വിവാഹ മോചനത്തിന് സമ്മതിക്കാതെ വീട്ടിലേക്കില്ലെന്ന് തേജ് പ്രതാപ് യാദവ്
അസുഖം ബാധിച്ച് ജാര്‍ഖണ്ഡിലെ റാഞ്ചിയിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന പിതാവിനെ സന്ദര്‍ശിച്ച ശേഷം ശനിയാഴ്ച ബോധ്ഗയയിലെ ഹോട്ടലില്‍ വെച്ചാണ് വെളിപ്പെടുത്തല്‍.
വിവാഹ മോചനത്തിന് ബന്ധുക്കള്‍ സമ്മതിക്കാതെ വീട്ടിലേക്കില്ലെന്ന് ലാലു പ്രസാദ് യാദവിന്‍റെ മകന്‍ തേജ് പ്രതാപ് യാദവ്. അസുഖം ബാധിച്ച് ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ലാലു പ്രസാദ് യാദവിനെ സന്ദര്‍ശിച്ച ശേഷം ശനിയാഴ്ച ബോധ്ഗയയിലെ ഹോട്ടലില്‍ വെച്ചാണ് വെളിപ്പെടുത്തല്‍. വിവാഹം രാഷ്ട്രീയ നേട്ടത്തിനാണെന്നും തന്നെ ഇതിന് ബലിയാടാക്കിയതാണെന്നും തേജ് പ്രതാപ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഐശ്വര്യ റായിയുമായുള്ള വിവാഹ മോചനത്തെ വീട്ടുകാര്‍ അനുകൂലിക്കുകയാണെങ്കില്‍ വീട്ടിലേക്ക് തിരികെ ചെല്ലുമെന്ന് തേജ് പ്രതാപ് യാദവ് പറഞ്ഞു. മെയ് 12നായിരുന്നു ആര്‍.ജെ.ഡി എം.എല്‍.എ ചന്ദ്രിക റായിയുടെ മകളും ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ദരോഗ പ്രസാദ് റായിയുടെ കൊച്ചു മകളുമായ ഐശ്വര്യ റായിയുമായുള്ള തേജ് പ്രതാപിന്‍റെ വിവാഹം. ബന്ധുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് വിവാഹത്തിന് തയ്യാറായതെന്നും ഐശ്വര്യയുമായി നേരത്തേ തന്നെ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നെന്നും തേജ് പ്രതാപ് പറഞ്ഞു.
പരസ്പരം പൊരുത്തപ്പെടാന്‍ കഴിയില്ലെന്ന് വിവാഹത്തിന് മുന്‍പ് തന്നെ വീട്ടുകാരെ അറിയിച്ചിരുന്നെന്നും എന്നാല്‍ ആരും ഇക്കാര്യം കാര്യമായെടുത്തില്ലെന്നും തേജ് പ്രതാപ് കൂട്ടിച്ചേര്‍ത്തു. വിവാഹ മോചനം നേടാനുള്ള മകന്റെ തീരുമാനത്തില്‍ ലാലു പ്രസാദ് യാദവ് നിരാശനാണ്. കാലിത്തീറ്റ കുംഭകോണക്കേസില്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ ലാലു പ്രസാദ് നിലവില്‍ റാഞ്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
Adjust Story Font
16