Quantcast

ചികിത്സയിലെ അലംഭാവം; ഹെെദരാബാദ് കേന്ദ്ര സർവ്വകലാശാലയിൽ ദലിത് വിദ്യാർത്ഥി കൊല്ലപ്പെട്ടു  

MediaOne Logo

Web Desk

  • Published:

    26 Nov 2018 11:47 AM GMT

ചികിത്സയിലെ  അലംഭാവം; ഹെെദരാബാദ് കേന്ദ്ര സർവ്വകലാശാലയിൽ ദലിത് വിദ്യാർത്ഥി കൊല്ലപ്പെട്ടു  
X

ഹെെദരാബാദ് കേന്ദ്ര സർവ്വകലാശാലയിൽ ചികിത്സയിലെ അലംഭാവത്തെ തുടർന്ന് ദലിത് ഗവേഷക വിദ്യാർത്ഥി കൊല്ലപ്പെട്ടു. ഫിസിക്സിൽ പി.എച്ച്ഡി ചെയ്യുന്ന രശ്മി രഞ്ജൻ സുനയാണ് ഡെങ്കി പനിയെ തുടര്‍ന്ന് അവയവങ്ങൾ തകരാറിലായി കൊല്ലപ്പെട്ടത്. സര്‍വകലാശാലയും അടുത്തുള്ള സ്വകാര്യ ആശുപത്രിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് വിദ്യാര്‍ത്ഥിയുടെ മരണത്തിന് കാരണമെന്ന് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ പറയുന്നു. മരണത്തില്‍ പ്രതിഷേധിച്ച് സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ സമരത്തിലാണ്. രണ്ടുവർഷം മുമ്പ് റഫർ ചെയ്യാവുന്ന ആശുപത്രികളുടെ ലിസ്റ്റിൽ നിന്ന് ഈ സ്വകാര്യ ആശുപത്രിയെ നീക്കം ചെയ്തിരുന്നു. ഒരു വിധത്തിലുമുള്ള അടിസ്ഥാന സൌകര്യങ്ങളും ഇവിടെ ലഭ്യമല്ലെന്ന് വിദ്യാര്‍ത്ഥികളും സാക്ഷ്യം പറയുന്നു. ഏതു വിധേനയാണ് ഈ ആശുപത്രി പുതുതായി ലിസ്റ്റില്‍ ഇടം നേടിയതെന്ന് ചോദിക്കുകയാണ് രശ്മി രഞ്ജന്റെ സുഹൃത്ത് ചെെതന്യ മേദി ഫേസ്ബുക്ക് പോസ്റ്റിലൂടെ.

രശ്മി രഞ്ജന്റെ സുഹൃത്ത് ചെെതന്യ മേദി ഫേസ്ബുക്കില്‍ കുറിക്കുന്നു
‘രശ്മി രഞ്ജനെ സര്‍വകലാശാല ഹെല്‍ത്ത് സെന്ററും ഹിമഗിരി ആശുപത്രിയും ചേര്‍ന്ന് കൊലപ്പെടുത്തിയോ? എന്റെ സുഹൃത്ത് രശ്മി രഞ്ജന്‍ സിറ്റിസണ്‍ ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടു. വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ഒഡീഷയില്‍ നിന്നുള്ള ആദ്യ തലമുറയില്‍പെട്ട പിന്നോക്ക വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിയായിരുന്നു രശ്മി രഞ്ജന്‍. അവന്റെ ഗ്രാമത്തില്‍ നിന്നുള്ള ആദ്യ ബിരുദധാരിയായിരുന്നു രശ്മി. ഹെെദരാബാദ് സര്‍വകലാശാലയില്‍ നാലാം വര്‍ഷ പി.എച്ച്.ഡി വിദ്യാര്‍ത്ഥിയായിരുന്നു അവന്‍. നിരവധി അന്താരാഷ്ട്ര കോണ്‍ഫറന്‍സുകളിലേക്ക് ഇതിനകം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് രശ്മി രഞ്ജന്‍. അവന്റെ മരണം കുടുംബത്തിനും ഗ്രാമത്തിനും വിദ്യാര്‍ത്ഥി സമൂഹത്തിനും തീരാ നഷ്ടം തന്നെയാണ്. രശ്മി രഞ്ജന്‍ അവന്റെ നാട്ടിലെ വിദ്യാര്‍ത്ഥികള്‍ക്ക് വലിയ പ്രചോദനമായിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ച അസുഖബാധിതനായ രശ്മി ഹെൽത്ത് സെന്ററിലെ ഡോക്ടറെയാണ് ആദ്യം കണ്ടത്. ചികില്‍സാ അലംഭാവത്തിന് പേര് കേട്ട സര്‍വകലാശാലയിലെ ഹെല്‍ത്ത് സെന്ററിലെ ഡോക്ടര്‍മാര്‍ അവന് പനിക്കുള്ള മരുന്നുകളാണ് കൊടുത്തത്. പുലർച്ചെ ഒരു മണിയോടെയായിരുന്നു ഡോക്ടറെ കണ്ടത്. എന്നാൽ നാലുമണിയായതോടെ ശരീര വേദന കൂടിയിട്ടുണ്ട് എന്ന് ഡോക്ടറെ അറിയിച്ചപ്പോൾ ഹെെദരാബാദിലെ ഹിമഗിരി ഹോസ്പിറ്റലിൽ ചികിത്സ തേടാനാണ് ഹെൽത്ത് സെന്ററിലെ ഡോക്ടറും മറ്റു ഉദ്യോഗസ്ഥരും ആവശ്യപ്പെട്ടത്. എന്ത് കൊണ്ട് ഹിമഗിരി ഹോസ്പിറ്റൽ, സിറ്റിസൺ ഹോസ്പിറ്റലിൽ പോകുന്നതല്ലേ നല്ലത് എന്ന് രശ്മിയുടെ സുഹൃത്ത് ചോദിച്ചപ്പോൾ ഇതൊരു ചെറിയ വെെറൽ ഫിവർ ആണെന്നും ഇത് മാറണമെങ്കിൽ ഹിമഗിരിയിൽ തന്നെ പോകണം എന്നുമായിരുന്നു ഡോക്ടറുടെ മറുപടി.

5 മണിയോടെ രശ്മിയെ ഹിമഗിരി ഹോസ്പിറ്റൽ ജനറൽ വാർഡിൽ അഡ്മിറ്റ് ചെയ്തു. രശ്മിയുടെ ശരീരത്തിലേക്ക് സലെെൻ വാട്ടർ പമ്പ് ചെയ്തു. തനിക്ക് ശരീര വേദനയും ഉണ്ടെന്ന് ഹോസ്പിറ്റൽ അധികാരികളെ ബോധ്യപ്പെടുത്താൻ ശ്രമിച്ചപ്പോൾ രശ്മിയെ എെസിയുവിലേക്ക് മാറ്റി. എെസിയു എന്നാൽ കർ‍ട്ടൻ മറച്ചുണ്ടാക്കിയ കുറച്ചു മുറികൾ മാത്രമാണ്. രണ്ട് ദിവസം എെസിയുവിൽ കഴിഞ്ഞിട്ടും രശ്മിയുടെ ആരോഗ്യം തകർന്നു. രക്തപരിശോധന നടത്തി ഡെങ്കു ഇല്ല എന്ന റിപ്പോർട്ടാണ് ആശുപത്രി അധികൃതർ നൽകിയത്.

മറ്റൊരു ഹോസ്പിറ്റലിലേക്ക് ചികിത്സ മാറ്റാൻ തീരുമാനിച്ച രശ്മിയോട് മാറുന്നതിന് മുമ്പ് 34,000 രൂപയാണ് ഹിമഗിരി ആശുപത്രി അധികൃതർ ആവശ്യപ്പെട്ടത്, സര്‍വകലാശാലയില്‍ നിന്നുള്ള ഹെൽത്ത് ഇൻഷുറൻസ് തുക കിട്ടാൻ ഒരാഴ്ചയെടുക്കുന്നതിനാൽ രശ്മിയുടെ സുഹൃത്താണ് പണമടച്ചത്.

വ്യാഴാഴ്ച നല്ലഗണ്ട്ലയിലെ സിറ്റിസൻസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഹെൽത്ത് സെന്ററിലെയും ഹിമഗിരി ഹോസ്പിറ്റലിലെയും റിപ്പോർട്ടുകളാണ് ഡോക്ടർക്ക് കൊടുത്തത്, പിന്നീട് ശരീരവേദനയെക്കുറിച്ച് രശ്മി പറഞ്ഞപ്പോൾ മാത്രമാണ് എത്ര
ഗുരുതരമാണ് അസുഖം എന്ന് സിറ്റിസൺ ഹോസ്പിറ്റലിലെ ഡോക്ടറുമാരും മനസ്സിലാക്കിയത്. രശ്മിയുടെ നില
ഗുരുതരമാണെന്നും 48 മണിക്കൂർ നിരീക്ഷണത്തില്‍ വെക്കണമെന്നും ഡോക്ടർ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ മുതൽ ആന്തരികാവയവങ്ങൾ തകരാറിലാകുകയും രക്തസ്രാവം തുടങ്ങുകയും ചെയ്തു. ജീവൻ നിലനിർത്താനുള്ള കൃത്രിമ സംവിധാനത്തോടെയാണ് പിന്നീട് രശ്മിയെ ചികിത്സിച്ചത്. ഇതിന് ഒരു ദിവസം ഒരു ലക്ഷം രൂപയാണ് ചെലവാകുക. സിറ്റിസൻസ് ഹോസ്പിറ്റലിൽ അടക്കാനുള്ള 1.5 ലക്ഷം രൂപ ഫിസിക്സ് ഡിപ്പാർട്ട്മെന്റും ക്യാംപസിലെ വിദ്യാർത്ഥികളും ചേർന്നാണ് സമാഹരിച്ചത്.

എന്തുകൊണ്ടാണ് ഹെൽത്ത് സെന്ററിലെ ഡോക്ടർ ഹിമഗിരി ആശുപത്രിയിലേക്ക് തന്നെ രശ്മിയെ റഫർ ചെയ്തത്? രണ്ടുവർഷം മുമ്പ് റഫർ ചെയ്യാവുന്ന ആശുപത്രികളുടെ ലിസ്റ്റിൽ നിന്ന് ഹിമഗിരി ഹോസ്പിറ്റലിനെ നീക്കം ചെയ്തിരുന്നെങ്കിലും വീണ്ടും എങ്ങനെ ഹിമ
ഗിരി ഹോസ്പിറ്റൽ ലിസ്റ്റിൽ എത്തി? സര്‍വകലാശാലയും വിദ്യാർത്ഥികളുടെ പണം കൊള്ളയടിക്കുന്ന ഹിമഗിരി ഹോസ്പിറ്റലും തമ്മിലുള്ള അവിശുദ്ധ ബന്ധം ചർച്ചയാകേണ്ടിയിരിക്കുന്നു. സര്‍വകലാശാലയുടെ ചരിത്രത്തിൽ ഇന്നുവരെ മെഡിക്കൽ ഇൻഷുറൻസ് ഫണ്ടിനെപ്പറ്റി ഒരു വിവരവും അധികൃതർ വിദ്യാർത്ഥികളെ അറിയിച്ചിട്ടില്ല. എല്ലാ വിദ്യാർത്ഥി യൂണിയനുകളും ഈ വിഷയത്തിൽ നിശ്ശബ്ദത പാലിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. വിദ്യാർത്ഥികളുടെ പ്രതികരണങ്ങളെ അടിച്ചമർത്താനാണ് അധികൃതർ ശ്രമിക്കുന്നത്. വിദ്യാർത്ഥികളുടെ മെഡിക്കൽ ഫണ്ട് കൊള്ളയടിക്കുന്ന അധികൃതർക്കെതിരെ ശബ്ദമുയർത്തേണ്ടത് അത്യാവശ്യമാണ്.’

TAGS :

Next Story