ശബരിമല വിഷയത്തില്‍ ഇടപെടാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
ശബരിമല വിഷയത്തില്‍ ചിലരുടെ വികാരം വ്രണപ്പെട്ടിട്ടുണ്ട്. ഞാന്‍ കഴിഞ്ഞ ദിവസം കേരള ഗവര്‍ണറുമായി സംസാരിച്ചിരുന്നു.
- Published:
19 Nov 2018 4:07 PM GMT
ശബരിമല വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന് ഇടപെടാനാകില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ചത് സുപ്രിംകോടതിയാണ്. അതുകൊണ്ട് തന്നെ ഈ വിഷയത്തില്‍ കൂടുതലൊന്നും ചെയ്യാനില്ല. സുപ്രിംകോടതി വിധിയില്‍ എന്തു പറയാനാണെന്നും രാജ്നാഥ് സിങ് ചോദിച്ചു. ഇക്കണോമിക്സ് ടൈംസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു രാജ്നാഥ് സിങിന്‍റെ പരാമര്‍ശം.
''ശബരിമല വിഷയത്തില്‍ ചിലരുടെ വികാരം വ്രണപ്പെട്ടിട്ടുണ്ട്. ഞാന്‍ കഴിഞ്ഞ ദിവസം കേരള ഗവര്‍ണറുമായി സംസാരിച്ചിരുന്നു. സുപ്രിംകോടതി വിധിയല്ലേ ? ഇതില്‍ ഞങ്ങള്‍ എന്തു പറയാനാണ്. ഈ വിഷയത്തില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുമെങ്കില്‍ അത് സംസ്ഥാന സര്‍ക്കാരിനെ കഴിയൂവെന്നും'' രാജ്നാഥ് സിങ് പറഞ്ഞു. സുപ്രിംകോടതി വിധി നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനത്തിനെതിരെ ശബരിമലയിലും സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലും ബി.ജെ.പിയും മറ്റു രാഷ്ട്രീയ പാര്‍ട്ടികളും കടുത്ത പ്രതിഷേധം ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ഈ പ്രതികരണം.
സ്ത്രീ പ്രവേശനത്തിനെതിരെയല്ല, കമ്യൂണിസ്റ്റുകള്‍ക്കെതിരെയാണ് തങ്ങളുടെ പ്രതിഷേധമെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയുടെ പ്രസ്താവനയുടെ സാഹചര്യത്തില്‍ കൂടിയാണ് രാജ്നാഥ് സിങ് ഈ അഭിപ്രായ പ്രകടനം നടത്തിയത്. യുവതികള്‍ പ്രവേശിക്കുന്നുണ്ടോയെന്നത് തങ്ങളുടെ പ്രശ്നമല്ല. കമ്മ്യൂണിസ്റ്റുകള്‍ ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നതിന് എതിരെ മാത്രമാണ് സമരം ചെയ്യുന്നത് എന്നാണ് ശ്രീധരന്‍പിള്ളയുടെ പുതിയ വിശദീകരണം. ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ടാണ് ബി.ജെ.പി സമരം തുടങ്ങിയത്. ദര്‍ശനത്തിന് ശ്രമിച്ച യുതികളെ തടയാന്‍ ബി.ജെ.പി സംസ്ഥാന നേതാക്കള്‍ തന്നെ നേതൃത്വം നല്‍കി. ഈ സമരം തുടരുന്നതിനിടെയാണ് സംസ്ഥാന പ്രസിഡന്റ് ഇന്ന് പുതിയ നിലപാട് പ്രഖ്യാപിച്ചത്.
സ്ത്രീകള്‍ ശബരിമലയില്‍ വരുന്നോ പോകുന്നോ എന്നത് തങ്ങളുടെ വിഷയമല്ലെന്നാണ് സംസ്ഥാന പ്രസിഡന്റിന്റെ വിശദീകരണം. യുവതി പ്രവേശനത്തിനെതിരെ ഭക്തജനങ്ങള്‍ പ്രതിഷേധിച്ചാല്‍ ബി.ജെ.പി പിന്തുണയ്ക്കുമെന്ന് ഒഴുക്കന്‍ മട്ടില്‍ പറഞ്ഞൊഴിയുകയും ചെയ്തു ശ്രീധരന്‍ പിള്ള. ശബരിമല വിഷയം രാഷ്ട്രീയ ആയുധം മാത്രമായാണ് ബി.ജെ.പി കാണുന്നതെന്ന വിമര്‍ശനം ശരിവക്കുന്നതായിരുന്നു ശ്രീധരന്‍പിള്ളയുടെ മലക്കംമറിച്ചില്‍.
Adjust Story Font
16