Quantcast

മധ്യപ്രദേശ്, മിസോറാം തെരഞ്ഞെടുപ്പുകളുടെ പരസ്യപ്രചരണം ഇന്ന് അവസാനിക്കും

മധ്യപ്രദേശിലും മിസോറാമിലും ഭരണവിരുദ്ധ വികാരമാണ് പ്രചാരണരംഗത്ത് മുഴച്ചുനിന്നത്.

MediaOne Logo

Web Desk

  • Published:

    26 Nov 2018 1:59 AM GMT

മധ്യപ്രദേശ്, മിസോറാം തെരഞ്ഞെടുപ്പുകളുടെ പരസ്യപ്രചരണം ഇന്ന് അവസാനിക്കും
X

മധ്യപ്രദേശ്, മിസോറാം നിയമസഭ തെരഞ്ഞെടുപ്പുകളുടെ പരസ്യപ്രചരണം ഇന്ന് അവസാനിക്കും. മധ്യപ്രദേശിലും മിസോറാമിലും ഭരണവിരുദ്ധ വികാരമാണ് പ്രചാരണരംഗത്ത് മുഴച്ചുനിന്നത്. 28നാണ് ഇരു സംസ്ഥാനങ്ങളിലും പോളിങ്.

കോണ്‍ഗ്രസിനും ബി.ജെ.പിക്കും ജീവന്മരണ പോരാട്ടമാണ് മധ്യപ്രദേശില്‍. ഹിന്ദി ഹൃദയഭൂമിയായ മധ്യപ്രദേശിലെ ഫലം ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഗതി നിര്‍ണയിക്കും. ശിവ്‌രാജ് സിങ് ചൌഹാന്‍ നയിക്കുന്ന ബി.ജെ.പി സര്‍ക്കാരിനെതിരെ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നുവെന്നാണ് താഴേത്തട്ടിലെ സൂചനകള്‍. അത് മറികടക്കാനുള്ള പൊടിക്കൈകളാണ് പ്രാചരണരംഗത്ത് ബി.ജെ.പി നടത്തിയത്. രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ചായിരുന്നു ശിവരാജ് ചൌഹാന്റെ പ്രസംഗങ്ങള്‍. തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനകളെ പ്രത്യാക്രമണത്തിനുള്ള ആയുധമായി ഉപയോഗിച്ചാണ് റാലികളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിച്ചത്. ഭരണവിരുദ്ധവികാരവും കര്‍ഷക രോഷവും മുതലെടുക്കാന്‍ കാടിളക്കിയുള്ള പ്രചാരണം തന്നെ കോണ്‍ഗ്രസും സംസ്ഥാനത്ത് നടത്തി.

മുതിര്‍ന്ന നേതാവ് ദ്വിഗ്‌വിജയ് സിങ്ങും ജ്യോതി രാതിത്യ സിന്ധ്യയും തമ്മിലെ അഭിപ്രായഭിന്നതകളും കല്ലുകടിയായെങ്കിലും പ്രചരണ രംഗത്ത് മുന്നേറ്റം നടത്താനായെന്നാണ് കോണ്‍ഗ്രസിന്റെ വിശ്വാസം. മോദിയും രാഹുല്‍ ഗാന്ധിയും ഇന്നലെ മൂന്ന് വീതം റാലികളിലാണ് പങ്കെടുത്തത്. മിസോറാമില്‍ ലാല്‍ തന്‍വാലയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറാണ് ഭരണവിരുദ്ധ വികാരം നേരിടുന്നത്. ബി.ജെ.പിയും എം.എന്‍.എഫുമാണ് എതിര്‍പക്ഷത്ത്. മധ്യപ്രദേശില്‍ 230 സീറ്റുകളിലേക്കും മിസോറാമില്‍ 40 സീറ്റുകളിലേക്കുമാണ് പോളിങ്. ഡിസംബര്‍ 11നാണ് വോട്ടെണ്ണല്‍.

TAGS :

Next Story