രാമക്ഷേത്ര നിര്‍മാണം സജീവ ചര്‍ച്ചയാക്കി പ്രധാനമന്ത്രിയും സംഘ്പരിവാറും
ജഡ്ജിമാരെ ഭയപ്പെടുത്തി കോണ്‍ഗ്രസ് സുപ്രീംകോടതി വിധി വൈകിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
രാമക്ഷേത്ര നിര്‍മാണത്തിന് സമ്മര്‍ദ്ദമുയര്‍ത്തി അയോധ്യയില്‍ ലക്ഷക്കണക്കിന് ആളുകളെ പങ്കെടുപ്പിച്ച് വി.എച്ച്.പിയുടെയും ശിവസേനയുടെയും സമ്മേളനം. സംഘര്‍ഷ ഭീതിയില്‍ മുസ്‍ലിംകള്‍ അയോധ്യയില്‍ നിന്ന് പലായനം ചെയ്തു. ജഡ്ജിമാരെ ഭയപ്പെടുത്തി കോണ്‍ഗ്രസ് സുപ്രീംകോടതി വിധി വൈകിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു.
രാമക്ഷേത്ര നിര്‍മാണത്തിന് നിയമം കൊണ്ടുവരാന്‍ എന്താണ് തടസ്സമെന്നാണ് ബി.ജെ.പിയോട് ശിവസേന മേധാവി ഉദ്ധവ് താക്കറെയുടെ ചോദ്യം. തെരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ വാഗ്ദാനത്തിന് ബി.ജെ.പി ജനങ്ങളോട് മാപ്പ് പറയണമെന്നും ഉദ്ധവ് ആവശ്യപ്പെട്ടു.
സന്യാസിമാരെ മുന്‍നിര്‍ത്തി ധര്‍മ്മസഭയെന്ന പേരിലാണ് വി.എച്ച്.പിയുടെ ഏകദിന സമ്മേളനം. ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്നും ബാബരി മസ്ജിദ് നിലനിന്ന ഭൂമി മുഴുവന്‍ രാമക്ഷേത്ര നിര്‍മാണത്തിന് വിട്ടുകിട്ടണമെന്നും വി.എച്ച്.പി നേതാവ് ചമ്പക് റായി പ്രഖ്യാപിച്ചു.
രാമക്ഷേത്രം ഉന്നയിച്ച് ശിവസേനയും വി.എച്ച്.പിയും ഉയര്‍ത്തിവിട്ട പ്രതിഷേധം കോണ്‍ഗ്രസിനെതിരെ തിരിച്ചുവിടാനാണ് പ്രധാനമന്ത്രി ശ്രമിച്ചത്. ബാബരി ഭൂമിയുടെ വിധിയെ 2019ലെ തെരഞ്ഞെടുപ്പുമായി കൂട്ടിക്കെട്ടിയത് കോണ്‍ഗ്രസാണ്. കേസില്‍ വിധി പറയാനിരുന്ന ജഡ്ജിയെ ഇംപീച്ച് ചെയ്യുമെന്ന് കോണ്‍ഗ്രസ് എം.പിയായ അഭിഭാഷകന്‍ വിരട്ടിയെന്നും മോദി ആരോപിച്ചു.
മോദി കോടതിയെയാണ് ഇകഴ്ത്തുന്നതെന്ന് കപില്‍ സിബല്‍ തിരിച്ചടിച്ചു. 1992ലെ കര്‍സേവ മാതൃകയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്നതോടെയാണ് അയോധ്യയിലും പരിസരത്തുമുളള മുസ്‍ലിംകള്‍ ഭീതിയില്‍ പലായനം ചെയ്യേണ്ടിവന്നത്. നിരോധനാജ്ഞ വകവെക്കാതെയായിരുന്നു വി.എച്ച്.പിയുടെയും ശിവസേനയുടെയും സമ്മേളനം.
Adjust Story Font
16