Quantcast

1031 വിധികള്‍; സുപ്രീംകോടതിയില്‍ ഏറ്റവും കൂടുതല്‍ വിധികളെഴുതിയ മലയാളിയായി ജസ്റ്റിസ് കുര്യന്‍ ജോസഫ്

മുത്തലാഖ്, ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ തുടങ്ങിയ സുപ്രധാന കേസുകളില്‍ വിധി പറഞ്ഞ ഭരണഘടനാ ബെഞ്ചിന്റെ ഭാഗമായിരുന്നു ജസ്റ്റിസ് കുര്യന്‍ ജോസഫ്

MediaOne Logo
1031 വിധികള്‍; സുപ്രീംകോടതിയില്‍ ഏറ്റവും കൂടുതല്‍ വിധികളെഴുതിയ മലയാളിയായി ജസ്റ്റിസ് കുര്യന്‍ ജോസഫ്
X

സുപ്രീംകോടതിയില്‍ അഞ്ചു വര്‍ഷവും എട്ട് മാസവും നീണ്ട സേവനത്തിനിടെ ആയിരത്തിലധികം വിധികളെഴുതി ജസ്റ്റിസ് കുര്യന്‍ ജോസഫ്. 1031 വിധികളാണ് ഇതുവരെ പുറപ്പെടുവിച്ചത്. ഇതോടെ പരമോന്ന കോടതിയില്‍ ഏറ്റവും കൂടുതല്‍ വിധി പറയുന്ന മലയാളി ജഡ്ജിയായി കുര്യന്‍ ജോസഫ് റെക്കോര്‍‌ഡിട്ടു. ‌

സുപ്രീം കോടതിയില്‍ ഇതുവരെ സേവനം അനുഷ്ഠിച്ച ജഡ്ജിമാര്‍ എഴുതിയ വിധികളുടെ കണക്ക് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഈ പട്ടികയില്‍‌ കുര്യന്‍ ജോസഫിന് നിലവില്‍ പത്താം സ്ഥാനമാണ്. 2001 മുതല്‍ 2009 വരെ സുപ്രീംകോടതിയില്‍ സേവനം അനുഷ്ടിച്ച ജസ്റ്റിസ് അരിജിത് പാസായത് ആണ് പട്ടികയില്‍ മുന്നില്‍. ഒന്‍പത് വര്‍ഷത്തോളം നീണ്ട കാലയളവില്‍ ജസ്റ്റിസ് അരിജിത് 2692 വിധികളാണ് പുറപ്പെടുവിച്ചത്. ‌ജസ്റ്റിസുമാരായ കെ.രാമസ്വാമി (2252), എസ്.ബി സിന്‍ഹ (2202), ജെ.സി ഷാ (1881), ജി.ബി പട്നായിക് (1338), പി.ബി ഗജേന്ദ്രഗഡ്കര്‍ (1212), കെ.എന്‍ വാന്‍ചൂ (1210), പി. സദാശിവം (1145), എം.ഹിദായത്തുള്ള (1097) എന്നിവരാണ് പട്ടികയില്‍ യഥാക്രമം രണ്ടു മുതല്‍ ഒന്‍പത് വരെ സ്ഥാനങ്ങളില്‍.

1145 വിധികള്‍ എഴുതി ഈ പട്ടികയില്‍ എട്ടാം സ്ഥാനത്തുള്ള ജസ്റ്റിസ് പി.സദാശിവം നിലവില്‍ കേരള ഗവര്‍ണറാണ്. 2007 മുതല്‍ 2014 വരെയുള്ള ഏഴ് വര്‍ഷകാലത്തെ സുപ്രീംകോടതി സേവന കാലയളവിലാണ് അദ്ദേഹം ഇത്രയും വിധി എഴുതിയത്. ഈ സാഹചര്യത്തില്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ് ആയിരം വിധി എഴുതിയ ജഡ്ജിമാരുടെ പട്ടികയില്‍ ഇടം നേടിയത് ശ്രദ്ധേയമാണ്. അഞ്ച് വര്‍ഷത്തെ സേവന കാലയളവിലാണ് കുര്യന്‍ ജോസഫ് 1034 വിധികള്‍ പുറപ്പെടുവിച്ചത്.

മുത്തലാഖ്, ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ തുടങ്ങിയ സുപ്രധാന കേസുകളില്‍ വിധി പറഞ്ഞ ഭരണഘടനാ ബെഞ്ചിന്റെ ഭാഗമായിരുന്നു ജസ്റ്റിസ് കുര്യന്‍ ജോസഫ്. കുടുംബ തര്‍ക്കങ്ങള്‍, വിവാഹ മോചനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കേസുകളിലെ അദ്ദേഹത്തിന്റെ വിധിന്യായങ്ങള്‍ ശ്രദ്ധേയമാണ്. ദാമ്പത്യ തർക്ക കേസുകളിൽ മിക്കതിലും കക്ഷികളെ രമ്യതയിലാക്കുന്നതിനും സമാധാനപരമായി വേർപിരിക്കുന്നതിനും കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും കുര്യന്‍ ജോസഫ് പറഞ്ഞ വിധികള്‍ നിയമജ്ഞരുടെ പ്രശംസ പിടിച്ച് പറ്റിയിട്ടുണ്ട്.

കോടതിയുടെ ഇടപെടല്‍ അച്ഛനും അമ്മയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ സഹായിച്ചതിനെ തുടര്‍ന്ന് മകന്‍ തനിക്ക് അയച്ച നന്ദി കത്ത് ഒരു വിധിന്യായത്തില്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ് പ്രസിദ്ധീകരിച്ചിരുന്നു. ഇത് കോടതിയുടെ ചരിത്രത്തില്‍ വ്യത്യസ്ത വിധിന്യായമായി. 2013 മാര്‍ച്ച് എട്ടിനാണ് ജസ്റ്റിസ് കുര്യന്‍ ജോസഫ് സുപ്രീംകോടതി ജഡ്ജിയായി നിയമിതനായത്. പരമോന്നത കോടതിയില്‍ അഞ്ച് വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി ഈ മാസം 29ന് അദ്ദേഹം സര്‍വീസില്‍ നിന്ന് വിരമിക്കും.

TAGS :

Next Story