Quantcast

രാജസ്ഥാനില്‍ വസുന്ധര രാജക്കെതിരെ ജസ്വന്ത് സിങ്ങിന്റെ മകന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

ഏറ്റവും വിജയസാധ്യത കല്‍പിക്കപ്പെടുന്ന രാജസ്ഥാനില്‍ 32 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി പട്ടിക കൂടി കോണ്‍ഗ്രസ് പുറത്തിറക്കി

MediaOne Logo

Web Desk

  • Published:

    17 Nov 2018 11:47 AM GMT

രാജസ്ഥാനില്‍ വസുന്ധര രാജക്കെതിരെ ജസ്വന്ത് സിങ്ങിന്റെ മകന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി
X

മുഖ്യമന്ത്രി വസുന്ധര രാജെ മല്‍സരിക്കുന്ന വി.ഐ.പി മണ്ഡലമായ ജല്‍റാപതാനില്‍ കോണ്‍ഗ്രസിനുവേണ്ടി മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത് സിങ്ങിന്റെ മകന്‍ മാനവേന്ദ്ര സിങ് കളത്തിലിറങ്ങും. ഏറ്റവും വിജയസാധ്യത കല്‍പിക്കപ്പെടുന്ന രാജസ്ഥാനില്‍ 32 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി പട്ടിക കൂടി കോണ്‍ഗ്രസ് പുറത്തിറക്കി.

മുന്‍ ബി.ജെ.പി എം.എല്‍.എയായ മാനവേന്ദ്ര സിങ് അടുത്തിടെയാണു കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ബി.ജെ.പിക്കു ശക്തമായ പിന്‍ബലമായിരുന്ന രജപുത്ര വിഭാഗത്തില്‍നിന്നുള്ള നേതാക്കളാണു ജസ്വന്ത് സിങ്ങും മകനും. മാനവേന്ദ്ര സിങ്ങിനെ സ്ഥാനാര്‍ഥിയാക്കിയതോടെ നിയമസഭാ തിരഞ്ഞെടുപ്പില്‍ രജപുത്ര സമുദായത്തെ സ്വാധീനിക്കാനാകുമെന്ന പ്രതീക്ഷയിലാണു കോണ്‍ഗ്രസ്.

152 പേരുടെ ആദ്യ സ്ഥാനാര്‍ഥി പട്ടികയില്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, പി.സി.സി അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ്, മുതിര്‍ന്ന നേതാക്കളായ സി.പി.ജോഷി, ഗിരിജ വ്യാസ് തുടങ്ങിയവരുണ്ട്. കഴിഞ്ഞ ദിവസം രാജിവച്ച ബിജെപി എംപി ഹരീഷ് മീണയും സീറ്റ് നിഷേധിക്കപ്പെട്ട എം.എല്‍.എ ഹബീബുര്‍ റഹ്മാനും അടക്കം മറ്റു പാര്‍ട്ടികളില്‍നിന്നെത്തിയ 6 പേരും ഇടം പിടിച്ചു.

ഗെലോട്ട് സിറ്റിങ് സീറ്റായ സര്‍ദാര്‍പുരയിലും സച്ചിന്‍ പൈലറ്റ് ടോങ്കിലും മല്‍സരിക്കും. പ്രതിപക്ഷ നേതാവ് രാമേശ്വര്‍ ദൂതി, ഹരീഷ് ചൗധരി തുടങ്ങിയവരും മല്‍സര രംഗത്തുണ്ട്. 200 അംഗ നിയമസഭയിലേക്കു ഡിസംബര്‍ 7നാണു തിരഞ്ഞെടുപ്പ്.

എ.ബി.വാജ്‌പേയി സര്‍ക്കാരിലെ കരുത്തരായ മന്ത്രിമാരിലൊരാളായിരുന്നു ജസ്വന്ത് സിങ്. ധനം, ആഭ്യന്തരം, വിദേശകാര്യം തുടങ്ങിയ വകുപ്പുകള്‍ പലഘട്ടങ്ങളിലായി കൈകാര്യം ചെയ്തു. മുഹമ്മദലി ജിന്നയെക്കുറിച്ച് തന്റെ പുസ്തകത്തില്‍ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ ബി.ജെ.പി പുറത്താക്കി. 2014ല്‍ കുളിമുറിയില്‍ വീണു തലയ്ക്കു പരുക്കേറ്റ ശേഷം അബോധാവസ്ഥയിലാണ്.

TAGS :

Next Story