Quantcast

റാഫേല്‍ കരാര്‍; പ്രതിരോധ വിദഗ്ധ സമിതിയെയും തെറ്റിദ്ധരിപ്പിച്ചു, കേന്ദ്ര സര്‍ക്കാര്‍ വീണ്ടും പ്രതിരോധത്തില്‍ 

MediaOne Logo

Web Desk

  • Published:

    18 Nov 2018 4:02 AM GMT

റാഫേല്‍ കരാര്‍; പ്രതിരോധ വിദഗ്ധ സമിതിയെയും തെറ്റിദ്ധരിപ്പിച്ചു, കേന്ദ്ര സര്‍ക്കാര്‍ വീണ്ടും പ്രതിരോധത്തില്‍ 
X

റാഫേൽ ഇടപാടിൽ പ്രതിരോധ വിദഗ്ധ സമിതിയെയും കേന്ദ്രം തെറ്റിദ്ധരിപ്പിച്ചു. ഫ്രഞ്ച് സര്‍ക്കാരിന്‍റെ നിയമപരമായ ഉറപ്പുണ്ടെന്ന് അവകാശപ്പെട്ടാണ് വിദഗ്ദ സമിതിയുടെ റിപ്പോര്‍ട്ട് കേന്ദ്രം മറികടന്നത്. എന്നാല്‍ സുപ്രീംകോടതിയിലെ സത്യവാങ്മൂലത്തില്‍ ഇടപാടില്‍ നിയമപരമായ ഉറപ്പില്ലെന്നായിരുന്നു കേന്ദ്രം അറിയിച്ചത്.

റാഫേല്‍ വിമാന ഇടപാടില്‍ ഫ്രഞ്ച് സര്‍ക്കാരിന്‍റെ നിയമപരമായ ഉറപ്പില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചത്. എന്നാല്‍ ഇടപാടിനെതിരെ വിദഗ്ധ സമിതി ഉന്നയിച്ച എതിര്‍പ്പുകള്‍ സര്‍ക്കാര്‍ മറികടന്നത് ഫ്രഞ്ച് സര്‍ക്കാരിന്‍റെ ഉറപ്പുണ്ടെന്ന് അവകാശപ്പെട്ടും. ഇന്ത്യന്‍ പ്രതിരോധ വിദഗ്ധ സമിതിയെപ്പോലും തെറ്റിദ്ധരിപ്പിച്ചാണ് റാഫേല്‍ ഇടപാടുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുപോയതെന്ന് ഇതോടെ വ്യക്തമാവുകയാണ്.

ദസോ ഏവിയേഷന്‍ കമ്പനിയുമായുള്ള റാഫേല്‍ യുദ്ധവിമാന ഇടപാടിനെക്കുറിച്ച് ഇന്ത്യന്‍ വിദഗ്ദ സംഘം ഉന്നയിച്ച എതിര്‍പ്പുകളില്‍ പ്രധാനപ്പെട്ടവ ഇവയാണ്. ഒന്ന്, ദസോ കമ്പനിയില്‍ നിന്ന് ബാങ്ക് ഗ്യാരന്‍റിയില്ല. അതുകൊണ്ട് മുന്‍കൂര്‍ പണം നല്‍കുന്നത് സുരക്ഷിതമല്ല. രണ്ട്, ദസോ കമ്പനിയുടെ സാമ്പത്തിക സ്ഥിതി മെച്ചമല്ല. അതിനാല്‍ 36 റാഫേല്‍ വിമാനങ്ങള്‍ യഥാസമയത്ത് കിട്ടുമെന്ന് ഉറപ്പില്ല.

ഈ രണ്ട് എതിര്‍പ്പുകളെയും പ്രതിരോധ മന്ത്രാലയം മറികടന്നത് ഫ്രഞ്ച് പ്രസിഡന്‍റിന്‍റെ ജാമ്യമുണ്ടെന്ന് അവകാശപ്പെട്ടാണ്. അതായത് വിമാനങ്ങള്‍ കരാര്‍ പ്രകാരം ലഭിച്ചില്ലെങ്കില്‍ മുടക്കുമുതലും നഷ്ടപരിഹാരവുമുള്‍പ്പെടെ ഫ്രഞ്ച് സര്‍ക്കാര്‍ വാങ്ങിത്തരുമെന്ന്. ഇത് മുഖവിലക്കെടുത്താണ് വിദഗ്ധ സമിതിയും സുരക്ഷ ചുമതലയുള്ള കാബിനറ്റ് കമ്മിറ്റിയും കരാറിന് അനുമതി നല്‍കിയത്.

എന്നാല്‍ കഴിഞ്ഞ ദിവസം സര്‍ക്കാരിന് വേണ്ടി അറ്റോണി ജനറല്‍ കെ.കെ വേണുഗോപാല്‍ സുപ്രീംകോടതിയെ അറിയിച്ചത് ഫ്രഞ്ച് സര്‍ക്കാരില്‍ നിന്ന് കിട്ടിയത് നിയമപരമായ ഉറപ്പല്ല, മറിച്ച് ഒരു അനൗപചാരികമായ കത്ത് മാത്രമാണ് എന്നാണ്. ദസോ കമ്പനി കരാര്‍ ലംഘിക്കുന്ന പക്ഷം ഫ്രഞ്ച് സര്‍ക്കാരിന് ബാധ്യതയൊന്നുമില്ല എന്നര്‍ഥം. ഇന്ത്യക്ക് ഭാരിച്ച സാമ്പത്തിക നഷ്ടമാണ് റാഫേല്‍ ഇടപാടെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് സ്വന്തം ഉദ്യോഗസ്ഥരെയും കാബിനറ്റ് കമ്മിറ്റിയെയും തെറ്റിദ്ധരിപ്പിച്ചാണ് ഈ ഇടപാടിലേക്ക് എത്തിയതെന്ന് കൂടി വ്യക്തമാവുന്നത്.

TAGS :

Next Story