മോദി സര്‍ക്കാരിനെ മുള്‍മുനയിലാക്കി ഉര്‍ജിത് പട്ടേല്‍ രാജിക്ക്
ആര്‍.ബി.ഐ ഡയറക്ടര്‍ ബോര്‍ഡില്‍നിന്ന് നചികേത് മോറിനെ മാറ്റിയതും സംഘപരിവാര്‍ബന്ധമുള്ള എസ് ഗുരുമൂര്‍ത്തിയെ നിയമിച്ചതുമെല്ലാം തങ്ങളുടെ സ്വതന്ത്രാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ആര്‍.ബി.ഐ
കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുമായി മാസങ്ങളായി നിലനിന്ന ഉരസല്‍ ഒരു പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ആര്‍.ബി.ഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ രാജിയിലേക്കുവരെ പ്രശ്നങ്ങള്‍ വളര്‍ന്നു വലുതാകുന്നു എന്നാണ് പുതിയ സൂചനകള്‍.
കേന്ദ്രസര്‍ക്കാരും ആര്‍.ബി.ഐയുമായി നിലനിന്ന പലവിധ അഭിപ്രായ വ്യത്യാസങ്ങളുടെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ സ്ഥിതി. 5 ശതമാനത്തിനു മുകളിലെത്തിയ പണപ്പെരുപ്പ നിരക്കിന്റെ പശ്ചാത്തലത്തില്‍ പലിശനിരക്ക് കുറക്കണമെന്ന കേന്ദ്ര നിര്‍ദേശം ആര്‍.ബി.ഐ തള്ളിയിരുന്നു. കിട്ടാക്കടം പിരിച്ചെടുക്കുന്നതിനുള്ള ആര്‍.ബി.ഐയുടെ ശക്തമായ നടപടികളും എണ്ണക്കമ്പനികള്‍ക്ക് അനുകൂലമായി ഡോളര്‍വില്‍പ്പന നടത്തുന്നതിന് അനുമതി നല്‍കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിലുള്ള അഭിപ്രായ വ്യത്യാസവും കൂടിയായതോടെ പ്രശ്നങ്ങള്‍ വഷളാവുകയായിരുന്നു.
ആര്‍.ബി.ഐ ഡയറക്ടര്‍ ബോര്‍ഡില്‍നിന്ന് നചികേത് മോറിനെ മാറ്റിയതും സംഘപരിവാര്‍ബന്ധമുള്ള എസ് ഗുരുമൂര്‍ത്തിയെ നിയമിച്ചതുമെല്ലാം തങ്ങളുടെ സ്വതന്ത്രാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ആര്‍.ബി.ഐ തിരിച്ചറിയുകയായിരുന്നു. പൊതുതെരഞ്ഞെടുപ്പ് അടുത്തെത്തിയ രാഷ്ട്രീയ പശ്ചാത്തലത്തില്‍ സാമ്പത്തികരംഗത്തെ ജനപ്രിയ നടപടികള്‍ക്കും കോര്‍പ്പറേറ്റുകളെ സന്തോഷിപ്പിക്കുന്നതിനുമുള്ള സര്‍ക്കാരിന്റെ പൊടിക്കൈ നിര്‍ദേശങ്ങള്‍ മുഴുവന്‍ ആര്‍.ബി.ഐ നിരാകരിക്കുന്നു എന്നതാണ് അഭിപ്രായ വ്യത്യാസങ്ങളുടെ കാതല്‍.
ബാങ്കുകളുടെ കിട്ടാക്കടം വര്‍ധിച്ചതിന്റെ ഉത്തരവാദിത്തം സംബന്ധിച്ചാണ് കേന്ദ്രസര്‍ക്കാരും ആര്‍.ബി.ഐയും തമ്മില്‍ ഏറ്റവുമവസാനം കൊമ്പുകോര്‍ത്തിരിക്കുന്നത്. റിസര്‍വ് ബാങ്കിനാണ് ഇതിന്റെ ഉത്തരവാദിത്തമെന്ന സൂചന നല്‍കിക്കൊണ്ട് കേന്ദ്ര ധനമന്ത്രി അരുണ്‍ജയ്‍റ്റ്‍ലി സെപ്തംബറില്‍ നടത്തിയ പത്രസമ്മേളനത്തെ തുടര്‍ന്നാണ് അഭിപ്രായ വ്യത്യാസങ്ങള്‍ പരസ്യവേദിയിലെത്തിയത്. 2008 മുതലുള്ള ആറു വര്‍ഷക്കാലം സാമ്പത്തികനില സജീവമാക്കി നിലനിര്‍ത്തുന്നതിന് ബാങ്കുകള്‍ വകതിരിവില്ലാതെ വായ്പ നല്‍കുകയായിരുന്നുവെന്നും അത് നിയന്ത്രിക്കാന്‍ ബാധ്യതപ്പെട്ട റിസര്‍വ്ബാങ്ക് ഇതിനെതിരെ കണ്ണടച്ചെന്നുമായിരുന്നു ജെയ്റ്റ്‍ലിയുടെ വിമര്‍ശനത്തിന്റെ ഉള്ളടക്കം.
ഇതിനുള്ള പ്രതികരണമെന്നോണം ആര്‍.ബി.ഐ ഡപ്യൂട്ടി ഗവര്‍ണര്‍ നടത്തിയ ഒരു പൊതുപ്രസ്താവനയില്‍ റിസര്‍വ് ബാങ്കിന്റെ സ്വതന്ത്രമായ പ്രവര്‍ത്തനാധികാരത്തില്‍ കൈകടത്താന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം നടത്തുന്നുവെന്ന് സൂചിപ്പിച്ചിരുന്നു. റിസര്‍വ് ബാങ്ക് പ്രവര്‍ത്തനത്തില്‍ നേരിട്ട് ഇടപെടാന്‍ സര്‍ക്കാരിന് അവകാശം നല്‍കുന്ന ആര്‍.ബി.ഐ ചട്ടത്തിലെ സെക്ഷന്‍ ഏഴ് ഉപയോഗപ്പെടുത്തിക്കൊണ്ട് മൂന്നുതവണ കേന്ദ്രം ഇടപെടുകയുണ്ടായി. റിസര്‍വ് ബാങ്കും പവര്‍കോസുമായി ബന്ധപ്പെട്ട കേസിലെ അലഹബാദ് കോടതി വിധിക്കുശേഷം ഈ വര്‍ഷം ആഗസ്തിലായിരുന്നു ആദ്യ ഇടപെടല്‍.
റിസര്‍വ്ബാങ്കിന്റെ കൈവശമുള്ള കരുതല്‍മൂലധനത്തിന് ലാഭവിഹിതം ഈടാക്കുന്നതു സംബന്ധിച്ചായിരുന്നു രണ്ടാമത്തെ ഇടപെടല്‍ ഉണ്ടായത്. ബാങ്കുകള്‍ക്ക് വകതിരിവില്ലാതെ വായ്പ നല്‍കുന്നതിന് കൂട്ടുനിന്നു എന്ന ജയ്റ്റ്‍ലിയുടെ പ്രസ്താവനയിലൂടെ ആര്‍.ബി.ഐക്കെതിരെ കേന്ദ്രസര്‍ക്കാര്‍ മൂന്നാമതും ഏഴാം ചട്ടം ഉപയോഗിക്കുകയുണ്ടായി. ഇതോടെയാണ് ഇന്നുകാണുന്ന രൂക്ഷതയിലേക്ക് അഭിപ്രായവ്യത്യാസങ്ങള്‍ വളര്‍ന്നു വലുതായത്. 1991 ലെയും 2008 ലെയും പ്രതിസന്ധി കാലഘട്ടത്തില്‍പോലും ഏഴാം ചട്ടമുപയോഗിച്ചുള്ള വിമര്‍ശനത്തിന് സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ആര്‍.ബി.ഐയുടെ സ്വയംഭരണാവകാശത്തെയും സ്വതന്ത്രാധികാരത്തെയും വെല്ലുവിളിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നു എന്നതിന്റെ സൂചനയായി അരുണ്‍ ജെയ്റ്റ്‍ലിയുടെ പ്രസ്താവനയെ ആര്‍.ബി.ഐ വൃത്തങ്ങള്‍ നോക്കിക്കാണുന്നുണ്ട്.
മോദി സര്‍ക്കാര്‍ കാലാവധി നീട്ടിനല്‍കാത്തതിനാല്‍ രാജിവെച്ചൊഴിയേണ്ടിവന്ന രഘുറാം രാജന്റെ പിന്‍ഗാമിയാണ് ഉര്‍ജിത് പട്ടേല്‍. ആര്‍.ബി.ഐയുമായുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഉരസലിന് യഥാര്‍ത്ഥത്തില്‍ തുടക്കം കുറിച്ചത് രഘുറാമിന്റെ കാലത്തായിരുന്നു. ചങ്ങാത്ത മുതലാളിത്തത്തെ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര നടപടികളെയും കൃത്രിമ ജി.ഡി.പി നിര്‍ണയിക്കുന്ന പുതിയ സമവാക്യനിര്‍മിതിയെയും രഘുറാം രാജന്‍ തുറന്നെതിര്‍ത്തിരുന്നു. സുബ്രഹ്മണ്യന്‍സ്വാമിയെ മുന്നില്‍നിര്‍ത്തിക്കൊണ്ടായിരുന്നു അന്ന് മോദി സര്‍ക്കാര്‍ അദ്ദേഹവുമായി ഏറ്റുമുട്ടിയിരുന്നത്. മോദിയുടെ പല അവകാശവാദങ്ങളുടെയും മുനയൊടിക്കുന്ന നിലപാടുകള്‍ പരസ്യമായി പ്രകടിപ്പിക്കാന്‍ രഘുറാം രാജന്‍ മടികാണിച്ചിരുന്നില്ല. പിന്നീടു വന്ന ഉര്‍ജിതും രഘുറാമിന്റെ പാതയില്‍മുന്നേറുന്നു എന്ന തോന്നലാണ് കേന്ദ്രസര്‍ക്കാരിന് ഇപ്പോഴുണ്ടായിരിക്കുന്നത്.
2019 ഒക്ടോബര്‍ വരെ ഉര്‍ജിത് പട്ടേലിന് കാലാവധി ഇനിയും ബാക്കിയിരിക്കെയാണ് രാജിക്കായുള്ള അപ്രതീക്ഷിത നീക്കം നടക്കുന്നത്.
Adjust Story Font
16