ പ്രധാനമന്ത്രി രാജി ആവശ്യപ്പെടണമെന്നാണ് കോണ്‍ഗ്രസ് അടക്കമുളള പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നത്. സഹമന്ത്രി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്ന് വനിതാ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മ രാഷ്ട്രപതിക്ക് കത്തയച്ച് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

TAGS :

Next Story