Quantcast

വസുന്ധര രാജെ - അമിത് ഷാ തര്‍ക്കം; രാജസ്ഥാനില്‍ സ്ഥാനാര്‍ഥി നിര്‍ണയം വൈകുന്നു 

രാജസ്ഥാനില്‍‌ ഭരണകക്ഷിയായ ബി.ജെ.പിക്ക് ഇത്തവണ കനത്ത വെല്ലുവിളിയാണുള്ളത്.

MediaOne Logo

Web Desk

  • Published:

    8 Nov 2018 10:40 AM GMT

വസുന്ധര രാജെ - അമിത് ഷാ തര്‍ക്കം; രാജസ്ഥാനില്‍   സ്ഥാനാര്‍ഥി നിര്‍ണയം വൈകുന്നു 
X

രാജസ്ഥാനില്‍ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ ധാരണ കണ്ടെത്താനാകാതെ ബി.ജെ.പി. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും തമ്മിലുള്ള തര്‍ക്കം തുടരുകയാണ്. ഈ മാസം 11ന് ചേരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ ധാരണയുണ്ടാക്കാനാകുമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്‍റെ പ്രതീക്ഷ.

രാജസ്ഥാനില്‍‌ ഭരണകക്ഷിയായ ബി.ജെ.പിക്ക് ഇത്തവണ കനത്ത വെല്ലുവിളിയാണുള്ളത്. വസുന്ധര രാജെ സര്‍ക്കാരിനെതിരായ വികാരം എല്ലാ കോണിലും ജാതി വിഭാഗങ്ങള്‍ക്കിടയിലും ശക്തം. ഇതിനകം പുറത്തുവന്ന സര്‍വ്വേഫലങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമാണ്. മാത്രമല്ല 90 സീറ്റുകളും നേരത്തെ തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് പ്രചാരണം സജീവമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ തര്‍ക്കങ്ങള്‍ ബി.ജെ.പിക്ക് തലവേദനയാകുന്നത്.

സ്ഥാനാര്‍ത്ഥികള്‍ക്കായി ബി.ജെ.പി നടത്തിയ ഉള്‍പാര്‍ട്ടി സര്‍വ്വേയും വേണ്ട വിധം ഗുണം ചെയ്തിട്ടില്ല. പരമാവധി നിലവിലുള്ള എം.എല്‍.എമാര്‍ക്ക് തന്നെ വീണ്ടും സീറ്റ് നല്‍കണമെന്നാണ് മുഖ്യമന്ത്രി വസുന്ധരയുടെ വാദം. എന്നാല്‍ ഇതംഗീകരിക്കാന്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ തയ്യാറല്ല. എല്ലാ മണ്ഡലങ്ങളിലും മൂന്ന് പേരുകള്‍ വീതം നിര്‍ദ്ദേശിക്കണമെന്നാണ് അമിത്ഷായുടെ നിലപാട്.

പക്ഷേ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവദേക്കറിന് ഈ നിര്‍ദേശം പാലിക്കാനായിട്ടില്ല. വസുന്ധരയുടെ ഇടപെടലാണ് കാരണം എന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ഈ മാസം 12 മുതല്‍ 19 വരെയാണ് നാമനിര്‍ദേശ പത്രിക സ്വീകരിക്കുക.

TAGS :

Next Story