Quantcast

അലോക് വർമയെ പുറത്താക്കിയത് മാനദണ്ഡം ലംഘിച്ച്

ഡയറക്ടറെ സ്ഥാനത്ത് നിന്ന് മാറ്റണമെങ്കില്‍ പ്രധാനമന്ത്രി, ലോക്സഭയിലെ പ്രതിപക്ഷനേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന മൂന്നംഗ സെലക്ഷന്‍ കമ്മിറ്റിയുടെ അംഗീകാരം വേണം

MediaOne Logo

Web Desk

  • Published:

    25 Oct 2018 1:13 AM GMT

അലോക് വർമയെ പുറത്താക്കിയത് മാനദണ്ഡം ലംഘിച്ച്
X

സി.ബി.ഐ ഡയറക്ടറെ മാറ്റിയ കേന്ദ്ര സർക്കാർ നടപടി നിയമ വിരുദ്ധമാണെന്ന ആരോപണം ശക്തമാകുന്നു. ഡയറക്ടറെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുന്നതിന് 1998 ൽ സുപ്രീം കോടതി പുറത്തിറക്കിയ മാനദണ്ഡം ലംഘിച്ചാണ് സർക്കാർ അലോക് വർമയെ പുറത്താക്കിയത്.

പ്രധാനമന്ത്രി, ലോക്സഭയിലെ പ്രതിപക്ഷനേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന മൂന്നംഗ സെലക്ഷന്‍ കമ്മിറ്റിയാണ് ഡയറക്ടരെ നിയമിക്കുന്നത്. നിയമനത്തിന് മാത്രമല്ല ഡയറക്ടറെ സ്ഥാനത്ത് നിന്ന് മാറ്റണമെങ്കിലും ഈ സമിതിയുടെ അംഗീകാരം വേണമെന്നാണ് സുപ്രീം കോടതി വിധി. എന്നാൽ ഈ ഉത്തരവ് അവഗണിച്ചാണ് സർക്കാർ അലോക് വർമയെ മാറ്റിയത്.

കേന്ദ്ര വിജിലന്‍സ് കമ്മീഷണറുടെ നിര്‍ദേശ പ്രകാരം സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് അലോക് വര്‍മയെ മാറ്റുകയായിരുന്നുവെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം. അഴിമതി തടയല്‍ നിയമപ്രകാരം പ്രതി ചേര്‍ത്താല്‍ മാത്രമേ വിജിലന്‍സ് കമ്മീഷണര്‍ക്ക് സി.ബി.ഐ ഡയറക്ടര്‍ക്കെതിരെ നടപടി ശിപാര്‍ശ ചെയ്യാനാവൂ. അലോക് വര്‍മയുടെ കാര്യത്തിൽ ഇതുണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ ഈ നടപടി സുപ്രീം കോടതി വിധിയുടെ നഗ്നമായ ലംഘനമാണെന്നാണ് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

റഫേൽ അഴിമതി അടക്കമുള്ള ചില സുപ്രധാന കേസുകളിലേക്ക് സിബിഐ കടക്കുമെന്ന ഭയമാണ് നടപടിക്രമങ്ങൾ ഒന്നും പാലിക്കാതെ തിരക്കിട്ട് ഡയറക്ടറെ മാറ്റിയതിന് പിന്നിലെന്ന ആരോപണവും ഉയരുന്നുണ്ട്. തന്നെ സ്ഥാനത്ത് നിന്ന് മാറ്റിയത് ചോദ്യം ചെയ്ത് അലോക് വര്‍മ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹരജിയിൽ കോടതിയുടെ ഇടപെടൽ കേന്ദ്രത്തിനും സിബിഐക്കും നിർണായകമാണ്.

TAGS :

Next Story