Quantcast

ഇന്ത്യയിലെ ആദ്യ ബിറ്റ്കോയിന്‍ എ.ടി.എം പൊലീസ് പിടിച്ചെടുത്തു; രണ്ട് പേര്‍ അറസ്റ്റില്‍  

ആര്‍.ബി.ഐ ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് ബംഗളൂരുവിലെ പഴയ എയര്‍പോര്‍ട്ട് റോഡിലെ മാളില്‍ കഴിഞ്ഞ ആഴ്ച എ.ടി.എം സ്ഥാപിച്ചത്.

MediaOne Logo

Web Desk

  • Published:

    25 Oct 2018 3:25 AM GMT

ഇന്ത്യയിലെ ആദ്യ ബിറ്റ്കോയിന്‍ എ.ടി.എം പൊലീസ് പിടിച്ചെടുത്തു; രണ്ട് പേര്‍ അറസ്റ്റില്‍  
X

ബിറ്റ്കോയിന്‍ വാങ്ങാനും വില്‍ക്കാനും കഴിയുന്ന എ.ടി.എം സ്ഥാപിച്ച രണ്ട് പേര്‍ അറസ്റ്റില്‍. ബംഗളൂരുവിലെ മാളില്‍ സ്ഥാപിച്ച എ.ടി.എം ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. സാത്വിക്.വി, ഹരീഷ് ബി.വി എന്നിവരാണ് അറസ്റ്റിലായത്.

യുനോകോയിന്‍ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഉടമകളാണ് ഹരീഷും സാത്വികും. ചൊവ്വാഴ്ച ഹരീഷ് അറസ്റ്റിലായതിന് പിന്നാലെയാണ് ഇന്നലെ സാത്വികിനെ പൊലീസ് പിടികൂടിയത്. തുമകുരു സ്വദേശികളാണ് ഇരുവരും. രണ്ട് ലാപ്‍ടോപ്പുകള്‍, മൊബൈല്‍ ഫോണ്‍, ഒരു ലക്ഷത്തി എഴുപത്തിയൊന്‍പതിനായിരം രൂപ എന്നിവ ഇവരില്‍ നിന്നും ക്രൈംബ്രാഞ്ച് സംഘം പിടിച്ചെടുത്തു.

ആര്‍.ബി.ഐ ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് ബംഗളൂരുവിലെ പഴയ എയര്‍പോര്‍ട്ട് റോഡിലെ മാളില്‍ കഴിഞ്ഞ ആഴ്ച എ.ടി.എം സ്ഥാപിച്ചത്. ക്രിപ്റ്റോകറന്‍സിയായ ബിറ്റ് കോയിന്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ നാണയങ്ങളുടെ ഇടപാടാണ് ഈ എ.ടി.എം ലക്ഷ്യമിട്ടത്. ട്രേഡ് ലൈസന്‍സോ ആര്‍.ബി.ഐയുടെയോ പ്രാദേശിക ഭരണകൂടത്തിന്‍റെ അനുമതിയോ വാങ്ങിയിരുന്നില്ല. ക്രിപ്റ്റോ കറന്‍സി ഇടപാട് തടയാന്‍ ആര്‍.ബി.ഐ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിനിടെയാണ് ഇത്തരമൊരു എ.ടി.എം സ്ഥാപിച്ചത്.

ഡല്‍ഹിയിലും മുംബൈയിലും സമാന എ.ടി.എം സ്ഥാപിക്കാന്‍ ഇരുവരും പദ്ധതിയിട്ടതിന് പിന്നാലെയാണ് അറസ്റ്റ്. എന്നാല്‍ എ.ടി.എം പരീക്ഷണഘട്ടത്തിലായിരുന്നുവെന്നും പ്രവര്‍ത്തനം തുടങ്ങിയിട്ടില്ലെന്നുമാണ് കമ്പനിയുടെ വിശദീകരണം.

TAGS :

Next Story