Quantcast

ഫാത്തിമാ സിദ്ദീഖി: മധ്യപ്രദേശില്‍ ബി.ജെ.പിയുടെ മുസ്‍ലീം സ്ഥാനാര്‍ത്ഥി

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ജനപ്രിയ എം.എല്‍.എയുമായ ആരിഫ് അഖീലിന്റെ മുസ്‌ലിം വോട്ടുബാങ്കില്‍ വിള്ളലുണ്ടാക്കാനായി ബി.ജെ.പി രംഗത്തിറക്കുന്നത് കോണ്‍ഗ്രസ് പശ്ചാത്തലമുള്ള ഈ വനിതയെയാണ്.

MediaOne Logo

Web Desk

  • Published:

    22 Nov 2018 12:49 PM GMT

ഫാത്തിമാ സിദ്ദീഖി: മധ്യപ്രദേശില്‍ ബി.ജെ.പിയുടെ മുസ്‍ലീം സ്ഥാനാര്‍ത്ഥി
X

മോദിയുടെ ചിത്രമില്ലാതെ ബി.ജെ.പിക്കു വേണ്ടി ഒരു സ്ഥാനാര്‍ഥി വോട്ടു ചോദിക്കുന്നുണ്ടെങ്കില്‍ അത് ഭോപാല്‍ നോര്‍ത്തിലെ ഫാത്തിമാ സിദ്ദീഖിയാണ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ജനപ്രിയ എം.എല്‍.എയുമായ ആരിഫ് അഖീലിന്റെ മുസ്‌ലിം വോട്ടുബാങ്കില്‍ വിള്ളലുണ്ടാക്കാനായി ബി.ജെ.പി രംഗത്തിറക്കുന്നത് കോണ്‍ഗ്രസ് പശ്ചാത്തലമുള്ള ഈ വനിതയെയാണ്. ഇതാദ്യമായാണ് ബി.ജെ.പി ടിക്കറ്റില്‍ ഒരു മുസ്‌ലിം വനിത മധ്യപ്രദേശില്‍ മല്‍സരിക്കുന്നത്.

1992ല്‍ ഫാത്തിമാ സിദ്ദീഖിയുടെ പിതാവും കോണ്‍ഗ്രസ് മന്ത്രിയുമായിരുന്ന റസൂല്‍ അഹമ്മദ് സിദ്ദീഖിയെ ഭോപാല്‍ സെന്‍ട്രലില്‍ തോല്‍പ്പിച്ചു കൊണ്ടാണ് ആരിഫ് അഖീല്‍ മധ്യപ്രദേശ് രാഷ്ട്രീയത്തില്‍ വരവറിയിക്കുന്നത്. അന്ന് ജനതാദള്‍ ടിക്കറ്റിലായിരുന്നു ആരിഫിന്റെ മല്‍സരം. പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്ന ആരിഫിന് കഴിഞ്ഞ ആറു തവണയും തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

പിതാവിന്റെ മരണശേഷം കുറുമാറിയെത്തിയ ആരിഫിന് ടിക്കറ്റ് നല്‍കിയ കോണ്‍ഗ്രസിനോടുള്ള പ്രതികാരമാണ് തന്റേതെന്നാണ് ഫാത്തിമ പറയുന്നത്. എന്നാല്‍ റസൂല്‍ അഹമ്മദ് സിദ്ദീഖിയും 25 വര്‍ഷങ്ങള്‍ക്കപ്പുറം നടന്ന ആ പോരാട്ടവുമൊന്നും ആരുടെയും മനസ്സിലില്ല.

മുത്തലാഖ് വിഷയത്തിലെ ബി.ജെ.പി നിലപാട് മുന്‍ നിര്‍ത്തി മുസ്‌ലിം വനിതാ വോട്ടുകളെ അനുകൂലമാക്കാനാണ് ബി.ജെ.പി തന്ത്രം മെനയുന്നത്. എന്നാല്‍ അര്‍ധരാത്രിയില്‍ വിളിച്ചാല്‍ പോലും നേരിട്ട് ഫോണെടുക്കുന്ന ഈ എം.എല്‍.എക്ക് മണ്ഡലത്തിലെ ഹിന്ദു വോട്ടുകളില്‍ പോലും മികച്ച സ്വാധീനമുണ്ട്.

കഴിഞ്ഞ തവണ മോദി തരംഗത്തിനിടയില്‍ ബി.ജെ.പി മല്‍സര സരംഗത്തിറക്കിയ ആരിഫ് ബേഗിന്‍ അഖീലിനെതിരെ കനത്ത പോരാട്ടം കാഴ്ച വെച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ ഇക്കുറി 15,000 മുസ്‌ലിം വോട്ടുകളെങ്കിലും ഫാത്തിമക്ക് പിടിക്കാനായാല്‍ കൊമ്പനെ മലര്‍ത്തിയടിക്കാനാവുമെന്നാണ് ബി.ജെ.പിയുടെ കണക്കു കൂട്ടല്‍. മുസ്‌ലിംകളെ അല്‍പ്പം പോലും അലോസരപ്പെടുത്താതെയാണ് പാര്‍ട്ടിയുടെ പ്രചാരണം.

ബി.ജെ.പിക്കു വേണ്ടി നേരത്തെയും മുസ്‌ലിംകള്‍ മല്‍സര രംഗത്തുണ്ടായിരുന്നു. ഇനിയും കൂടുതല്‍ സ്ഥാനാര്‍ഥികളെ ഭാവിയില്‍ രംഗത്തിറക്കാനാണ് ബി.ജെ.പി നീക്കവും.

TAGS :

Next Story