Quantcast

രാജസ്ഥാനിലും മധ്യപ്രദേശിലും ബി.ജെ.പിക്ക് വെല്ലുവിളിയായി വെളുത്തുള്ളിയുടെ വിലയിടിവ്

പ്രതിസന്ധികാലത്ത് ഒരു കൈ സഹായം നൽകാത്ത ബി.ജെ.പി സർക്കാരിന് ഇനി വോട്ടില്ലെന്ന നിലപാടിലാണ് രാജസ്ഥാനിലെ കർഷകര്‍. മധ്യപ്രദേശിലും കര്‍ഷകര്‍ ഇടഞ്ഞുതന്നെ.

MediaOne Logo

Web Desk

  • Published:

    8 Nov 2018 3:58 AM GMT

രാജസ്ഥാനിലും മധ്യപ്രദേശിലും ബി.ജെ.പിക്ക് വെല്ലുവിളിയായി വെളുത്തുള്ളിയുടെ വിലയിടിവ്
X

ഉള്ളി വില കൂടിയപ്പോള്‍ കരഞ്ഞിട്ടുണ്ട് ബി.ജെ.പി. വെളുത്തുള്ളിയുടെ വില കുറയുമ്പോഴും കരയേണ്ടി വരുമോ എന്ന ആശങ്കയിലാണ് രാജസ്ഥാനിലും മധ്യ പ്രദേശിലും ബി.ജെ.പി. 1998 ഒക്ടോബറില്‍ കിലോയ്ക്ക് 45 മുതല്‍ 50 വരെ രൂപയായിരുന്നു ഉള്ളിയ്ക്ക് വില. ഡിസംബറില്‍ തെരഞ്ഞെടുപ്പ് നടന്ന ഡല്‍ഹിയിലും രാജസ്ഥാനിലും ബി.ജെ.പി തോറ്റു. അന്ന് മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ സുഷ്മ സ്വരാജും ഭൈറോണ്‍ സിങ് ശെഖാവത്തും കരഞ്ഞു. 20 വര്‍ഷത്തിനിപ്പുറം വസുന്ധര രാജെ സിന്ധ്യക്കും ശിവരാജ് സിങ് ചൌഹാനും വിലയില്ലാത്ത വെളുത്തുള്ളിയാണ് വെല്ലുവിളി.

ഇന്ത്യയിലെ ആകെ ഉത്പാദനത്തിന്‍റെ 45 ശതമാനവും രാജസ്ഥാനിലും മധ്യപ്രദേശിലുമാണ്. കൂടുതല്‍ കൃഷി രാജസ്ഥാനിലും. 2016ല്‍ നോട്ട് പിന്‍വലിച്ചതോടെ വെളുത്തുള്ളിക്ക് വിലയിടിഞ്ഞു. അതുണ്ടാക്കിയ ദുരിതത്തിന് പുറമെയാണ് വിലയിടിവ്. ജൂലൈയില്‍ കിലോയ്ക്ക് ഇരുപത്തിയഞ്ച് രൂപയുണ്ടായിരുന്നു. ഇപ്പോൾ അഞ്ച് രൂപയിലും താഴെ. ഒരു കിലോ വെളുത്തുള്ളി വിളവെടുക്കാൻ രൂപ 30 വേണം. അപ്പോഴാണ് ഈ ഇടിവെന്ന് കർഷകരുടെ വിലാപം.

കിലോക്ക് 32 രൂപ നല്‍കി 1.54 ലക്ഷം ടൺ വെളുത്തുള്ളി സംഭരിക്കുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം. പറഞ്ഞതിന്റെ പകുതി പോലും സംഭരിക്കാനായില്ല. കടം കയറി അഞ്ച് കർഷകർ ആത്മഹത്യ ചെയ്തു. എന്നാൽ 150 പേർ ജീവനൊടുക്കിയെന്ന് കർഷകസംഘടനകൾ അവകാശപ്പെടുന്നു. രാജസ്ഥാനിലെത്തിയ രാഹുൽ ഗാന്ധിയും വെളുത്തുള്ളിയുടെ വില ഇടിവ് പ്രചരണവിഷയമാക്കിയിരുന്നു.

പ്രതിസന്ധികാലത്ത് ഒരു കൈ സഹായം നൽകാത്ത ബി.ജെ.പി സർക്കാരിന് ഇനി വോട്ടില്ലെന്ന നിലപാടിലാണ് രാജസ്ഥാനിലെ കർഷകര്‍. മധ്യപ്രദേശിലും കര്‍ഷകര്‍ ഇടഞ്ഞുതന്നെ. കർഷക വായ്പ എഴുതിതള്ളുമെന്ന കോൺഗ്രസ് വാഗ്ദാനത്തിലാണ് ഇപ്പോൾ ഇവരുടെ പ്രതീക്ഷ.

TAGS :

Next Story