Quantcast

പെട്രോള്‍, ഡീസല്‍ വില വീണ്ടും കുറഞ്ഞു; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങള്‍

ഇന്ത്യയില്‍ ഇന്ധനവില നിശ്ചയിക്കുന്ന ആഗോള അസംസ്കൃത എണ്ണ വിലയും രൂപയുടെ മൂല്യവും അനുകൂലമായതോടെ രാജ്യത്തെ ജനങ്ങള്‍ക്ക് ആശ്വാസവാര്‍ത്തയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേള്‍ക്കുന്നത്.

MediaOne Logo

Web Desk

  • Published:

    18 Nov 2018 7:47 AM GMT

പെട്രോള്‍, ഡീസല്‍ വില വീണ്ടും കുറഞ്ഞു; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങള്‍
X

അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണ വില ഇടിയുകയും രൂപയുടെ മൂല്യം മെച്ചപ്പെടുകയും ചെയ്തതോടെ രാജ്യത്ത് ഇന്ധനവില തുടര്‍ച്ചയായി കുറഞ്ഞുവരികയാണ്. ഇന്ന് പെട്രോള്‍ വിലയില്‍ 21 പൈസയുടെയും ഡീസല്‍ വിലയില്‍ 19 പൈസയുടെയും കുറവാണ് രേഖപ്പെടുത്തിയത്.

ഇന്ത്യയില്‍ ഇന്ധനവില നിശ്ചയിക്കുന്ന ആഗോള അസംസ്കൃത എണ്ണ വിലയും രൂപയുടെ മൂല്യവും അനുകൂലമായതോടെ രാജ്യത്തെ ജനങ്ങള്‍ ആശ്വാസവാര്‍ത്തയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേള്‍ക്കുന്നത്. വരും ദിവസങ്ങളിലും ഇന്ധനവില താഴേക്ക് തന്നെയായിരിക്കുമെന്നാണ് സൂചനകള്‍. ഇന്ന് തിരുവനന്തപുരത്ത് പെട്രോള്‍ വില 80.13 രൂപയും ഡീസല്‍ വില 76.84 രൂപയുമാണ്. കോഴിക്കോട് പെട്രോള്‍ വില 78.93 രൂപയും ഡീസലിന് 75.74 രൂപയുമാണ് വില. ഇതേസമയം, കാക്കനാട് 78.68 രൂപയും 75.47 രൂപയുമാണ് പെട്രോളിനും ഡീസലിനും ഈടാക്കുന്ന വില. കഴിഞ്ഞമാസം ഇന്ധനവില എക്കാലത്തേയും ഉയര്‍ന്ന നിലയില്‍ എത്തിയിരുന്നു. നിലവില്‍ രണ്ടു മാസത്തിനിടയിലെ ഏറ്റവും താഴ്‍ന്ന നിലയിലാണ് ഇന്ധനവില.

അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങള്‍

* ഇന്ധനവില കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇടിയുകയാണെങ്കിലും രാജ്യത്തെ പ്രധാന നഗരങ്ങളിലൊക്കെ പെട്രോളും ഡീസലും തമ്മിലുള്ള വില വ്യത്യാസം വളരെ കുറഞ്ഞിട്ടുണ്ട്. ഒരു വര്‍ഷം മുമ്പ് വരെ ഡല്‍ഹിയില്‍ 11 രൂപയും മുംബൈയില്‍ 16 രൂപയുമായിരുന്നു പെട്രോളും ഡീസലും തമ്മിലുള്ള വില വ്യത്യാസം. ഇന്നിത് ഒറ്റയക്കം മാത്രമായാണ് ചുരുങ്ങിയിരിക്കുന്നത്.

* ഗോവ, ഗുജറാത്ത്, ഒഡീഷ തുടങ്ങി മൂന്നു സംസ്ഥാനങ്ങളില്‍ പെട്രോളിനേക്കാള്‍ കൂടുതല്‍ വിലയാണ് ഡീസലിന് ഈടാക്കുന്നത്. ഗോവയില്‍ പെട്രോളിനേക്കാള്‍ രണ്ടു രൂപ അധികം നല്‍കണം ഒരു ലിറ്റര്‍ ഡീസല്‍ ലഭിക്കാന്‍. ഗുജറാത്തിലും ഒഡീഷയിലും പോര്‍ട്ട് ബ്ലെയറിലും പെട്രോളിനേക്കാള്‍ ഒരു രൂപ അധികമാണ് ഡീസല്‍ നിരക്ക്.

* കുറഞ്ഞ നികുതി ചുമത്തിയതു വഴി രാജ്യത്ത് ഏറ്റവും കുറവ് ഇന്ധനവില ഈടാക്കുന്നത് ഡല്‍ഹി, ഗുഡ്‍ഗാവ്, നോയ്‍ഡ തുടങ്ങിയ മേഖലകളിലാണ്. ഗുഡ്‍ഗാവില്‍ പെട്രോളിന് 75.77 രൂപയും ഡീസലിന് 70.71 രൂപയുമാണ് വില. ഡല്‍ഹിയില്‍ പെട്രോളിന് 76.91 രൂപയും ഡീസലിന് 71.74 രൂപയുമാണ് വില.

* ഒക്ടോബറില്‍ രൂപയുടെ മൂല്യം എക്കാലത്തേയും താഴ്‍ന്ന നിലയില്‍ എത്തിയിരുന്നു. ഒരു ഡോളറിന് 74.48 രൂപ എന്ന നിലയില്‍ ആയിരുന്നു രൂപയുടെ മൂല്യം. ഇന്നിത് 72 രൂപയില്‍ താഴെ എത്തിയിട്ടുണ്ട്. രൂപയുടെ മൂല്യം ഇടിയുന്നതിനനുസരിച്ച് ഇറക്കുമതി ചെലവിലുണ്ടാകുന്ന വര്‍ധനവാണ് രാജ്യത്ത് ഇന്ധനവില വില വര്‍ധിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന്.

* ഇന്ത്യയില്‍ ഇന്ധനവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന ഒരു ഘടകം അന്താരാഷ്ട്ര വിപണിയിലെ അസംസ്കൃത എണ്ണ വിലയാണ്. കാരണം ഇന്ത്യ 80 ശതമാനം അസംസ്കൃത എണ്ണയും ഇറക്കുമതി ചെയ്യുന്നതാണ്.

TAGS :

Next Story