മധ്യപ്രദേശില്‍ ചെറു പാര്‍ട്ടികളെ കൂട്ടുപിടിച്ച് കോണ്‍ഗ്രസ്; പിടി കൊടുക്കാതെ ബി.എസ്.പി
ബി.എസ്.പി തനിച്ച് മത്സരിക്കാന്‍ തീരുമാനിച്ചതോടെ ജയ് ആദിവാസി യുവശക്തി(ജെ.എ.വൈ.എസ്) പാര്‍ട്ടിയെയാണ് കോണ്‍ഗ്രസ് പ്രധാനമായും ഉന്നമിടുന്നത്. ഗോത്രമേഖലയില്‍ ഏറെ സ്വാധീനമുള്ള പാര്‍ട്ടിയാണ് ജെ.എ.വൈ.എസ്.
ബി.എസ്.പി പിന്‍മാറിയതോടെ മധ്യപ്രദേശില്‍ പുതിയ സഖ്യ സാധ്യതകള്‍ തേടുകയാണ് കോണ്‍ഗ്രസ്. ചെറു കക്ഷികളെ ചേര്‍ത്ത് ഫലപ്രദമായ സഖ്യം തീര്‍ക്കാമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസിന്‍റെ സംസ്ഥാന നേതൃത്വം.
ബി.എസ്.പി യുമായി സഖ്യത്തിലായിരുന്നെങ്കില്‍ ലഭിക്കുമായിരുന്ന വോട്ട് ചെറു കക്ഷികളില്‍ നിന്ന് സമാഹരിക്കാമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. ബി.എസ്.പി തനിച്ച് മത്സരിക്കാന്‍ തീരുമാനിച്ചതോടെ ജയ് ആദിവാസി യുവശക്തി(ജെ.എ.വൈ.എസ്) പാര്‍ട്ടിയെയാണ് കോണ്‍ഗ്രസ് പ്രധാനമായും ഉന്നമിടുന്നത്. ഗോത്രമേഖലയില്‍ ഏറെ സ്വാധീനമുള്ള പാര്‍ട്ടിയാണ് ജയ് ആദിവാസി യുവശക്തി.
ഇവരുമായി കോണ്‍ഗ്രസ് സഖ്യ ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്. ആദിവാസി വിഭാഗങ്ങളില്‍ നിന്ന് ഉയര്‍ന്നു വന്ന സംഘടനയാണ് ജെ.എ.വൈ.എസ്. ആകെയുള്ള 230 സീറ്റുകളില്‍ 40 സീറ്റുകളിലെങ്കിലും മത്സരിക്കുമെന്ന് ജെ.എ.വൈ.എസ് കണ്‍വീനര്‍ ഡോ. ഹരിലാല്‍ അല്‍വ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
പടിഞ്ഞാറന്‍ മധ്യപ്രദേശിലെ മല്‍വ നിമാര്‍ മേഖലകളില്‍ 28 സീറ്റുകളിലാണ് ജെ.എ.വൈ.എസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ മേഖലയില്‍ മൊത്തം 66 സീറ്റുകളാണുള്ളത്. 28ല്‍ 22 സീറ്റും സംവരണ സീറ്റാണ്. സീറ്റുകളില്‍ 5 എണ്ണം കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റാണ്. ആദിവാസികള്‍ക്ക് ഭൂരിപക്ഷമുള്ള അലിരാജ്പൂര്‍, രത്‍ലാം, ജബുവ, ധര്‍, ഖര്‍ഗോണ്‍, ബുര്‍ഹാന്‍പൂര്‍, ഖന്‍ഡ്വ, ദേവാസ്, ബര്‍വാനി ജില്ലകളിലാണ് ജെ.എ.വൈ.എസ് സ്ഥാനാര്‍ഥികളെ നിര്‍ത്തുക.
ഇതിനോടകം തന്നെ ശക്തി തെളിയിക്കാന്‍ ജെ.എ.വൈ.എസിന് കഴിഞ്ഞിട്ടുണ്ട്. ഒക്ടോബര്‍ രണ്ടിന് കിസാന്‍ പഞ്ചായത്ത് എന്ന പേരില്‍ കൂറ്റന്‍ സമ്മേളനം സംഘടിപ്പിച്ചിരുന്നു. ഒരു ലക്ഷത്തിലധികം ആദിവാസി യുവാക്കളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. ഏതായാലും ജെഎവൈഎസുമായുള്ള സഖ്യം കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.
Adjust Story Font
16