Quantcast

ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രി ഹരേന്‍ പാണ്ഡ്യയെ കൊലപ്പെടുത്താന്‍ സൊഹ്റാബുദ്ദീന്‍ ഷെയ്ഖിനെ നിയോഗിച്ചത് വന്‍സാരയെന്ന് വെളിപ്പെടുത്തല്‍

ആര്‍ക്ക് വേണ്ടിയാകും ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന വന്‍സാര ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടാവുക എന്ന ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുണ്ട്.

MediaOne Logo

Web Desk

  • Published:

    5 Nov 2018 5:51 AM GMT

ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രി ഹരേന്‍ പാണ്ഡ്യയെ കൊലപ്പെടുത്താന്‍ സൊഹ്റാബുദ്ദീന്‍ ഷെയ്ഖിനെ നിയോഗിച്ചത് വന്‍സാരയെന്ന് വെളിപ്പെടുത്തല്‍
X

ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരുന്ന ഹരേന്‍ പാണ്ഡ്യയെ കൊലപ്പെടുത്താന്‍ സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖിന് നിര്‍ദേശം നല്‍കിയത് ഐ.പി.എസ് ഓഫീസറായിരുന്ന ഡി.ജി വന്‍സാരയെന്ന് വെളിപ്പെടുത്തല്‍. സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലെ സാക്ഷിയായ അസം ഖാന്റേതാണ് വെളിപ്പെടുത്തല്‍. പ്രത്യേക സിബി.ഐ ജഡ്ജി എസ്.ജെ ശര്‍മ്മക്ക് മുമ്പാകെയാണ് കേസില്‍ സാക്ഷിയായ അസംഖാന്റെ ഏറ്റുപറച്ചില്‍.

സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖും ഭാര്യ കൗസര്‍ബിയും

2002ലാണ് സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖിനെയും ഭാര്യ കൗസര്‍ബിയെയും സഹായി തുള്‍സി പ്രജാപതിയെയും അസംഖാന്‍ പരിചയപ്പെടുന്നത്. അന്ന് പാണ്ഡ്യയെ കൊല്ലാന്‍ വന്‍സാര പണം നല്‍കിയെന്നും താനാണ് പാണ്ഡ്യെയെ കൊലപ്പെടുത്തിയതെന്നും സൊഹ്‌റാബുദ്ദീന്‍ പറഞ്ഞിരുന്നുവെന്ന് അസംഖാന്‍ പറയുന്നു. നിങ്ങള്‍ ചെയ്തത് തെറ്റാണ് എന്നും നല്ലൊരു മനുഷ്യനെയാണ് നിങ്ങള്‍ കൊന്നതെന്നും അന്നു തന്നെ സൊഹ്‌റാബുദ്ദീനോട് താന്‍ പറഞ്ഞിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2005ല്‍ രാജസ്ഥാന്‍ പൊലീസ് തന്നെ അറസ്റ്റ് ചെയ്തിരുന്നുവെന്നും ആ സമയത്ത് ഉദയ്പൂര്‍ ജയിലില്‍ വെച്ച് പ്രജാപതിയില്‍ നിന്നാണ് സൊഹ്‌റാബുദ്ദീനും കൗസര്‍ബിയും ഗുജറാത്ത് പൊലീസിന്റെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്ന് അറിയുന്നതെന്നും സാക്ഷി പറഞ്ഞു.

തുള്‍സി പ്രജാപതി

2002 ല്‍ ഗോധ്രയില്‍ ട്രെയിനില്‍ വെന്തുമരിച്ച കര്‍സേവകരുടെ മൃതശരീരങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ച് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കരുതെന്ന് നരേന്ദ്രമോദിയുടെ ക്യാബിനറ്റ് യോഗത്തില്‍ പറഞ്ഞ മന്ത്രിയായിരുന്നു ഹരേന്‍ പാണ്ഡെ. ഗോധ്ര സംഭവത്തില്‍ ഹിന്ദുക്കള്‍ പ്രതിഷേധിക്കുമ്പോള്‍ അവരെ തടയരുതെന്ന നിര്‍ദേശം നരേന്ദ്രമോദി പ്രത്യേക യോഗം വിളിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കി എന്ന് ഔട്ട്‌ലുക്ക് മാഗസിനോട് വെളിപ്പെടുത്തിയതും ഹരേന്‍ പാണ്ഡ്യയായിരുന്നു. താനാണ് വെളിപ്പെടുത്തിയതെന്നറിഞ്ഞാന്‍ തന്നെ കൊലപ്പെടുത്തുമെന്നും പാണ്ഡ്യ പറഞ്ഞിരുന്നു.

ഹരേണ്‍ പാണ്ഡ്യ

ഗുജറാത്തിലെ കേശുഭായി പട്ടേല്‍ മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായിരുന്നു ബി.ജെ.പി നേതാവായിരുന്ന ഹരേണ്‍ പാണ്ഡ്യ. 2003 മാര്‍ച്ച് 26ന് അഹമ്മദാബാദില്‍ രാവിലെ നടക്കാനിറങ്ങിയപ്പോള്‍ ഹരേണ്‍ പാണ്ഡ്യയെ വെടിവച്ച് കൊല്ലുകയായിരുന്നു. 2005ല്‍ സൊഹ്‌റാബുദ്ദീനും ഭാര്യ കൗസര്‍ബിയും വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. കസ്റ്റഡിയിലിരിക്കെ 2006ല്‍ തുള്‍സി റാം പ്രജാപതിയും കൊല്ലപ്പെട്ടു. ഒരുമിച്ചു മഹാരാഷ്ട്രയിലേക്ക് യാത്ര ചെയ്യുകയായിരുന്ന സൊഹ്‌റാബുദ്ദീനെയും ഭാര്യ കൗസര്‍ബിയെയും ഗുജറാത്ത് പൊലീസും രാജസ്ഥാൻ പൊലീസും ചേര്‍ന്ന് കടത്തികൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെടുന്നതിന് മുൻപ് കൗസര്‍ബി പീഡനത്തിനിരയായിരുന്നുവെന്നും ആരോപണമുണ്ട്. കേസിലെ ഏകസാക്ഷിയായിരുന്നു പ്രജാപതി. സംഭവത്തിന് ശേഷം പൊലീസ് കസ്റ്റഡിയിലായ ഇയാളെ പിന്നീട് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ये भी पà¥�ें- സൊഹ്റാബുദ്ദീന്‍ കേസിലെ ജഡ്ജിയുടെ മരണത്തില്‍ ദുരൂഹത; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യം

ये भी पà¥�ें- സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലെ ജഡ്ജിയെ മാറ്റി; നടപടി സിബിഐയെ രൂക്ഷമായി വിമര്‍ശിച്ചതിന് പിന്നാലെ

ये भी पà¥�ें- സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ്: മാധ്യമങ്ങള്‍ വിചാരണ റിപ്പോര്‍ട്ട് ചെയ്യരുതെന്ന് കോടതി

ये भी पà¥�ें- സൊഹ്റാബുദ്ദീന്‍ വ്യാജഏറ്റുമുട്ടല്‍ കേസ്: 40 സാക്ഷികളില്‍ 27 പേര്‍ കൂറുമാറി

ये भी प�ें-
സൊഹ്റാ​ബുദ്ദീൻ ശൈ​ഖ്​ വ്യാജ ഏറ്റുമുട്ടൽ; ഡിജി വൻസാരയെ കുറ്റവിമുക്തനാക്കി

രണ്ടു വ്യാജ ഏറ്റുമുട്ടല്‍ കേസുകളിലായി 38 പേരെ പ്രതികളാക്കിയാണ് സിബിഐ കേസെടുത്തത്. ഇതില്‍ 16 പേരെ വിചാരണക്കോടതി കുറ്റവിമുക്തരാക്കി. ഇവരില്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ, വന്‍സാര, ഗുജറാത്ത്-രാജസ്ഥാന്‍ പൊലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.

ഹരേന്‍ പാണ്ഡ്യയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഏതാനും മുസ്‌ലിം ചെറുപ്പക്കാരെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും തെളിവില്ലെന്നു കണ്ട് ഗുജറാത്ത് ഹൈക്കോടതി വെറുതെ വിടുകയായിരുന്നു. മോദിയുടെ നിര്‍ദേശപ്രകാരം വന്‍സാരയാണ് ഹരേന്‍ പാണ്ഡ്യയുടെ കൊലപാതകം നടപ്പാക്കിയതെന്ന് പിതാവ് വിത്തല്‍ പാണ്ഡ്യ ആരോപിച്ചിരുന്നു. ഗുജറാത്ത് സി.ഐ.ഡി അന്വേഷിച്ചിരുന്ന കേസ് 2012ലാണ് സി.ബി.ഐ ഏറ്റെടുത്തത്. ഗുജറാത്തില്‍ സ്വതന്ത്രമായ വിചാരണ നടക്കില്ലെന്ന് ചൂണ്ടിക്കാണിച്ചതിനെത്തുടര്‍ന്ന് സുപ്രീം കോടതി കേസിന്റെ വിചാരണ മുംബൈയിലേക്ക് മാറ്റുകയായിരുന്നു.

ആര്‍ക്ക് വേണ്ടിയാകും ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന വന്‍സാര ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടാവുക എന്ന ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുണ്ട്. അമിത് ഷായുടെ സ്വന്തം ആളായ വന്‍സാരയാണ് മോദിക്കെതിരെ ഗുജറാത്ത് വര്‍ഗീയകലാപവുമായി ബന്ധപ്പെട്ട് മൊഴി നല്‍കിയ മുന്‍ മന്ത്രിയെ വധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത് എന്ന ഈ വെളിപ്പെടുത്തല്‍ വളരെ ഗൗരവമുള്ളതാണെന്ന് സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു.

“പാണ്ഡ്യയെ വധിക്കാന്‍ വന്‍സാര സൊഹ്‌റാബുദീന് നിര്‍ദ്ദേശം നല്‍കി. സൊഹ്‌റാബുദീനെ കൊല്ലാന്‍ വന്‍സാരയ്ക്ക് നിര്‍ദ്ദേശം നല്‍കിയത് അമിത് ഷാ, അപ്പോള്‍ സൊഹ്‌റാബുദീനെ കൊല്ലാന്‍ അമിത് ഷായ്ക്ക് നിര്‍ദ്ദേശം നല്‍കിയത് ആരായിരിക്കും?. ഇതൊരു സസ്പെന്‍സ് ത്രില്ലറാണ്..''– മുബൈ കോണ്‍ഗ്രസ് പ്രസിഡന്റ് സഞ്ജയ് നിരുപം പറയുന്നു.

സൊഹ്‌റാബുദിന്‍ കേസില്‍ അമിത് ഷാ പ്രതിയായിരിക്കേ, വാദം കേള്‍ക്കാനിരുന്ന ജസ്റ്റിസ് ബി.എച്ച് ലോയയുടെ മരണത്തിലെ ദുരൂഹത തുടരുകയാണ്. കേസില്‍ വാദം കേട്ടിരുന്ന ആദ്യ ജഡ്ജിയെ സ്ഥലം മാറ്റുകയും രണ്ടാമത്തെ ജഡ്ജിയായിരുന്ന ലോയ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെടുകയും മൂന്നാമത്തെ ജഡ്ജിയായ എം.ബി ഗോസാവി, കേസില്‍ വാദം കേട്ടുതുടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അമിത് ഷായെ കുറ്റവിമുക്തനാക്കുകയുമായിരുന്നു.

TAGS :

Next Story