മാതാപിതാക്കള്‍ക്ക് മുന്നിലിട്ട് ആള്‍ക്കൂട്ടം ഓട്ടോ ഡ്രൈവറെ തല്ലിക്കൊന്നു
“അത്ര വലിയ ആള്‍ക്കൂട്ടത്തിനോട് യാചിക്കാന്‍ മാത്രമേ ഞങ്ങള്‍ക്കായുള്ളൂ. തല്ലുകൊണ്ട് ഓരോ തവണയും അവന്റെ ബോധം കെടുമ്പോഴും വെള്ളം മുഖത്ത് തളിക്കുമായിരുന്നു. എന്നിട്ട് വീണ്ടും തല്ലും”
കാറുകളിലെ ബാറ്ററി മോഷ്ടിച്ചെന്ന കുറ്റം ആരോപിച്ചാണ് പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ 26കാരനായ ഓട്ടോ ഡ്രൈവറേയും രണ്ട് സുഹൃത്തുക്കളേയും ആള്‍ക്കൂട്ടം ആക്രമിച്ചത്. ഇരുന്നൂറിലേറെ പേര്‍ വരുന്ന ആള്‍ക്കൂട്ടമാണ് മാതാപിതാക്കള്‍ നോക്കി നില്‍ക്കെ അവിനാശ് സക്‌സേനയെന്ന യുവാവിനെ തല്ലിക്കൊന്നത്. തങ്ങളുടെ മകനെ വെറുതെ വിടണമെന്ന് മാതാപിതാക്കള്‍ കരഞ്ഞ് കാലുപിടിച്ചിട്ടും ആള്‍ക്കൂട്ടം തയ്യാറായില്ല.
'ഞങ്ങള്‍ അവിടെയെത്തുമ്പോള്‍ രക്ഷിക്കണമെന്ന് പറഞ്ഞ് കരയുകയായിരുന്നു അവന്‍. അത്ര വലിയ ആള്‍ക്കൂട്ടത്തിനോട് യാചിക്കാന്‍ മാത്രമേ ഞങ്ങള്‍ക്കായുള്ളൂ. തല്ലുകൊണ്ട് ഓരോ തവണയും അവന്റെ ബോധം കെടുമ്പോഴും വെള്ളം മുഖത്ത് തളിക്കുമായിരുന്നു. എന്നിട്ട് വീണ്ടും തല്ലും. പൊലീസിനെ വിളിക്കാന്‍ ശ്രമിച്ചതോടെ ഞങ്ങളുടെ മൊബൈല്‍ ഫോണും അവര്‍ വാങ്ങിവെച്ചു' സക്‌സേനയുടെ മാതാവ് കുസും ലത പറയുന്നു. ഈ അതിക്രമത്തെ അക്രമികളില്‍ ചിലര്‍ തന്നെ റെക്കോഡ് ചെയ്യുന്നുമുണ്ടായിരുന്നു.
കൊല്ലപ്പെട്ട സക്‌സേനക്കും ഒപ്പമുണ്ടായിരുന്ന മുനി പാല്‍(26), സുരാജ് യാദവ്(24) എന്നിവര്‍ക്കുമെതിരെ പൊലീസ് മോഷണക്കേസെടുത്തിട്ടുണ്ട്. മുനിപാലും സുരാജും ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്. മയക്കുമരുന്നിന് അടിമയായിരുന്നു സക്‌സേനയെന്നും അതുകൊണ്ടാകാം അയാള്‍ എളുപ്പം കൊല്ലപ്പെട്ടതെന്നുമാണ് പേര് വെളിപ്പെടുത്താതെ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞത്.
സക്‌സേനയുടെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിച്ചുവരുന്നേയുള്ളൂവെന്ന് പൊലീസ് പറയുമ്പോഴും അയാള്‍ക്കെതിരെ കേസുകളൊന്നുമുണ്ടായിരുന്നില്ലെന്ന് കുടുംബം പറയുന്നു. മാതാപിതാക്കള്‍ക്കും ഭാര്യക്കും രണ്ട് കുട്ടികള്‍ക്കുമൊപ്പമാണ് അവിനാശ് സക്‌സേന കഴിഞ്ഞിരുന്നത്. രാത്രിയിലായിരുന്നു ഇയാള്‍ കൂടുതലും ഓട്ടോ ഓടിച്ചിരുന്നത്. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ മോഹന്‍ ഗാര്‍ഡനില്‍ വാടകവീട്ടിലായിരുന്നു ഇവരുടെ താമസം. താമസസ്ഥലത്തു നിന്നും രണ്ട് കിലോമീറ്റര്‍ മാത്രം അകലെ പുലര്‍ച്ചെ 3.30നും 07.30നും ഇടയിലായിരുന്നു ഈ ആള്‍ക്കൂട്ട മര്‍ദ്ദനവും മരണവും നടന്നത്.
അവിനാശ് സക്‌സനേയും രണ്ട് കൂട്ടുകാരും കാറുകളിലെ ബാറ്ററി മോഷ്ടിക്കുന്നത് കയ്യോടെ പിടികൂടിയെന്നായിരുന്നു ആള്‍ക്കൂട്ടത്തിന്റെ വാദം. പൊതുസ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നും ബാറ്ററി ഊരിയെടുത്ത് ഓട്ടോറിക്ഷയില്‍ ഘടിപ്പിക്കാന്‍ ശ്രമിക്കുമ്പോഴാണ് ഇവരെ പിടികൂടിയതെന്നും അവര്‍ ആരോപിക്കുന്നു. പുലര്‍ച്ച നാലരയോടെയാണ് അവിനാശിന്റെ പിതാവിന്റെ ഫോണിലേക്ക് മകന്റെ കോള്‍ വരുന്നത്. ഓട്ടോറിക്ഷയുടെ രേഖകള്‍ സഹിതം വേഗം വരാനായിരുന്നു അവിനാശ് പിതാവിനോട് ഭയപ്പാടോടെ പറഞ്ഞത്.
അവിനാശിന്റെ മാതാപിതാക്കള്‍ ഓടിയെത്തിയപ്പോള്‍ മൂന്നു പേരേയും വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ട് ആള്‍ക്കൂട്ടം മര്‍ദ്ദിക്കുന്നതാണ് കണ്ടത്. വടികൊണ്ടും ഇരുമ്പുദണ്ഡുകള്‍കൊണ്ടുമെല്ലാം ആളുകള്‍ മാറി മാറി മര്‍ദ്ദിച്ചു. അവരെ വിട്ടുകിട്ടാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ രക്ഷിതാക്കള്‍ പൊലീസിനെ ബന്ധപ്പെടാന്‍ ശ്രമിച്ചു. അത് കണ്ട ആള്‍ക്കൂട്ടത്തിലെ ചിലര്‍ ഫോണ്‍ പിടിച്ചുവാങ്ങി. ഒടുവില്‍ തിരിച്ചു പോകേണ്ടി വന്ന മാതാപിതാക്കള്‍ രാവിലെ എട്ടരയോടെ പൊലീസുമായാണ് സംഭവസ്ഥലത്തെത്തിയത്. പൊലീസുകാര്‍ അവിനാശിനേയും മറ്റു രണ്ടുപേരെയും ആശുപത്രിയിലെത്തിച്ചു. അവിടെവെച്ചാണ് അവിനാശ് സക്‌സേനയുടെ മരണം സ്ഥിരീകരിച്ചത്.
Adjust Story Font
16