Quantcast

ഹൈടെക് കടുവാ വേട്ടക്ക് അന്ത്യം; മഹാരാഷ്ട്രയിലെ നരഭോജി കടുവയെ വെടിവെച്ചു കൊന്നു  

MediaOne Logo

Web Desk

  • Published:

    3 Nov 2018 5:47 AM GMT

ഹൈടെക് കടുവാ വേട്ടക്ക് അന്ത്യം; മഹാരാഷ്ട്രയിലെ നരഭോജി കടുവയെ വെടിവെച്ചു കൊന്നു  
X

മഹാരാഷ്ട്രയില്‍ 13 പേരെ കൊലപ്പെടുത്തിയതെന്ന് കരുതപ്പെടുന്ന നരഭോജി കടുവ അവ്‌നിയെ വെടിവെച്ച് കൊന്നു. വെള്ളിയാഴ്ച രാത്രിയാണ് യവത്മാല്‍ മേഖലയില്‍ വെച്ച് കടുവയെ വെടിവെച്ച് കൊന്നത്. അവ്‌നിയെ കണ്ടാല്‍ വെടിവെച്ച് കൊല്ലാന്‍ കഴിഞ്ഞ മാസമാണ് സുപ്രീംകോടതി ഉത്തരവിട്ടത്.

തിപേശ്വര്‍ വൈല്‍ഡ് ലൈഫ് സാങ്ച്വറിയുടെ ഭാഗമായിരുന്നു അവ്‌നിയുടെ വിഹാര കേന്ദ്രം. മഹാരാഷ്ട്രയിലെ അദിലാബാദ് ജില്ലയിലാണ് ഈ വനമേഖല. കര്‍ഷകരാണ് ഈ മേഖലയില്‍ ജീവിക്കുന്നവരില്‍ ഭൂരിഭാഗവും. ടി1 എന്ന ഔദ്യോഗിക പേരില്‍ അറിയപ്പെടുന്ന അവ്‌നിയുടെ ആക്രമണത്തില്‍ പതിമൂന്ന് കര്‍ഷകര്‍ കൊല്ലപ്പെട്ടതായാണ് കണക്കാക്കപ്പെടുന്നത്. 2012 ലാണ് അവ്‌നിയെ മേഖലയില്‍ കണ്ടെത്തുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം അഞ്ച് ഗ്രാമീണര്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആക്രമണം രൂക്ഷമായതിനെ തുടര്‍ന്ന് കടുവക്കായി ഊര്‍ജ്ജിതമായ തിരച്ചില്‍ ആരംഭിച്ചിരുന്നു. തെര്‍മല്‍ ഇമേജിങ്ങ് സംവിധാനമുള്ള ഡ്രോണുകള്‍, ആനകള്‍, ലോകപ്രശസ്തരായ കടുവപിടുത്തക്കാര്‍, അവരെ സഹായിക്കാന്‍ 150 ഓളം ഏറ്റുമുട്ടല്‍ വിദഗ്ധര്‍, ഗ്ലൈഡറുകള്‍ തുടങ്ങി സാങ്കേതിക വിദ്യകളുടെ നീണ്ട നിര തന്നെ കടുവയെ പിടികൂടുന്നതിനായി ഉണ്ടായിരുന്നു.

എന്നാല്‍, അവ്‌നിയെ കൊല്ലരുതെന്നും ജീവനോടെ പിടികൂടിയാല്‍ മതിയെന്നും ആവശ്യപ്പെട്ട് കൊണ്ട് നിരവധി മൃഗസ്‌നേഹികളും രംഗത്ത് വന്നിരുന്നു. ഈ ആവശ്യം ഉന്നയിച്ച് കൊണ്ട് 9000 പേര്‍ ഒപ്പിട്ട ഹരജിയും സമര്‍പ്പിച്ചിരുന്നു. എന്നാല്‍, ഏറെ ശ്രമിച്ചിട്ടും കടുവയെ ജീവനോടെ പിടികൂടാനായില്ല. കഴിഞ്ഞ സെപ്തംബറിലാണ് അവ്‌നിയെ കാണുന്ന മാത്രയില്‍ വെടിവെച്ച് കൊല്ലാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. അവ്നി കൊല്ലപ്പെട്ടതോടെ പത്തുമാസം പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ അനാഥരായി.

TAGS :

Next Story