Quantcast

റഫാല്‍‌: നിര്‍ണായക ചോദ്യങ്ങളുമായി സുപ്രീംകോടതി

റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് പഴയ കരാര്‍ പരിഗണനയിലിരിക്കെ എന്തിനാണ് മാറ്റം വരുത്തിയത് എന്നാണ് മുഖ്യമായി സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചത്

MediaOne Logo

Web Desk

  • Published:

    14 Nov 2018 10:53 AM GMT

റഫാല്‍‌: നിര്‍ണായക ചോദ്യങ്ങളുമായി സുപ്രീംകോടതി
X

റഫാല്‍ ഇടപാടില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികള്‍ സുപ്രിംകോടതി വിധി പറയാന്‍ മാറ്റി. വിശദമായ വാദം പൂര്‍ത്തിയാക്കിയ ശേഷമാണ് കോടതിയുടെ നടപടി. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായി വ്യോമസേന ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി വിവരങ്ങള്‍ ആരാഞ്ഞ ശേഷമാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുളള ബെഞ്ച് വിശദമായ വാദം കേള്‍ക്കലിലേക്ക് കടന്നത്.

വാദം കേള്‍ക്കുന്നതിനിടെ ഇടപാടുമായി ബന്ധപ്പെട്ട് നിര്‍ണായക ചോദ്യങ്ങള്‍ സുപ്രിംകോടതി ഉന്നയിച്ചു. റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് പഴയ കരാര്‍ പരിഗണനയിലിരിക്കെ എന്തിനാണ് മാറ്റം വരുത്തിയത് എന്നാണ് മുഖ്യമായി സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചത്. റാഫേല്‍ ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാണിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം മുഖ്യമായി ഉന്നയിച്ച വിഷയം ഇതാണ്. വിമാനങ്ങള്‍ എളുപ്പം ലഭ്യമാക്കുന്നതിനാണ് ഓഫ് സെറ്റ് കരാറില്‍ മാറ്റം വരുത്തിയത് എന്നാണ് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കിയത്. കൂടാതെ വില സംബന്ധിച്ച കാര്യങ്ങള്‍ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യമാണ് എന്നും എ.ജി കോടതിയില്‍ ബോധിപ്പിച്ചു.

ഓഫ് സെറ്റ് കരാറും മുഖ്യ കരാറും ഒന്നിച്ചല്ലേ പോകേണ്ടത് എന്നും കോടതി ചോദിച്ചു. ഏതെല്ലാം രാജ്യങ്ങള്‍ റഫാല്‍ വിമാനങ്ങള്‍ വാങ്ങിയിട്ടുണ്ട്, ഇന്ത്യയ്ക്ക് ഇപ്പോള്‍ ആവശ്യമുളള വിമാനങ്ങളുടെ എണ്ണം എത്ര തുടങ്ങി നിര്‍ണായക ചോദ്യങ്ങളും കോടതി ആരാഞ്ഞു. ഇതിന് മറുപടിയായി 1985ന് ശേഷം വിമാനക്കരാറുകള്‍ ഉണ്ടാക്കിയിട്ടില്ലെന്ന് എ.ജി പറഞ്ഞു.

കാര്‍ഗില്‍ യുദ്ധ സമയത്ത് റഫാല്‍ യുദ്ധ വിമാനങ്ങള്‍ ഉണ്ടായിരുന്നുവെങ്കില്‍ നിരവധി സൈനികരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നുവെന്ന് എ.ജി വ്യക്തമാക്കി. കാര്‍ഗില്‍ യുദ്ധം 1999-2000 കാലഘട്ടത്തിലാണ്, റഫാല്‍ കരാര്‍ 2014ലാണെന്നും ചീഫ് ജസ്റ്റിസ് പ്രതികരിച്ചു.

രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായി വ്യോമസേന ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുന്ന സാഹചര്യത്തിനും സുപ്രിംകോടതി സാക്ഷിയായി. വൈസ് എയര്‍ മാര്‍ഷല്‍ ടി ചലപതിയുടെ നേതൃത്വത്തിലുളള ഉദ്യോഗസ്ഥരാണ് കോടതിയില്‍ ഹാജരായി. ഇവരോട് വിമാനത്തിന്റെ സാങ്കേതിക മേന്മ ഉള്‍പ്പെടെയുളള വിശദാംശങ്ങള്‍ കോടതി ആരാഞ്ഞു.

TAGS :

Next Story