Quantcast

ആര്‍ത്തവത്തെ ആഘോഷമാക്കുന്ന കാമാഖ്യ ക്ഷേത്രം

ഗുവഹാത്തിയുടെ പടിഞ്ഞാറൻ മേഖലയിൽ നീലാചൽ എന്ന കുന്നിൻ മുകളിലാണ് ഈ ക്ഷേത്രമന്ദിരം സ്ഥിതി ചെയ്യുന്നത്. 

MediaOne Logo

Web Desk

  • Published:

    26 Oct 2018 7:44 AM GMT

ആര്‍ത്തവത്തെ ആഘോഷമാക്കുന്ന കാമാഖ്യ ക്ഷേത്രം
X

ആര്‍ത്തവത്തിന്റെ പേരില്‍ സ്തീകള്‍ക്ക് ക്ഷേത്രപ്രവേശനം നിഷേധിക്കപ്പെടുമ്പോള്‍ അതിനെ ആഘോഷമാക്കി മാറ്റുകയാണ് ഈ ക്ഷേത്രം. ആർത്തവത്തിനെ അശുദ്ധിയായി കണക്കാക്കുന്ന നമ്മുടെ രാജ്യത്ത് ദേവിയുടെ ആർത്തവ ദിനങ്ങൾ കൊണ്ടാടുന്ന ക്ഷേത്രമാണ് ഗുവാഹത്തിയിലെ കാമാഖ്യ ക്ഷേത്രം.

ഗുവഹാത്തിയുടെ പടിഞ്ഞാറൻ മേഖലയിൽ നീലാചൽ എന്ന കുന്നിൻ മുകളിലാണ് ഈ ക്ഷേത്രമന്ദിരം സ്ഥിതി ചെയ്യുന്നത്. പ്രാചീനമായ 51 ശക്തി പീഠങ്ങളിലൊന്നായാണ് ഇത് കണക്കാക്കപ്പെടുന്നത്. ഈ ക്ഷേത്ര സമുച്ഛയത്തിൽ പ്രധാന ഭഗവതിയെ കൂടാതെ പത്ത് ദേവീ സ്ഥാനങ്ങള്‍ കൂടി സങ്കൽപ്പിക്കപ്പെടുന്നു. അവ ദശമഹാവിദ്യമാരായ മഹാകാളി, താരാദേവി, ഭുവനേശ്വരി, ബഗളാമുഖി, ഷോഡശി, ചിന്നമസ്ത, തൃപുര സുന്ദരി, ധൂമാവതി, മാതംഗി, കമല (മഹാലക്ഷ്മി) എന്നിവയുടേതാണ്. ആദിശക്തി (ദുർഗ്ഗ) മാതാവിന്റെ പത്തു പ്രധാന താന്ത്രിക രൂപങ്ങൾ ആണിവ. തൃപുര സുന്ദരി, മാതംഗി, കമല എന്നിവ പ്രധാന ക്ഷെത്രത്തിലും മറ്റുള്ളവ വേറേ ക്ഷേത്രങ്ങളിലും ആരാധിക്കപ്പെടുന്നു.

കാമാഖ്യ ക്ഷേത്രത്തെക്കുറിച്ചുള്ള ഐതിഹ്യമിങ്ങനെ

ക്ഷേത്രമന്ദിരത്തിൽ ഒരു ചെറിയ ഗുഹക്കുള്ളിലായി കൽഫലകത്തിൽ കൊത്തിവച്ചിരിക്കുന്ന സതീദേവിയുടെ യോനിയാണ് ഇവിടുത്തെ പ്രതിഷ്ഠ. ദക്ഷയാഗസമയത്ത് ജീവത്യാഗം ചെയ്ത സതീദേവിയുടെ ശരീരം മഹാവിഷ്ണുവിന്റെ സുദർശന ചക്രപ്രയോഗത്താൽ 108 കഷണങ്ങൾ ആയി ചിതറിയപ്പോൾ യോനീഭാഗം വീണ ഭാഗമാണിതെന്ന് വിശ്വാസം. ആദിശക്തിയുടെ പ്രതാപരുദ്രയായ ഭഗവതീ സങ്കല്പമാണ് "കാമാഖ്യാദേവി". ഒമ്പത് യോനീരൂപങ്ങളുടെ മദ്ധ്യത്തിലായി ഒരു യോനീരൂപത്തിലാണ് ശ്രീചക്രം നിരൂപിക്കുന്നത്. താന്ത്രികാരാധനയുടെ ഒരു കേന്ദ്രമായും കാമാഖ്യ ക്ഷേത്രം പരിഗണിക്കപ്പെടുന്നു.

ദേവിയെ പ്രീതിപ്പെടുത്താനായി ആൺമൃഗങ്ങളെയാണ് ഇവിടെ ബലി നൽകുന്നത്. പെൺമൃഗങ്ങളെ ബലികഴിക്കുന്നത് ഇവിടെ നിഷിദ്ധമാണ്. ആണാടിനെ നിത്യവും ഇവിടെ ബലിയർപ്പിക്കുന്നു. പൂജക്കുള്ള ദ്രവ്യങ്ങളായി ചുവന്ന പൂക്കൾ, ചുവന്ന തുണിക്കഷണങ്ങൾ, ചുവന്ന ചാന്ത് എന്നിവയാണ് അർപ്പിക്കുന്നത്.

പ്രധാന ഉത്സവം

അമ്പുബാച്ചി മേളയാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം. ഈ വേളയിൽ അസമിൽ വിശ്വാസികൾ വ്രതം അനുഷ്ഠിക്കുന്നു. ഈ ദിനങ്ങളിൽ കാമാഖ്യ രജസ്വലയാകുമെന്ന വിശ്വാസത്താൽ ക്ഷേത്രത്തിന്റെ വാതിലുകൾ അടയ്ക്കും. പൂജകളൊന്നും നടത്തില്ല. ഈ സമയത്ത് ക്ഷേത്രത്തിന്റെ പരിസരത്ത് വൻ ആഘോഷം സംഘടിപ്പിക്കുകയും നാടിന്റെ നാനാദിക്കുകളിൽ നിന്നും വിശ്വാസികൾ നീലാചലിൽ എത്തിച്ചേരുകയും ചെയ്യുന്നു. നാലാം ദിവസമാണ് ക്ഷേത്രത്തിന്റെ വാതിലുകൾ തുറക്കുന്നത്. അന്നേ ദിവസം പതിവു പൂജകൾ ആരംഭിക്കുന്നു. പിന്നീട് കാർമ്മികൻ നൽകുന്നു ചുവന്ന തുണിയുടെ കഷണങ്ങളുമായാണ് ഭക്തർ മടങ്ങുന്നത്. കാമാഖ്യയുടെ ആർത്തവരക്തം പുരണ്ടതെന്നു കരുതുന്ന ആ തുണിക്കഷണം അഭിവൃദ്ധിയുടെ വാഗ്ദാനമായി തീർഥാടകർ വിശ്വസിക്കുന്നു.

ദേവിയുടെ ആര്‍ത്തവം ആഘോഷിക്കപ്പെടുമ്പോഴും ആര്‍ത്തവ ദിവസങ്ങളില്‍ സ്ത്രീകള്‍ക്ക് ഇവിടെ പ്രവേശനമില്ല എന്ന വസ്തുതയുമുണ്ട്.

TAGS :

Next Story