Quantcast

തെലങ്കാനയില്‍ ന്യൂനപക്ഷ പ്രീണനത്തിലൂടെ വോട്ട് തട്ടാനാണ് കോണ്‍ഗ്രസ് ശ്രമമെന്ന് അമിത് ഷാ

“പള്ളികളിലും മോസ്‌കുകളിലും സൗജന്യ വൈദ്യുതി ഉറപ്പാക്കുമെന്നാണ് തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ കോണ്‍ഗ്രസ് പറഞ്ഞിരിക്കുന്നത്. പക്ഷേ അമ്പലങ്ങളെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ല” 

MediaOne Logo

Web Desk

  • Published:

    2 Dec 2018 4:04 PM GMT

തെലങ്കാനയില്‍ ന്യൂനപക്ഷ പ്രീണനത്തിലൂടെ വോട്ട് തട്ടാനാണ് കോണ്‍ഗ്രസ് ശ്രമമെന്ന് അമിത് ഷാ
X

തെലങ്കാനയില്‍ ന്യൂനപക്ഷങ്ങളെ സന്തോഷിപ്പിച്ച് വോട്ട് നേടാനാണ് കോണ്‍ഗ്രസിന്റെ ശ്രമമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. മബഹൂബ് നഗറിലെ നാരായണ്‍പേട്ടില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേയാണ് തെലങ്കാനയിലെ കാവല്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിനെതിരെയും കോണ്‍ഗ്രസിനെതിരെയും അമിത് ഷാ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

പള്ളികളിലും മോസ്‌കുകളിലും സൗജന്യ വൈദ്യുതി ഉറപ്പാക്കുമെന്നാണ് തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ കോണ്‍ഗ്രസ് പറഞ്ഞിരിക്കുന്നത്. പക്ഷേ അമ്പലങ്ങളെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ല. അധികാരത്തില്‍ വന്നാല്‍ ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് 20 ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും കോണ്‍ഗ്രസ് പറയുന്നു. ഇത് ന്യൂനപക്ഷപ്രീണനമല്ലെങ്കില്‍ പിന്നെന്താണെന്ന് ചോദിച്ച അമിത് ഷാ നിയമസഭ പിരിച്ചുവിട്ട് നേരത്തെ തെരഞ്ഞെടുപ്പ് നടത്താനുള്ള ചന്ദ്രശേഖര റാവുവിന്റെ നീക്കം സംസ്ഥാനത്തിന് വന്‍ സാമ്പത്തിക ബാധ്യതയാകുമെന്നും പറഞ്ഞു.

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കു വേണ്ടി സംവരണം കൊണ്ടുവരുമെന്നും അവര്‍ക്കുവേണ്ടി പ്രത്യേകം ആശുപത്രികള്‍ സ്ഥാപിക്കുമെന്നും കോണ്‍ഗ്രസിന്റെ പ്രകടനപത്രിക പറയുന്നു. ന്യൂനപക്ഷവിഭാഗത്തിലല്ലാത്ത ദരിദ്രരുടെ അവസ്ഥ എന്താകുമെന്നാണ് തനിക്ക് രാഹുല്‍ ഗാന്ധിയോട് ചോദിക്കാനുള്ളതെന്നും അമിത് ഷാ പറഞ്ഞു.

മുസ്ലിംങ്ങള്‍ക്ക് 12 ശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്നാണ് തെലങ്കാന മുഖ്യമന്ത്രിയുടെ വാഗ്ദാനം. മതാടിസ്ഥാനത്തിലുള്ള സംവരണം തെലങ്കാനയില്‍ യാഥാര്‍ഥ്യമാകാന്‍ ബി.ജെ.പി അനുവദിക്കില്ല. നിയമസഭയുടെ കാലാവധി തികച്ച് മെയില്‍ തെരഞ്ഞെടുപ്പിനെ നേരിടാന്‍ കെ.സി.ആറിന് ഭയമുള്ളതുകൊണ്ടാണ് സഭ നേരത്തെ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിന് കളമൊരുക്കിയത്. ടി.ആര്‍.എസ് ഭരണകാലത്ത് തെലങ്കാനയില്‍ 4500 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. തെലങ്കാന പ്രക്ഷോഭത്തിന്റെ ഭാഗമായി ജീവന്‍ നഷ്ടപ്പെട്ട 1200 പേരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന പ്രഖ്യാപനം കെ.സി.ആര്‍ മറന്നെന്നും അമിത് ഷാ പറഞ്ഞു.

119 അംഗ തെലങ്കാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബര്‍ ഏഴിനാണ് നടക്കുക. ഡിസംബര്‍ 11ന് തെരഞ്ഞെടുപ്പ് ഫലം വരും.

TAGS :

Next Story