സ്ത്രീധനമായി സ്വര്‍ണ്ണവും ബൈക്കും ആവശ്യപ്പെട്ടു; വരന്റെ തല മൊട്ടയടിച്ച് വധുവിന്റെ വീട്ടുകാര്‍
വിവാഹത്തിന് സ്ത്രീധനമായി സ്വര്‍ണ്ണവും ബൈക്കും ആവശ്യപ്പെട്ട വരനെയും സംഘത്തെയും വധുവിന്റെ വീട്ടുകാര്‍ തടഞ്ഞ് വെക്കുകയും തല മൊട്ടയടിക്കുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ ലഖ്‌നോവിലാണ് സംഭവം.
ഞായറാഴ്ച രാത്രിയാണ് ബാരാബങ്കിയിലെ അബ്ദുല്‍ കലാമിന്റെയും വധുവിന്റെയും വിവാഹം നിശ്ചയിച്ചിരുന്നത്. ശഹീദ് സിയാവുല്‍ ഹഖ് പാര്‍ക്കില്‍ വെച്ചായിരുന്നു ചടങ്ങ്. 150 ആളുകള്‍ക്കൊപ്പം വിവാഹപന്തലിലെത്തിയ വരന്‍ സ്ത്രീധനമായി സ്വര്‍ണ്ണം ആവശ്യപ്പെട്ടു. 'നേരത്തെ പറഞ്ഞുറപ്പിച്ച പള്‍സര്‍ ബൈക്കിന് പകരം അപ്പാച്ചി ടി.വി.എസ് വേണമെന്നും അവന്‍ ആവശ്യപ്പെട്ടു,' പോലീസ് പറയുന്നു.
ഇതേതുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവും വരനും തമ്മില്‍ ശക്തമായ വാദപ്രതിവാദം നടന്നു. തന്റെ ആവശ്യത്തിന് പെണ്‍കുട്ടിയുടെ പിതാവ് വഴങ്ങുന്നില്ലെന്ന് മനസ്സിലായതോടെ വിവാഹം ഒഴിവാക്കി തിരിച്ചുപോകാന്‍ കലാം തീരുമാനിച്ചു. ഈ സമയം വധുവിന്റെ കുടുംബത്തോടൊപ്പം അവിടെ ഒരുമിച്ച് കൂടിയ ആളുകള്‍ കലാമിനെയും കൂടെ വന്നവരെയും ഒരു മുറിക്കകത്ത് തടഞ്ഞുവെച്ച ശേഷം അവരുടെ മുടി മൊട്ടയടിച്ചു. വധുവിന്റെ ആളുകള്‍ തന്നെ പോലീസില്‍ വിവരമറിയിക്കുകയും ചെയ്തു.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് വരനെയും കൂടെയുള്ളവരെയും മോചിപ്പിച്ചു. ചര്‍ച്ചയിലൂടെ അനുരജ്ഞനത്തിലെത്താന്‍ പോലീസ് ശ്രമിച്ചെങ്കിലും ഇരുകൂട്ടരും വഴങ്ങിയില്ല. സ്ത്രീധന നിരോധന നിയമപ്രകാരം വരനും മാതാപിതാക്കള്‍ക്കുമെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Adjust Story Font
16