Quantcast

റിസര്‍വ് ബാങ്കും കേന്ദ്രവും തമ്മിലുള്ള അഭിപ്രായ ഭിന്നതയില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍

കേന്ദ്ര സര്‍ക്കാര്‍ ആവശ്യങ്ങളില്‍ ആര്‍.ബി.ഐ അര്‍ധസമ്മതം മൂളിയതോടെയാണ് സമവായ സാധ്യത തെളിഞ്ഞത്. 

MediaOne Logo

Web Desk

  • Published:

    20 Nov 2018 7:31 AM GMT

റിസര്‍വ് ബാങ്കും കേന്ദ്രവും തമ്മിലുള്ള അഭിപ്രായ ഭിന്നതയില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍
X

റിസര്‍വ് ബാങ്കും കേന്ദ്ര സര്‍ക്കാരും തമ്മിലെ അഭിപ്രായ ഭിന്നതയില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍. കേന്ദ്ര സര്‍ക്കാര്‍ ആവശ്യങ്ങളില്‍ ആര്‍.ബി.ഐ അര്‍ധസമ്മതം മൂളിയതോടെയാണ് സമവായ സാധ്യത തെളിഞ്ഞത്. കരുതല്‍ ധന വിനിയോഗം ഉള്‍പ്പെടെ തര്‍ക്ക വിഷയങ്ങളില്‍ അന്തിമ തീരുമാനമെടുക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കാന്‍ ഇന്നലെ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു.

ഒന്‍പത് മണിക്കൂര്‍ നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് പ്രധാന തര്‍ക്ക വിഷയങ്ങളില്‍ സര്‍ക്കാരും ആര്‍.ബി.ഐയും സമവായത്തിലേക്ക് എത്തിയത്. റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധന ശേഖരം അധികമാണെന്നും സര്‍ക്കാരിലേക്ക് കൂടുതല്‍ വിഹിതം വേണമെന്നുമായിരുന്നു സര്‍ക്കാരിന്റെ പ്രധാന ആവശ്യം. ഒരു വിദഗ്ധ സമിതിയുടെ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കരുതല്‍ ധന ശേഖരത്തിന്റെ പരിധി പുനര്‍നിര്‍വചിക്കാമെന്ന് ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു. പൊതുമേഖലാ ബാങ്കുകളുടെ വായ്പ ചട്ടങ്ങള്‍ ലഘൂകരിക്കുന്ന കാര്യത്തിലും പ്രത്യേക സമിതിയുടെ അഭിപ്രായം തേടും. വായ്പ തട്ടിപ്പുകള്‍ വ്യാപകമായ പശ്ചാത്തലത്തില്‍ പൊതുമേഖലാ ബാങ്കുകളുടെ പ്രവര്‍ത്തനത്തില്‍ ആര്‍.ബി.ഐ നിര്‍ദേശിച്ച തിരുത്തല്‍ നടപടികള്‍ പുനഃപരിശോധിക്കാന്‍ റിസര്‍വ് ബാങ്ക് സന്നദ്ധത അറിയിച്ചു.

തിരുത്തല്‍ നടപടികളുടെ ഭാഗമായുള്ള കര്‍ശന വ്യവസ്ഥകള്‍ വായ്പ വിതരണത്തിനും അതുവഴി സാമ്പത്തിക ഉണര്‍വിനും തിരിച്ചടിയാകുന്നുവെന്നായിരുന്നു സര്‍ക്കാരിന്റെ പക്ഷം. ചെറുകിട-ഇടത്തരം വ്യവസായ സ്ഥാപനങ്ങളുടെ നിലവിലെ വായ്പകള്‍ പുനഃക്രമീകരിക്കും. 25 കോടി വരെ ബാധ്യതയുള്ള സ്ഥാപനങ്ങള്‍ക്ക് വായ്പാ തിരിച്ചടവില്‍ ചില ഇളവുകള്‍ നല്‍കാനും ധാരണയായി. ആര്‍.ബി.ഐയുടെ അധികാരങ്ങള്‍ വെട്ടിച്ചുരുക്കുന്നതുള്‍പ്പെടെ സര്‍ക്കാരിന്റെ കടുത്ത സമ്മര്‍ദ്ദം നിലനില്‍ക്കെയായിരുന്നു ഡയറക്ടര്‍ ബോര്‍ഡ് യോഗം. ഡിസംബര്‍ 14ന് അടുത്ത ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേരും.

TAGS :

Next Story