Quantcast

കത്‍വ കേസില്‍ നിന്ന് അഭിഭാഷക ദീപിക സിംഗിനെ പെണ്‍കുട്ടിയുടെ കുടുംബം ഒഴിവാക്കി

തങ്ങളുടെ കേസ് വാദിക്കേണ്ടതില്ലെന്ന് അഭിഭാഷക ദീപിക സിംഗ് രജാവതിനോട് കത്‍വ കൂട്ടബലാത്സംഗ കേസിനിരയായി കൊല്ലപ്പെട്ട എട്ടുവയസ്സുകാരിയുടെ കുടുംബം.

MediaOne Logo

Web Desk

  • Published:

    15 Nov 2018 7:28 AM GMT

കത്‍വ കേസില്‍ നിന്ന് അഭിഭാഷക ദീപിക സിംഗിനെ പെണ്‍കുട്ടിയുടെ കുടുംബം ഒഴിവാക്കി
X

തങ്ങളുടെ കേസ് വാദിക്കേണ്ടതില്ലെന്ന് അഭിഭാഷക ദീപിക സിംഗ് രജാവതിനോട് കത്‍വ കൂട്ടബലാത്സംഗ കേസിനിരയായി കൊല്ലപ്പെട്ട എട്ടുവയസ്സുകാരിയുടെ കുടുംബം. കേസ് ഏറ്റെടുത്തതിനെ തുടര്‍ന്ന് അഭിഭാഷകയ്ക്കും കുടുംബത്തിനും നേരെ വധഭീഷണിയടക്കം ശക്തമായതിനെ തുടര്‍ന്നാണ് കുടുംബത്തിന്റെ പിന്മാറ്റം. അഭിഭാഷകയുടെ ജീവന്റെ സുരക്ഷയെ കരുതിയാണ് തങ്ങളുടെ കേസിന് ഹാജരാകുന്നതില്‍ നിന്ന് ദീപിക സിംഗിനെ ഒഴിവാക്കാന്‍ പെണ്‍കുട്ടിയുടെ കുടുംബം തീരുമാനിച്ചത്. കേസില്‍ ഹാജരാകാന്‍ അഭിഭാഷകയ്ക്ക് നല്‍കിയ വക്കാലത്ത് കുടുംബം പിന്‍വലിക്കും.

കത്‍വ കേസ് ദീപിക സിംഗ് സ്വയം ഏറ്റെടുക്കുകയായിരുന്നു. അതിന് ശേഷം വിവിധയിടങ്ങളില്‍ നിന്ന് ബലാത്സംഗ-വധഭീഷണികളടക്കം അവര്‍ക്ക് നേരിടേണ്ടി വരികയും ചെയ്തു. നിരവധി ദേശീയ അന്തര്‍ദേശിയ വേദികളില്‍ കത്‍വ പെണ്‍കുട്ടിക്ക് നീതി തേടി അവര്‍ തന്റെ സാന്നിധ്യം അറിയിച്ചിരുന്നു.

കത്‍വ കേസിലെ വിചാരണ ജമ്മു കാശ്മീരിന് പുറത്തേക്ക്, പഞ്ചാബിലെ പത്താന്‍കോട്ടിലേക്ക് മാറ്റിയ സുപ്രീം കോടതി ഉത്തരവിന് ശേഷം കോടതിക്ക് പുറത്തേക്ക് വിജയചിഹ്നം ഉയര്‍ത്തിക്കാട്ടി ദീപിക സിംഗ് നടന്നുവരുന്ന ഫോട്ടോ വൈറലായിരുന്നു. കത്‍വ കേസില്‍ ഹാജരാകരുതെന്ന് ബാര്‍ അസോസിയേഷനില്‍ നിന്നും ദീപികയ്ക്ക് ഭീഷണിയുണ്ടായിരുന്നു. കശ്മീര്‍ ഹൈക്കോടതിയില്‍ വച്ച് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ബിഎസ് സലാത്തിയ അവരെ പരസ്യമായി ഭീഷണിപ്പെടുത്തുക വരെയുണ്ടായി.

കഴിഞ്ഞ ജനുവരി 10 ന് രസനയിലെ വീടിന് സമീപത്തുനിന്നുമാണ് പെണ്‍കുട്ടിയെ കാണാതായത്. തുടര്‍ന്ന് ഏഴു ദിവസത്തിന് ശേഷം ജനുവരി 17ന് വനപ്രദേശത്ത് നിന്നും പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.മുസ്‌ലിം നാടോടി സമൂഹമായ ബക്കര്‍വാളുകളെ രസന ഗ്രാമത്തില്‍ നിന്നും ഭയപ്പെടുത്തി ഓടിക്കുന്നതിനു വേണ്ടിയായിരുന്നു പ്രദേശത്തെ ഭൂരിപക്ഷമായ ഹിന്ദുസമുദായത്തില്‍പ്പെട്ട പ്രതികള്‍ എട്ടുവയസുകാരിയായ ആസിഫയെ ക്രൂരപീഡനത്തിനിരയാക്കിത്.

കുട്ടിയെ മയക്കുമരുന്ന് നല്‍കി നിരവധി തവണ ക്ഷേത്രത്തിനുള്ളില്‍ വെച്ച് ബലാത്സംഗം ചെയ്തുവെന്നാണ് കുറ്റപത്രത്തിലുള്ളത്. പിന്നീട് കാട്ടിലുപേക്ഷിച്ചു. കേസിലെ പ്രധാന സൂത്രധാരനായ, റിട്ടയേര്‍ഡ് ഉദ്യോഗസ്ഥന്‍ സഞ്ജിറാം, ആര്‍ക്കും സംശയം തോന്നാതിരിക്കാനായി, ക്ഷേത്രത്തിലെ പൂജകളൊന്നും ആ ദിവസങ്ങളില്‍ മുടക്കിയിരുന്നുമില്ല. സഞ്ജിറാമിന്റെ മകന്‍ ഷമ്മ എന്നറിയപ്പെടുന്ന വിശാല്‍ ജംഗോത്രയും പ്രായപൂര്‍ത്തിയായിട്ടില്ലാത്ത മരുമകനും കുറ്റകൃത്യത്തില്‍ പങ്കാളികളാണ്. മീററ്റില്‍ പഠിക്കുകയായിരുന്ന വിശാല്‍ ജംഗോത്രയെ ജനുവരി 11 ന് കസിന്‍ ഫോണ്‍ ചെയ്ത് വരുത്തുകയായിരുന്നു. നിനക്ക് നിന്റെ കാമസംതൃപ്തിക്കായി ഇങ്ങോട്ടുവരാം എന്നായിരുന്നു കസിന്‍ വിശാലിനോട് ഫോണില്‍ പറഞ്ഞതെന്നും പൊലീസിന്റെ കുറ്റപത്രത്തിലുണ്ട്.

TAGS :

Next Story