Quantcast

ഞങ്ങളുടെ വീടുകൾ ഈ പ്രദേശത്തായതാണോ ഞങ്ങൾ ചെയ്ത കുറ്റം? എൻ.എസ്.എ കേസ് ചുമത്തപ്പെട്ട് ജയിലിലടയ്ക്കപ്പെട്ട മുസഫര്‍ നഗറുകാര്‍ ചോദിക്കുന്നു

മാസങ്ങളോളം വിചാരണയില്ലാതെ തടവിൽ പാർപ്പിക്കാൻ അധികാരം നൽകുന്ന എൻ.എസ്.എ നിയമം ചുമത്തപ്പെട്ട ഒട്ടേറെ പേരാണ് മുസഫർനഗറിലും യു.പിയിലുമുള്ളത്. ദലിതുകളും മുസ്‍ലിംകളുമാണ് ഈ പട്ടികയിൽ ഏറെയും.

MediaOne Logo

Web Desk

  • Published:

    31 Oct 2018 5:01 AM

ഞങ്ങളുടെ വീടുകൾ ഈ പ്രദേശത്തായതാണോ ഞങ്ങൾ ചെയ്ത കുറ്റം?  എൻ.എസ്.എ കേസ് ചുമത്തപ്പെട്ട് ജയിലിലടയ്ക്കപ്പെട്ട മുസഫര്‍ നഗറുകാര്‍ ചോദിക്കുന്നു
X

ഉത്തര്‍പ്രദേശിലെ മുസഫർനഗറിലെ കാലാപാർ മൊഹല്ലയിലെ ശിവ്ചൗക്കിൽ ചെരിപ്പുകട നടത്തുന്ന, പൗരപ്രമുഖനായ ഹാജി ഷേറിനെ നാട്ടുകാർക്കെല്ലാം വലിയ ബഹുമാനമാണ്. മേഖലയിൽ കാലികളെ അനധികൃതമായി കശാപ്പുചെയ്യുന്നുവെന്ന പരാതിയെ തുടർന്ന് ആരംഭിച്ച പൊലീസ് നടപടിക്കെതിരെ പ്രദേശത്തുകാർ പ്രതിഷേധിച്ചപ്പോൾ അവരെ അനുനയിപ്പിക്കാൻ പൊലീസ് ഹാജി ഷേറിനെ നിയോഗിച്ചത് അതുകൊണ്ടായിരുന്നു. എന്നാൽ, പൊലീസിനുവേണ്ടി നിരത്തിലിറങ്ങിയ തന്റെ ജീവിതം പൊലീസുകാർതന്നെ തകർത്ത കഥയാണ് അദ്ദേഹത്തിന് പറയാനുള്ളത്.

‘‘പൊലീസ് നടപടിയിൽ പ്രതിഷേധിച്ചവരെ സമാധാനിപ്പിക്കാൻ അവർക്കിടയിലേക്ക് ഇറങ്ങിയ എനിക്കെതിരെയും നിരപരാധിയായ മകനെതിരെയും ദേശീയ സുരക്ഷ നിയമം (എൻ.എസ്.എ) അനുസരിച്ച് കേസെടുത്ത് ജയിലിലടയ്ക്കുകയാണ് ഉണ്ടായത്. എന്റെ വാക്കുകൾ കേൾക്കാൻ ആളുകൾ തയ്യാറാവുന്നു എന്നതിൽ പ്രദേശത്തെ ചില ബി.ജെ.പി നേതാക്കൾക്ക് അനിഷ്ടമുണ്ടായിരുന്നു. ആ ഇഷ്ടക്കേടിന്റെ ഫലമാണ് എൻ.എസ്.എ കേസും ആറു മാസത്തോളമുള്ള ജയിൽവാസവും’’ - ജയിൽമോചിതനായ ഈ 56കാരൻ പറയുന്നു.

കോടതിയെ സമീപിച്ച് തനിക്കും മകനുമെതിരായ എൻ.എസ്.എ താൽക്കാലികമായി റദ്ദാക്കിയെങ്കിലും മേഖലയിൽ കടും നിയമം ചുമത്തപ്പെട്ടവരായി ഒമ്പതുപേർ ഇപ്പോഴും ഉണ്ടെന്ന് ഹാജി സങ്കടത്തോടെ പറയുന്നു.

മാസങ്ങളോളം വിചാരണയില്ലാതെ തടവിൽ പാർപ്പിക്കാൻ അധികാരം നൽകുന്ന എൻ.എസ്.എ നിയമം ചുമത്തപ്പെട്ട ഒട്ടേറെ പേരാണ് മുസഫർനഗറിലും യു.പിയിലുമുള്ളത്. ദലിതുകളും മുസ്‍ലിംകളുമാണ് ഈ പട്ടികയിൽ ഏറെയും.

ക്രിക്കറ്റ് കളിക്കിടെ കുട്ടികൾ തമ്മിലുണ്ടായ കശപിശയുടെ തുടർച്ചയായി എൻ.എസ്.എ ചുമത്തപ്പെട്ട സംഭവം വരെ മുസഫർനഗറിൽ ഉണ്ടായിട്ടുണ്ടെന്ന് പ്രദേശത്തെ സാമൂഹിക പ്രവർത്തകനായ ദിൽഷാദ് പെഹൽവാൻ പറയുന്നു. കളിയിലെ തർക്കം മൂത്ത് ചെറിയ ഉന്തും തള്ളുമുണ്ടായതോടെ കളി നിർത്തി കുട്ടികൾ വീടുകളിലേക്ക് മടങ്ങി. എന്നാൽ, മറു ടീമിലുണ്ടായിരുന്ന കുട്ടികളുടെ ബന്ധുക്കൾ എതിർ ടീമിലെ കുട്ടികളുടെ വീടുകളിലെത്തി ബഹളം വെക്കുകയും അത് വീണ്ടും ഉന്തുംതള്ളുമായി മാറുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ സംഭവത്തിൽ അറസ്റ്റിലായ 50 ഓളം പേർ ഒരു മാസത്തിലേറെയായി ജയിലിലാണ്. ഇതിൽ മൂന്നുപേർക്കെതിരെ ദേശീയ സുരക്ഷ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

‘‘ഒരേ പ്രദേശത്തുനിന്ന് ഇത്രയധികം പേർക്കെതിരെ എൻ.എസ്.എ ചുമത്തപ്പെട്ട കേസുകൾ അധികം ഉണ്ടാവില്ല. നിയമവിരുദ്ധമായി പൊലീസ് ജനങ്ങളെ അടിച്ചമർത്തുകയാണ്’’ -പെഹൽവാൻ ചൂണ്ടിക്കാട്ടുന്നു.

ഹാജി ഷേറിനെ കേസിൽപ്പെടുത്തിയ സംഭവം പ്രദേശത്തെ ന്യൂനപക്ഷങ്ങളിൽ കേസ് ഭീതി വിതച്ചിരിക്കുകയാണ്. നിരവധി കടകൾ ഒരു വർഷമായി അടഞ്ഞുകിടക്കുന്നു. പൊലീസ് പീഡിപ്പിക്കുമെന്ന് ഭയന്ന് ഒട്ടേറെ കുടുംബങ്ങൾ ഇവിടം വിട്ടുപോയി. എൻ.എസ്.എ ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന, 60കാരനായ മുഹമ്മദ് ഇസ്ലാം രോഗബാധിതനായപ്പോൾ പുറത്തുവിട്ടു.

തങ്ങളുടെ വീടുകൾ ഈ പ്രദേശത്തായതാണ് തങ്ങൾ ചെയ്ത കുറ്റമെന്ന് കേസ് ചുമത്തപ്പെട്ട മാൻ എന്ന തെരുവുകച്ചവടക്കാരൻ പരിതപിക്കുന്നു. താൻ ജയിലിൽ ആയതോടെ കുട്ടികൾ പഠനം നിർത്തി ജോലിക്കു പോവുകയാണെന്നും അദ്ദേഹം പറയുന്നു.

അതേസമയം, സംഘർഷത്തിൽ പൊലീസ് വാഹനം ആക്രമിച്ച ‘കാല’ എന്നയാൾ ഇപ്പോഴും അറസ്റ്റിലായിട്ടില്ല. ഇയാൾ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.

കടപ്പാട്: മാധ്യമം

TAGS :

Next Story