Quantcast

ആര്‍.എസ്.പി ദേശീയ സമ്മേളനത്തിന് ഡല്‍ഹിയില്‍ തുടക്കമായി

കേരളത്തിൽ യു.ഡി.എഫിനോടൊപ്പമുള്ള പാർട്ടി, ദേശീയ തലത്തിൽ ഇടതു മുന്നണിയിൽ പ്രവർത്തിക്കുന്നതിലുള്ള വൈരുദ്ധ്യം സമ്മേളനത്തിൽ ഉയരാനിടയുണ്ട്

MediaOne Logo

Web Desk

  • Published:

    2 Dec 2018 2:41 AM GMT

ആര്‍.എസ്.പി ദേശീയ സമ്മേളനത്തിന് ഡല്‍ഹിയില്‍ തുടക്കമായി
X

ഇരുപത്തിയൊന്നാമത് ആർ.എസ്.പി ദേശീയ സമ്മേളനത്തിന് ഡൽഹിയിൽ തുടക്കമായി. മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന സമ്മേളനത്തിൽ, വരുന്ന പൊതു തെരഞ്ഞെടുപ്പിൽ പാർട്ടി സ്വീകരിക്കുന്ന നിലപാട് സംബന്ധിച്ച വിഷയം ചർച്ചയാകും. ഇന്നലെ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ള ഇടത് നേതാക്കൾ പങ്കെടുത്തു.

നിർണ്ണായകമായ 2019 പൊതു തെരഞ്ഞെടുപ്പിൽ ആർ.എസ്.പി സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ചാണ് ദേശീയ സമ്മേളനത്തിലെ പ്രധാന ചർച്ച. ബി.ജെ.പി സർക്കാരിനെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ശക്തമായ തീരുമാനങ്ങൾ തന്നെ സ്വീകരിക്കണമെന്നാണ് പാർട്ടിയിലെ പൊതുവികാരം. തെരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസുമായി യാതൊരു നീക്കുപോക്കിനും സി.പി.എം തയ്യാറല്ലെങ്കിലും, ഇടതു മുന്നണിയിലുളള ആർ.എസ്.പിക്ക് അത്തരമൊരു അഭിപ്രായമില്ല. അതിനാൽ കോൺഗ്രസുമായി നേരിട്ട് സഖ്യത്തിൽ ആയില്ലെങ്കിലും തെരഞ്ഞെടുപ്പിൽ സഹകരണ കാഴ്ചപ്പാട് പുലർത്തണമെന്ന തീരുമാനം കൈക്കൊള്ളാനാണ് സാധ്യത.

ബംഗാളിലും ത്രിപുരയിലും ആർ.എസ്.പിക്ക് ഏറ്റ തിരിച്ചടിയും ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നതിലേക്ക് പാർട്ടിയെ നയിച്ചിട്ടുണ്ട്. അതേസമയം കേരളത്തിൽ യു.ഡി.എഫിനോടൊപ്പമുള്ള പാർട്ടി, ദേശീയ തലത്തിൽ ഇടതു മുന്നണിയിൽ പ്രവർത്തിക്കുന്നതിലുള്ള വൈരുദ്ധ്യം സമ്മേളനത്തിൽ ഉയരാനിടയുണ്ട്. ചർച്ചയാകുമെങ്കിലും ഇക്കാര്യത്തിൽ കടുത്ത തീരുമാനങ്ങൾക്ക് സാധ്യതയില്ല. ഇന്നലെ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ഇടതുകക്ഷികൾ ഒറ്റക്കെട്ടായി പോകണമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. സി.പി.ഐ നേതാവ് ഡി. രാജ അടക്കമുള്ളവരും ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു.

TAGS :

Next Story