തിരുവനന്തപുരം ഉള്‍പ്പടെ ആറ് വിമാനത്താവളങ്ങളുടെ നടത്തിപ്പില്‍ സ്വകാര്യ പങ്കാളിത്തം
വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കുന്നു.
തിരുവനന്തപുരം ഉള്‍പ്പടെ ആറ് വിമാനത്താവളങ്ങളുടെ നടത്തിപ്പില്‍ സ്വകാര്യ പങ്കാളിത്തം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കുന്നു.
തിരുവനന്തപുരം, അഹമ്മദാബാദ്, ജയ്പൂര്‍, ലഖ്നൌ, ഗുവാഹത്തി, മംഗളുരു എന്നീ വിമാനത്താവളങ്ങളാണ് പൊതു, സ്വകാര്യ പങ്കാളിത്തത്തിലേക്ക് മാറുന്നത്. പങ്കാളികളെ കണ്ടെത്താന്‍ നീതി ആയോഗ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അധ്യക്ഷനായി അപ്രൈസല്‍ കമ്മിറ്റിയേയും ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. യാത്രക്കാര്‍ക്ക് കൂടുതല്‍ കാര്യക്ഷമമായ സേവനം ലഭ്യമാക്കാനും അന്താരാഷ്ട്ര നിലവാരത്തിലുള്ള അടിസ്ഥാന സൌകര്യ വികസനം കൊണ്ടുവരാനും തീരുമാനത്തിലൂടെ കഴിയുമെന്നാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്. അധിക മുതല്‍മുടക്കില്ലാതെ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് വരുമാനം മെച്ചപ്പെടുത്തനാകുമെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു.
അധിക വരുമാനം ഹൈദരാബാദ്, ബംഗളുരു വിമാനത്താവളങ്ങളുടെ വികസനത്തിനായി ചെലവിടും. നിലവില്‍ പി.പി.പി വ്യവസ്ഥയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ 5 വിമാനത്താവളങ്ങള്‍ മികച്ച നിലവാരത്തിലേക്ക് ഉയര്‍ന്നതായും സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ എത്ര ശതമാനം പങ്കാളിത്തം സ്വകാര്യ മേഖലക്ക് നല്‍കും, സംസ്ഥാന സര്‍ക്കാരിന് ഏതെങ്കിലും തരത്തില്‍ പങ്കാളിത്തമുണ്ടാകുമോ തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമല്ല.
Adjust Story Font
16