മധ്യപ്രദേശില്‍ ഇത്തവണ 47 മണ്ഡലങ്ങളില്‍ മത്സരം കടുക്കും
ആകെയുള്ള 230 സീറ്റില്‍ 2013ല്‍ ബി.ജെ.പി നേടിയത് 165 സീറ്റ്. കോണ്‍ഗ്രസ് ജയിച്ചത് 58 സീറ്റിലും. ആകെ 90 സീറ്റില്‍ പതിനായിരത്തില്‍ താഴെയായിരുന്നു ഭൂരിപക്ഷം.
മധ്യപ്രദേശില്‍ നാലാമൂഴം ലക്ഷ്യമിട്ട് ബി.ജെ.പിയും തിരിച്ചുവരവിന് കോണ്‍ഗ്രസും ഇറങ്ങുമ്പോള്‍ മത്സരം കടുക്കുന്ന 47 മണ്ഡലങ്ങളുണ്ട്. 2013ലെ തെരഞ്ഞെടുപ്പില്‍ അയ്യായിരത്തില്‍ താഴെയായിരുന്നു ഈ മണ്ഡലങ്ങളിലെ ഭൂരിപക്ഷം.
ആകെയുള്ള 230 സീറ്റില്‍ 2013ല്‍ ബി.ജെ.പി നേടിയത് 165 സീറ്റ്. കോണ്‍ഗ്രസ് ജയിച്ചത് 58 സീറ്റിലും. ആകെ 90 സീറ്റില്‍ പതിനായിരത്തില്‍ താഴെയായിരുന്നു ഭൂരിപക്ഷം. ഇതില്‍ 27 എണ്ണത്തില്‍ ബി.ജെ.പി ജയിച്ചത്, അയ്യായിരത്തില്‍ താഴെ വോട്ടിന്. കോണ്‍ഗ്രസ് ജയിച്ച 17 സീറ്റിലും ഭൂരിപക്ഷം അയ്യായിരത്തില്‍ താഴെ. ശിവരാജ് സിംഗ് ചൌഹാന്‍ മന്ത്രിസഭയിലെ നാല് പേര്‍ അയ്യായിരത്തില്‍ താഴെ വോട്ടിന് ജയിച്ചവരാണ്. അഞ്ഞൂറില്‍ താഴെ വോട്ടിന് ജയിച്ചവര്‍ നാല് പേരുണ്ട് കാലാവധി കഴിയുന്ന സഭയില്‍.
സുര്‍ക്കി മണ്ഡലത്തില്‍ മത്സരിച്ച കോണ്‍ഗ്രസിന്റെ ഗോവിന്ദ്സിഗ് രജ്പുത്തിന് ബി.ജെ.പിയുടെ പരുള്‍ സാഹു വിനേക്കാള്‍ 141 വോട്ടാണ് അധികം കിട്ടിയത്. നിയമസഭയിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം. ജത്താറിയിലും കോണ്‍ഗ്രസിന്റെ സ്ഥിതി ഭിന്നമല്ല. ദിനേഷ് കുമാര്‍ ഐവാറിനോട് ബി.ജെ.പിയുടെ ഹരിശങ്കര്‍ കാര്‍ത്തിക് തോറ്റത് 233 വോട്ടിന്. ബി.ജെ.പിയുടെ കുറഞ്ഞ ഭൂരിപക്ഷം ഭാര്‍ഗയിലാണ്. ബി ജെ പിയുടെ കമല്‍ മാര്‍സോക്, കോണ്‍ഗ്രസിന്റെ അര്‍ജുന്‍ സിങിനെ മറികടന്നത് 269 വോട്ടിന്.
സഭയില്‍ ഏഴ് സീറ്റുള്ള ബി.എസ്.പിയുടെ രണ്ട് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത് ചെറിയ ഭൂരിപക്ഷത്തിലാണ്. മന്ദ്ഗാവില്‍ പാര്‍ട്ടിയുടെ ഷീല ത്യാഗിക്കുണ്ടായത് നേരിയ ലീഡ് മാത്രം. ബി.ജെ.പിയുടെ പന്നാഭായ് പ്രജാപത് തോറ്റത് 275 വോട്ടുകള്‍ക്ക്. ചെറിയ ഭൂരിപക്ഷത്തില്‍ ബി.ജെ.പി ജയിച്ച സീറ്റുകള്‍ ഇക്കുറി പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. ഭരണവിരുദ്ധ വികാരം ഇതിന് സഹായിക്കുമെന്ന് അവര്‍ കരുതുന്നു. പാര്‍ട്ടിലെ പടലപ്പിണക്കങ്ങള്‍ പക്ഷേ കോണ്‍ഗ്രസിന് വിനയായുണ്ട്. കുറഞ്ഞ മാര്‍ജിനില്‍ കോണ്‍ഗ്രസ് ജയിച്ച സീറ്റുകള്‍ കൂടി ഇക്കുറി നേടുമെന്നാണ് ബി.ജെ.പിയുടെ അവകാശവാദം.
Adjust Story Font
16