18 എം.എൽ.എമാര്‍ അയോഗ്യര്‍ തന്നെ;സ്പീക്കറുടെ നടപടി ഹൈക്കോടതി ശരിവച്ചു
മുഖ്യമന്ത്രി എടപ്പാടി പളനി സാമിയെ മാറ്റണമെന്നാവശ്യപ്പെട്ട് ദിനകരൻ പക്ഷത്തുള്ളവർ കത്ത് നൽകിയതോടെയാണ് രാഷ്ട്രീയ നാടകങ്ങളുടെ തുടക്കം.
തമിഴ്നാട്ടില്‍ ദിനകരന്‍ പക്ഷത്തെ 18 എം.എല്‍.എമാരെ അയോഗ്യരാക്കിയ നടപടി മദ്രാസ് ഹൈക്കോടതി ശരിവെച്ചു. ജസ്റ്റിസ് എം. സത്യനാരായണനാണ് വിധി പുറപ്പെടുവിച്ചത്. എന്നാല്‍, വിധി തിരിച്ചടിയല്ലെന്നും കൂടിയാലോചനകള്‍ക്കു ശേഷം തുടര്‍നടപടി സ്വീകരിയ്ക്കുമെന്നും ടി.ടി.വി ദിനകരന്‍ പ്രതികരിച്ചു.
വിവിധ ബഞ്ചുകളില്‍ വിശദമായ വാദം കേട്ടതിനു ശേഷമാണ് എം.എല്‍.എമാരുടെ മുഴുവന്‍ ഹരജികളും തള്ളിക്കൊണ്ട് വിധിയുണ്ടായത്. ന്യൂനപക്ഷമായി നിലനിന്നിരുന്ന എടപ്പാടി പളനിസാമി സര്‍ക്കാറിന് താല്‍കാലിക ആശ്വാസമാണ് വിധി. 18 പേരെ അയോഗ്യരാക്കിയതോടെ, 110 പേരുടെ പിന്തുണയുമായി സര്‍ക്കാറിന് ഭരണം തുടരാം. എന്നാല്‍, വിധി തിരിച്ചടി അല്ലെന്നും തുടര്‍നടപടികള്‍ ഉടനുണ്ടാകുമെന്നും ടി.ടി.വി ദിനകരന്‍ പറഞ്ഞു. സുപ്രിം കോടതിയിലേയ്ക്ക് കേസ് എത്തിച്ചാല്‍, വീണ്ടും കൂടുതല്‍ സമയം ഇതിനായി വേണ്ടിവരും. നിലവിലെ സാഹചര്യത്തില്‍ അത്രകൂടി കാത്തിരിക്കാന്‍ ടി.ടി.വി പക്ഷം തയ്യാറാവില്ല. പിന്നെയുള്ളത്, ഉപതെരഞ്ഞെടുപ്പാണ്. അണ്ണാ ഡി.എം.കെയെ സംബന്ധിച്ച് ഉപതെരഞ്ഞെടുപ്പ് വലിയ പ്രതിസന്ധിയാകും. ഈ സാധ്യത മുതലെടുക്കാനാണ് പ്രതിപക്ഷം ശ്രമിയ്ക്കുന്നത്. കേസ് തളളിയ സാഹചര്യത്തില്‍ എത്രയും വേഗം ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിയ്ക്കണമെന്നാണ് ഡി.എം.കെയുടെ ആവശ്യം. അങ്ങിനെവന്നാല്‍ പരമാവധി സീറ്റുകളില്‍ വിജയിച്ച്, ഭരണത്തിലെത്താന്‍ ഡി.എം.കെയ്ക്ക് സാധിയ്ക്കും.
Adjust Story Font
16