Quantcast

സംഘ്പരിവാര്‍ ഭീഷണി: ടി.എം കൃഷ്ണയുടെ കച്ചേരി മാറ്റി

നവംബര്‍ 17, 18 തീയതികളിലായി ഡല്‍ഹിയില്‍ നടത്താനിരുന്ന പരിപാടി അസൌകര്യങ്ങള്‍ മൂലം മാറ്റിവെക്കുകയാണെന്ന് സംഘാടകരായ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ

MediaOne Logo

Web Desk

  • Published:

    15 Nov 2018 8:35 AM GMT

സംഘ്പരിവാര്‍ ഭീഷണി: ടി.എം കൃഷ്ണയുടെ കച്ചേരി മാറ്റി
X

പ്രമുഖ കര്‍ണാടക സംഗീതജ്ഞന്‍ ടി.എം കൃഷ്ണയുടെ കച്ചേരി സംഘ്പരിവാര്‍ ഭീഷണിയെത്തുടര്‍ന്ന് മാറ്റിവെച്ചു. നവംബര്‍ 17, 18 തീയതികളിലായി ഡല്‍ഹിയില്‍ നടത്താനിരുന്ന പരിപാടി അസൌകര്യങ്ങള്‍ മൂലം മാറ്റിവെക്കുകയാണെന്നാണ് സംഘാടകരായ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചത്. ഭീഷണികള്‍ക്ക് വഴങ്ങരുതെന്ന് ടി.എം കൃഷ്ണ പ്രതികരിച്ചു.

ഡല്‍ഹിയിലെ ചാണക്യപുരിയിലായിരുന്നു ഡാന്‍സ് ആന്‍ഡ് മ്യൂസിക് ഇന്‍ ദ പാര്‍ക്ക് എന്ന പരിപാടി നിശ്ചയിച്ചിരുന്നത്. നവംബര്‍ അഞ്ചിന് ട്വിറ്ററിലൂടെ പരിപാടി പ്രഖ്യാപിച്ചതിന് ശേഷം ടി.എം കൃഷ്ണക്കും സംഘാടകരായ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്കുമെതിരെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് സംഘ്പരിവാര്‍ അനുഭാവികളില്‍ നിന്ന് ഉയര്‍ന്നത്.

രാജ്യവിരുദ്ധന്‍, അര്‍ബന്‍ നക്സല്‍ എന്നൊക്കെ വിളിച്ചാണ് കൃഷ്ണക്കെതിരായ അധിക്ഷേപം. മുസ്‍ലിം, ക്രിസ്ത്യന്‍ കീര്‍ത്തനങ്ങള്‍ പാടുന്നതിലും മതേതര-ജാതി വിരുദ്ധ നിലപാടുകളുടെയും പേരിലാണ് ആക്രമണം.

പരിപാടി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് നൂറു കണക്കിന് ട്വീറ്റുകള്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ട്വിറ്റര്‍ ഹാന്‍ഡിലിലും നിറഞ്ഞു. പിന്നാലെയാണ് ചില അടിയന്തര സാഹചര്യങ്ങളാല്‍ പരിപാടി മാറ്റിവെക്കുകയാണെന്ന് സംഘാടകര്‍ ട്വീറ്റ് ചെയ്തത്. പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല.

ഇത്തരം ഭീഷണികള്‍ക്ക് മുന്നില്‍ തോറ്റുകൊടുക്കാനാവില്ലെന്നാണ് കൃഷ്ണയുടെ പ്രതികരണം. നവംബര്‍ 17ന് ഡല്‍ഹിയില്‍ ആരെങ്കിലും വേദി സംഘടിപ്പിച്ചാല്‍ പാടുമെന്നും അദ്ദേഹം അറിയിച്ചു. പരിപാടി മാറ്റിയതിനെതിരെ വ്യാപക വിമര്‍ശം ഉയര്‍ന്നിട്ടുണ്ട്. സംഘ്പരിവാര്‍ ഭീഷണിയെത്തുടര്‍ന്ന് മുന്‍പും മഗ്സസെ ജേതാവ് കൂടിയായ ടി.എം കൃഷ്ണയുടെ കച്ചേരികള്‍ മാറ്റിവെച്ചിട്ടുണ്ട്.

TAGS :

Next Story