Quantcast

മാധ്യമങ്ങളെ ലക്ഷ്യം വെച്ചിരുന്നില്ല, അവര്‍ വന്നുപെട്ടതാണെന്ന് മാവോയിസ്റ്റുകള്‍

മാവോയിസ്റ്റുകള്‍ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പിലാണ് മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യംവെച്ചിരുന്നില്ലെന്ന് പറയുന്നത്. അതേസമയം മാവോയിസ്റ്റുകളുടെ അവകാശവാദത്തെ പൊലീസ് തള്ളിക്കളഞ്ഞു.

MediaOne Logo

Web Desk

  • Published:

    2 Nov 2018 6:15 AM GMT

മാധ്യമങ്ങളെ ലക്ഷ്യം വെച്ചിരുന്നില്ല, അവര്‍ വന്നുപെട്ടതാണെന്ന് മാവോയിസ്റ്റുകള്‍
X

ഛത്തീസ്ഗഢില്‍ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വിശദീകരണവുമായി മാവോയിസ്റ്റുകള്‍. മാധ്യമസംഘത്തെ ലക്ഷ്യം വെച്ചുളള ആക്രമണമായിരുന്നില്ലെന്ന് മാവോയിസ്റ്റുകള്‍. പൊലീസും തങ്ങളുമായുള്ള ഏറ്റുമുട്ടലിനിടയിലേക്ക് മാധ്യമസംഘം എത്തിച്ചേരുകയായിരുന്നുവെന്നാണ് മാവോയിസ്റ്റുകള്‍ വിശദീകരിക്കുന്നത്.

ചൊവ്വാഴ്ചയാണ് ബസ്തര്‍ മേഖലയില്‍ തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മൂന്നംഗ ദൂരദര്‍ശന്‍ സംഘമാണ് മാവോയിസ്റ്റ് ആക്രമണത്തിനിരയായത്. ഛത്തീസ്ഗഢിലെ ദണ്ടേവാഡയില്‍ ദൂരദര്‍ശന്‍ കാമറാമാന്‍ അച്യുതാനന്ദ സാഹു മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. രണ്ട് പൊലീസുകാരും കൊല്ലപ്പെട്ടിരുന്നു. മാവോയിസ്റ്റുകള്‍ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പിലാണ് മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യംവെച്ചിരുന്നില്ലെന്ന് പറയുന്നത്.

അതേസമയം മാവോയിസ്റ്റുകളുടെ അവകാശവാദത്തെ പൊലീസ് തള്ളിക്കളഞ്ഞു. മാവോയിസ്റ്റുകള്‍ പിന്നെന്തിനാണ് സംഭവസ്ഥലത്തു നിന്നും ക്യാമറകള്‍ കൊണ്ടുപോയതെന്നാണ് ദന്തേവാഡ എസ്.പി അഭിഷേക് പല്ലവിന്റെ ചോദ്യം. ആക്രമണത്തിന്റെ തുടക്കം മുതലുള്ള ദൃശ്യങ്ങള്‍ ഈ ക്യാമറയില്‍ ചിത്രീകരിച്ചതിനാല്‍ എന്താണ് സംഭവിച്ചതെന്ന് വ്യക്തമായിരുന്നെന്നും അതുകൊണ്ടാണ് മാവോയിസ്റ്റുകള്‍ ക്യാമറ കൊണ്ടുപോയതെന്നുമാണ് എസ്.പിയുടെ വിശദീകരണം. ഒന്നിലേറെ വെടിയുണ്ടകള്‍ ക്യാമറാമാന്റെ തലയില്‍ നിന്നും കണ്ടെടുത്തിട്ടുണ്ടെന്നും ഇതും ബോധപൂര്‍വ്വം മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചില്ലെന്നവാദം തകര്‍ക്കുന്നതാണെന്നുമാണ് എസ്.പി പറയുന്നത്.

ആറോളം മോട്ടോര്‍സൈക്കിളുകളിലാണ് പൊലീസും ദൂരദര്‍ശന്‍ മാധ്യമ സംഘവും പ്രദേശത്തേക്ക് പോയിരുന്നത്. മാവോയിസ്റ്റ് ബാധിത മേഖലകളില്‍ നാലുചക്ര വാഹനങ്ങളേക്കാള്‍ അപകടസാധ്യത കുറവ് ഇരുചക്ര വാഹനങ്ങള്‍ക്കാണ്. മൈനുകളില്‍ നിന്നും രക്ഷപ്പെടാനുള്ള സാധ്യതകൂടി പരിഗണിച്ചായിരുന്നു ഇരുചക്ര വാഹനങ്ങളില്‍ യാത്രയാക്കിയത്.

'രാവിലെ 10.25ഓടെയാണ് അതുണ്ടായത് ഏറ്റവും മുന്നില്‍ പോയിരുന്ന മോട്ടോര്‍ സൈക്കിള്‍ വീഴുന്നതാണ് കണ്ടത്. ആദ്യ മോട്ടോര്‍ സൈക്കിളിന് പിന്നിലുണ്ടായിരുന്ന ഞങ്ങളുടെ ക്യാമറാമാന് വെടിയേറ്റു. അദ്ദേഹം എന്റെ കണ്‍ മുന്നിലാണ് താഴെ വീണത്. ഞങ്ങളുടെ മോട്ടോര്‍ സൈക്കിളും വീണു. റോഡിനരികിലെ കുഴിയിലേക്ക് വീണതുകൊണ്ടാണ് ജീവന്‍ രക്ഷപ്പെട്ടത്'' മാവോയിസ്റ്റ് ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട ദൂരദര്‍ശന്‍ സംഘത്തിലെ ധീരജ് കുമാര്‍ പറയുന്നു. നവംബര്‍ 12നും 20നുമാണ് ഛത്തീസ്ഗഡില്‍ തെരഞ്ഞെടുപ്പ് നടക്കുക.

TAGS :

Next Story