“ഇന്ത്യ എന്‍റെ പിതാവിന്‍റെ രാജ്യം, എന്നെ ഇവിടെ നിന്ന് ഓടിക്കാനാവില്ല”; യോഗിയോട് ഉവൈസി
തെലങ്കാനയിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് ബി.ജെ.പി അധികാരത്തിലെത്തിയാല്‍ ഉവൈസിക്ക് പലായനം ചെയ്യേണ്ടിവരുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞത്
തെലങ്കാനയില്‍ ബി.ജെ.പി അധികാരത്തിലെത്തിയാല്‍ പലായനം ചെയ്യേണ്ടിവരുമെന്ന ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പരാമര്‍ശത്തിന് മറുപടിയുമായി മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എ.ഐ.എം.എ.എം) നേതാവ് അസദുദ്ദീന്‍ ഉവൈസി. ഇന്ത്യ തന്റെ പിതാവിന്റെ രാജ്യമാണെന്നും തന്നെ ഇവിടുന്ന് ഓടിക്കാമെന്ന് ആരും വ്യാമോഹിക്കേണ്ടെന്നും ഉവൈസി പറഞ്ഞു. തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുമ്പോഴാണ് ഉവൈസി യോഗിക്ക് മറുപടി നല്‍കിയത്.
പ്രവാചകന്‍ ആദം പറുദീസയില്‍ നിന്ന് ഭൂമിയിലിറങ്ങിയത് ഇന്ത്യയിലാണെന്നാണ് വിശ്വാസം. അതിനാല്‍ ഇന്ത്യ തന്റെ പിതാവിന്റെ രാജ്യമാണ്. ഈ രാജ്യത്ത് നിന്ന് ആര്‍ക്കും തന്നെ ബലമായി പലായനം ചെയ്യിക്കാനാവില്ലെന്ന് ഉവൈസി പറഞ്ഞു.
യോഗിക്ക് ചരിത്രം അറിയില്ലെന്നും ഉവൈസി വിമര്‍ശിച്ചു. നൈസാം മിര്‍ ഉസ്മാന്‍ അലി ഖാന്‍ ഹൈദരാബാദില്‍ നിന്ന് പലായനം ചെയ്തെന്ന യോഗിയുടെ ധാരണ ശരിയല്ല. ചൈനയുമായുള്ള യുദ്ധകാലത്ത് തന്റെ കൈവശമുള്ള സ്വര്‍ണം അടക്കമുള്ള സമ്പാദ്യങ്ങള്‍ ഇന്ത്യക്ക് നല്‍കുകയാണ് നൈസാം ചെയ്തതെന്നും ഉവൈസി വിശദീകരിച്ചു. യോഗി നരേന്ദ്ര മോദിയുടെ ഭാഷയിലാണ് സംസാരിക്കുന്നത്. തന്‍രെ മണ്ഡലത്തില്‍ നവജാത ശിശുക്കള്‍ മരിക്കുന്നതിന് പരിഹാരം കാണുകയാണ് യോഗി ആദ്യം ചെയ്യേണ്ടതെന്നും ഉവൈസി ആവശ്യപ്പെട്ടു.
യോഗിക്കെതിരെ അസദുദ്ദീന്‍ ഉവൈസിയുടെ സഹോദരന്‍ അക്ബറുദ്ദീന്‍ ഉവൈസിയും രംഗത്തെത്തി. ആരും ഇന്ത്യയില്‍ നിന്ന് പലായനം ചെയ്യാന്‍ പോകുന്നില്ലെന്നും തങ്ങളുടെ ആയിരം തലമുറകള്‍ ഈ രാജ്യത്ത് തന്നെ ജീവിക്കുമെന്നും അക്ബറുദ്ദീന്‍ വ്യക്തമാക്കി.
തെലങ്കാനയിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് ബി.ജെ.പി അധികാരത്തിലെത്തിയാല്‍ ഉവൈസിക്ക് പലായനം ചെയ്യേണ്ടിവരുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞത്. ഹൈദരാബാദില്‍ നൈസാം പലായനം ചെയ്ത പോലെയാകും ഉവൈസിയുടെ പലായനമെന്നും യോഗി പറയുകയുണ്ടായി.
Adjust Story Font
16