വ്യാപം അഴിമതി നിര്‍ണയിക്കും ഇത്തവണ മധ്യപ്രദേശിന്റെ വിധി
കേസിന്റെ വ്യാപ്തി പുറംലോകത്തെയറിച്ച രണ്ട് സാമൂഹ്യപ്രവര്‍ത്തകര്‍ ഇത്തവണ മത്സരരംഗത്തുണ്ട്. രാജ്യം കണ്ട ഏറ്റവും മികച്ച വിസില്‍ ബ്ലോവര്‍മാരായി പരിഗണിക്കുന്ന ആശിഷ് ചതുര്‍വേദിയും ഡോ. ആനന്ദ് റായും
മധ്യപ്രദേശില്‍ ബി.ജെ.പിക്ക് വലിയ തോതില്‍ വെല്ലുവിളിയാവുന്നതാണ് വ്യാപം അഴിമതി. 2013 ലെ തെരഞ്ഞെടുപ്പ് കാലത്തും പരീക്ഷാ ബോര്‍ഡ് ക്രമക്കേട് പ്രതിപക്ഷം ഉയര്‍ത്തിയിരുന്നെങ്കിലും അതിന്റെ തോത് പുറംലോകം അറിയുന്നത് ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷമായിരുന്നു. ഈ തെരഞ്ഞെടുപ്പില്‍ അഭ്യസ്തവിദ്യരെ അണിനിരത്തി വ്യാപം അഴിമതിക്ക് മറുപടി പറയുകയെന്ന ലക്ഷ്യം കൂടിയുണ്ട് കോണ്‍ഗ്രസിന്.
ബി.ജെ.പിക്കെതിരായ ആരോപണങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തുന്നത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ലക്ഷ്യമാണ്. വീണുകിട്ടുന്ന അവസരങ്ങള്‍ പോലും അവര്‍ കൃത്യമായി ഉപയോഗപ്പെടുത്തുകയും ചെയ്യും. കേവലം രാഷ്ട്രീയ ആരോപണം എന്നതിനപ്പുറത്താണ് ഈ തെരഞ്ഞെടുപ്പില്‍ വ്യാപം കേസിന്റെ പ്രസക്തി. പ്രതിപക്ഷത്തിന്റെ പ്രധാന പിടിവള്ളികളില്‍ ഒന്നാണിത്.
കേസിന്റെ വ്യാപ്തി പുറംലോകത്തെയറിച്ച രണ്ട് സാമൂഹ്യപ്രവര്‍ത്തകര്‍ ഇത്തവണ മത്സരരംഗത്തുണ്ട്. രാജ്യം കണ്ട ഏറ്റവും മികച്ച വിസില്‍ ബ്ലോവര്‍മാരായി പരിഗണിക്കുന്ന ആശിഷ് ചതുര്‍വേദി, ഡോ. ആനന്ദ് റായ് തുടങ്ങിയവര്‍ ജയ് ആദിവാസി യുവശക്തി പാര്‍ട്ടിയുടെ പ്രതിനിധികളായാണ് ഗോദയില്‍ ഇറങ്ങുന്നത്.
ആശിഷ് ചതുര്‍വേദി ഗ്വാളിയോര്‍ ഈസ്റ്റില്‍ നിന്നും ആനന്ദ് റായ് ഇന്‍ഡോറില്‍ നിന്നുമാണ് ജനവിധി തേടാനൊരുങ്ങുന്നത്. നേരത്തെ ഇവര്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന സംസ്ഥാന നേതാക്കളുമായുള്ള അസ്വാരസ്യങ്ങളാണ് മറിച്ചൊരു ചിന്തയിലേക്ക് നയിച്ചത്.
ബി.ജെ.പിയുടെ മായാസിങ്, കോണ്‍ഗ്രസിന്റെ മുന്നാലാല്‍ ഗോയലിനെ 1147 വോട്ടിന് തോല്‍പിച്ച മണ്ഡലമാണ് ഗ്വാളിയോര്‍ ഈസ്റ്റ്. ശിവ രാജ് സിങ് ചൌഹാന്‍ മന്ത്രിസഭയിലെ ആരോഗ്യ വകുപ്പ് കൈകാര്യം ചെയ്തിരുന്ന ഡോ. മഹേന്ദ്ര ഹര്‍ദിയ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പങ്കജ് സാങ്‌വിയെ 14000 വോട്ടുകള്‍ക്കാണ് ഇന്‍ഡോറില്‍ പരാജയപ്പെടുത്തിയത്.
സോഷ്യല്‍ മീഡിയവഴി പ്രചാരണം ശക്തമാക്കി കഴിഞ്ഞു ഇരുവരും. അഴിമതിയില്‍ മുങ്ങി നില്‍ക്കുന്ന സര്‍ക്കാറിനെ സുതാര്യമായ ഇടപെടലുകളിലൂടെ നേരിടുമ്പോള്‍ ജയത്തില്‍ കുറഞ്ഞൊന്നും ഇവര്‍ പ്രതീക്ഷിക്കുന്നില്ല എന്നതാണ് സത്യം.
Adjust Story Font
16