Quantcast

രാജസ്ഥാനിലെ ദലിതുവോട്ടുകളില്‍ പ്രതീക്ഷയര്‍പ്പിച്ച് കോണ്‍ഗ്രസ്സ്

രാജസ്ഥാനിലെ ദലിത് വോട്ടുകളില്‍ വലിയ പ്രതീക്ഷയാണ് ഇക്കുറി കോണ്‍ഗ്രസിന്. പട്ടിക വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്ത 69 സീറ്റുണ്ട് രാജസ്ഥാനില്‍. ഇതില്‍ 51 എണ്ണവും ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റുകളാണ്.

MediaOne Logo

Web Desk

  • Published:

    6 Nov 2018 7:08 AM GMT

രാജസ്ഥാനിലെ ദലിതുവോട്ടുകളില്‍ പ്രതീക്ഷയര്‍പ്പിച്ച് കോണ്‍ഗ്രസ്സ്
X

രാജസ്ഥാനില്‍ 1.25 കോടിയാണ് ദലിതര്‍. ആകെ ജനസംഖ്യയുടെ 17.5 ശതമാനം. കോണ്‍ഗ്രസിനൊപ്പമായിരുന്ന ഇവര്‍ 2013ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചേരിമാറി. പട്ടിക ജാതിക്കാര്‍ക്കും പട്ടിക വര്‍ഗക്കാര്‍ക്കും സംവരണം ചെയ്ത മണ്ഡലങ്ങളില്‍ അതിന്റെ ഫലം കണ്ടു.

പട്ടിക ജാതിക്കാര്‍ക്ക് സംവരണം ചെയ്ത 34 മണ്ഡലങ്ങളില്‍ 32 ഉം ബി.ജെ.പി നേടി. 2009 ല്‍ കിട്ടിയ രണ്ട് സീറ്റില്‍ നിന്നുള്ള മുന്നേറ്റം. പട്ടിക ജാതിയില്‍ മെഗ്വാള്‍ വിഭാഗമാണ് ഭൂരിപക്ഷം. പരമ്പരാഗതമായി കോണ്‍ഗ്രസിന് വോട്ടു ചെയ്യുന്നവര്‍. മെഗ്വാള്‍ വിഭാഗത്തില്‍ നിന്ന് കൂടുതല്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയാണ് 2013ല്‍ ബി.ജെ.പി ഇവരെ കൈയിലെടുത്തത്. ബി.ജെ.പിയുടെ 32ല്‍ 16 പേരും മെഗ്വാള്‍ വിഭാഗക്കാര്‍. പട്ടിക വര്‍ഗക്കാര്‍ക്ക് സംവരണം ചെയ്ത 25ല്‍ 19ലും പാറിയത് കാവിക്കൊടി.

2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും ദളിതുകളുടെ പിന്തുണ ബി.ജെ.പിക്കായിരുന്നു. കോണ്‍ഗ്രസിന് സമ്പൂര്‍ണ പരാജയം. 2013ല്‍ സീറ്റുകളുടെ എണ്ണം തുലോം കുറഞ്ഞെങ്കിലും ദളിത് വോട്ടുകളില്‍ 39 ശതമാനം കോണ്‍ഗ്രസിന് കിട്ടി. ഈ കണക്കാണ് കോണ്‍ഗ്രസിന് ഇക്കുറി പ്രതീക്ഷ നല്‍കുന്നത്.

ദലിതുകള്‍ക്കു നേര്‍ക്കുള്ള ആക്രമണം കൂടിയെന്നാണ് ബി.ജെ.പി ഭരണത്തിനിടെ ആ വിഭാഗത്തിന്റെ പരാതി. ദലിതുകളും ജാട്ടുകളും തമ്മിലുണ്ടായ സംഘര്‍ഷങ്ങളില്‍ സര്‍ക്കാര്‍ ജാട്ടുകള്‍ക്കൊപ്പം നിന്നുവെന്നും പരാതിയുണ്ട്. ബി.ജെ.പി ജാട്ടുകളെ തുണച്ചപ്പോള്‍ കൂടുതല്‍ പിണങ്ങിയത് മെഗ്വാള്‍ വിഭാഗമാണ്.

ഈ അതൃപ്തി തുണയ്ക്കുമെന്ന് കോണ്‍ഗ്രസ് കരുതുന്നു. പുറത്തുവന്ന അഭിപ്രായ സര്‍വേകളെല്ലാം ദളിത് പിന്തുണ കോണ്‍ഗ്രസിനെന്നാണ് പറയുന്നത്. ദലിത് വോട്ടില്‍ മായാവതിയുടെ ബി.എസ്.പി വിള്ളലുണ്ടാക്കുമോ എന്ന സംശയം കോണ്‍ഗ്രസിനുണ്ട്.

TAGS :

Next Story