Quantcast

കര്‍ണ്ണാടക ഉപതെരെഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി

തെരെഞ്ഞെടുപ്പ് നടന്ന അഞ്ചില്‍ 4 മണ്ഡലങ്ങളിലും കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യത്തിന് വിജയം

MediaOne Logo

Web Desk

  • Published:

    6 Nov 2018 9:04 AM GMT

കര്‍ണ്ണാടക ഉപതെരെഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി
X

കര്‍ണ്ണാടക ഉപതെരെഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി. തെരെഞ്ഞെടുപ്പ് നടന്ന 5 മണ്ഡലങ്ങളില്‍ 4 ഇടത്തും കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യത്തിന് വിജയം. ബിജെപി ശക്തി കേന്ദ്രമായ ബെല്ലാരി ലോക്‌സഭ മണ്ഡലത്തില്‍ കോണ്‍ഗ്രസ് അട്ടിമറി ജയം നേടി.

ഒന്നേമുക്കാല്‍ ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബിജെപി ശക്തികേന്ദ്രമായ ബെല്ലാരിയില്‍ കോണ്‍ഗ്രസിലെ വി.എസ് ഉഗ്രപ്പ വിജയിച്ചത്. റെഡ്ഡി സഹോദരന്‍മാരുടെ തട്ടകവും സംസ്ഥാന ബി.ജെ.പിയിലെ രണ്ടാമന്‍ ശ്രീരാമലുവിന്റെ സിറ്റിംഗ് സീറ്റുമാണ് ബെല്ലാരി.

മാണ്ഡ്യ ലോക്‌സഭ സീറ്റില്‍ ജനതാദളിലെ ശിവരോമ ഗൗഡ എഴുപത്തയ്യായിരം വോട്ടിന്റെ ജയം സ്വന്തമാക്കി. ജനതാദളിന്റെ സിറ്റിംഗ് സീറ്റാണ് മാണ്ഡ്യ. ശിവമോഗയില്‍ ആശ്വാസ ജയം നേടാന്‍ ബി.ജെ.പിക്കായെങ്കിലും ഭൂരിപക്ഷം കുത്തനെ കുറഞ്ഞു. യദ്യൂരപ്പയുടെ മകന്‍ രാഘവേന്ദ്ര ജെ.ഡി.എസിലെ മധു ബംഗാരപ്പയെയാണ് ഈ മണ്ഡലത്തില്‍ പരാജയപ്പെടുത്തിയത്.

ഉപതെരെഞ്ഞെടുപ്പ് നടന്ന രണ്ട് നിയമസഭ മണ്ഡലങ്ങളിലും കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യം മിന്നുന്ന ജയം സ്വന്തമാക്കി. രാമനഗര മണ്ഡലത്തില്‍ മത്‌സരിച്ച മുഖ്യമന്ത്രി കുമാരസ്വാമിയുടെ ഭാര്യ അനിത കുമാര സ്വാമി ഒരുലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. തെരെഞ്ഞെടുപ്പിന് മുമ്പ് ഈ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

TAGS :

Next Story