ലാലുവിനെ കുടുക്കിയത് പ്രധാനമന്ത്രിയുടെ ഓഫീസും രാകേഷ് അസ്താനയും: അലോക് വർമയുടെ മൊഴി പുറത്ത്
അസ്താനക്കെതിരെ ഉയർന്ന നിരവധി അഴിമതി ആരോപണങ്ങൾ ഡയറക്ടർ അലോക് വർമ അന്വേഷിക്കുമെന്ന് കണ്ടപ്പോഴാണ് വർമക്കെതിരെ അസ്താന മോദി സർക്കാറിനെ സമീപിച്ചത്.
ഐ.ആർ.സി.ടി.സി കുംഭകോണക്കേസിൽ രാഷ്ട്രീയ ജനതാദൾ നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ലാലുപ്രസാദ് യാദവിനെ കുടുക്കാൻ പ്രധാനമന്ത്രിയുടെ ഓഫിസും സി.ബി.ഐ മുൻ ഡയറക്ടർ രാകേഷ് അസ്താനയും മുതിർന്ന ബി.ജെ.പി നേതാവ് സുശീൽ മോഡിയും ഗൂഢാലോചന നടത്തിയെന്ന സി.ബി.ഐ ഡയറക്ടർ അലോക് വർമയുടെ മൊഴി പുറത്ത്.
കേന്ദ്ര വിജിലൻസ് കമ്മീഷന് നൽകിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്. ഐ.ആർ.സി.ടി.സി കുംഭകോണക്കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കുള്ള മറുപടിയിലാണ് വർമ ഇക്കാര്യം കൃത്യമായി വ്യക്തമാക്കിയത്. സി.ബി.ഐ നീക്കങ്ങൾ ബീഹാർ മുഖ്യമന്ത്രി നീതിഷ് കുമാറിന് കൃത്യമായി അറിയാമായിരുന്നു. ഉപമുഖ്യമന്ത്രിയായിരുന്ന തേജസ്വി യാദവിന്റെയും മുൻമുഖ്യമന്ത്രിമാരുടെയും വസതികൾ റെയ്ഡ് ചെയ്യുമ്പോഴുള്ള സംഘർഷാവസ്ഥയും നിയമപാലനവും സി.ബി.ഐ ഉദ്യോഗസ്ഥരുടെ സുരക്ഷയും പരിഗണിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഓഫിസിലെ മുതിർന്ന ഉദ്യോഗസ്ഥർ കേസിന്റെ പുരോഗതി സംബന്ധിച്ച് സമയാസമയങ്ങളിൽ തിരക്കിയിരുന്നു. സുരക്ഷയും സംഘർഷാവസ്ഥക്കുള്ള സാധ്യതയും താൻ അവരെയും അറിയിച്ചിരുന്നു. മൂവരുടെയും വസതിയിലെ റെയ്ഡ് ആസൂത്രിതമായിരുന്നു. ഇക്കാര്യത്തിൽ കേന്ദ്ര വിജിലൻസ് കമീഷൻ അന്വേഷണം പ്രഖ്യാപിച്ചാൽ, പ്രധാനമന്ത്രിയുടെ ഓഫിസ് വഴി ഇടെപട്ട മുതിർന്ന ഉദ്യോഗസ്ഥരുടെയും മറ്റുള്ളവരുടെയും പേരുവിവരങ്ങൾ വെളിപ്പെടുത്താം.
കേസ് കൃത്യമായി വിലയിരുത്തി മേൽനോട്ടം വഹിക്കാൻ രാകേഷ് അസ്താന സമ്പൂർണ പരാജയമായിരുന്നതായി വർമ വ്യക്തമാക്കി. പ്രധാനമന്ത്രി മോദിയുടെയും ബി.ജെ.പി അധ്യക്ഷൻ അമിത് ഷായുടെയും വിശ്വസ്തനാണ് സി.ബി.ഐ സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താന. അസ്താനയും അലോക് വർമയും തമ്മിലുള്ള തൊഴുത്തിൽകുത്ത് അന്വേഷിക്കാൻ സുപ്രീംകോടതി കേന്ദ്ര വിജിലൻസ് കമീഷനെ ഏൽപിച്ചിരുന്നു. അതിന്റെ ഭാഗമായി അലോക് വർമ കേന്ദ്ര വിജിലൻസ് കമീഷന് നൽകിയ മറുപടിയിലാണ് ഗൂഢാലോചനക്കാര്യം പറയുന്നത്.
സി.ബി.ഐയുടെ സ്വയംഭരണാവകാശത്തിൽ പ്രധാനമന്ത്രിയുടെ ഓഫിസ് തുടർച്ചയായി അനധികൃതമായി ഇടപെടുന്നു. അതാണ് സി.ബി.ഐയിലെ പ്രശ്നങ്ങൾക്ക് കാരണമെന്നും അദ്ദേഹം ആരോപിച്ചു. അസ്താനക്കെതിരെ ഉയർന്ന നിരവധി അഴിമതി ആരോപണങ്ങൾ ഡയറക്ടർ അലോക് വർമ അന്വേഷിക്കുമെന്ന് കണ്ടപ്പോഴാണ് വർമക്കെതിരെ അസ്താന മോദി സർക്കാറിനെ സമീപിച്ചത്. അസ്താനയുടെ പരാതി കേന്ദ്ര കാബിനറ്റ് സെക്രട്ടറി വിജിലൻസ് കമീഷന് കഴിഞ്ഞ ആഗസ്റ്റിൽ അയച്ചിരുന്നെങ്കിലും അസ്താനക്കെതിരായ കുരുക്ക് അലോക് വർമ മുറുക്കിയപ്പോഴാണ് കഴിഞ്ഞമാസം 15 ന് സി.വി.സി കേസ് രജിസ്റ്റർ ചെയ്തത്.
Adjust Story Font
16