Quantcast

രാജീവ് ഗാന്ധിയെ ചൊല്ലിയുള്ള വിവാദ പ്രമേയത്തില്‍ വിശദീകരണം നല്‍കി ആം ആദ്മി; എം.എല്‍.എ രാജിവെക്കില്ല

രാജീവ് ഗാന്ധിയുടെ ഭാരതരത്‌ന പുരസ്‌കാരം തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കിയെന്ന വാര്‍ത്തയാണ് വിവാദത്തിനിടയാക്കിയത്.

MediaOne Logo

Web Desk

  • Published:

    22 Dec 2018 12:54 PM GMT

രാജീവ് ഗാന്ധിയെ ചൊല്ലിയുള്ള വിവാദ പ്രമേയത്തില്‍ വിശദീകരണം നല്‍കി ആം ആദ്മി; എം.എല്‍.എ രാജിവെക്കില്ല
X

സിഖ് കൂട്ടക്കൊലയില്‍ രാജീവ് ഗാന്ധിയുടെ പങ്കിനെച്ചൊല്ലി ആം ആദ്മി പാര്‍ട്ടിയില്‍ ഉടലെടുത്ത കലഹത്തിന് അന്ത്യം. രാജീവ് ഗാന്ധിയുടെ ഭാരതരത്‌ന പുരസ്‌കാരം തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കിയെന്ന വാര്‍ത്തയാണ് വിവാദത്തിനിടയാക്കിയത്. രാജിക്കൊരുങ്ങിയ അല്‍ക ലാംബ എം.എല്‍.എ ഭാരതരത്‌ന സംബന്ധിച്ച പരാമര്‍ശം പ്രമേയത്തിലില്ലെന്ന പാര്‍ട്ടി വിശദീകരണത്തിന് പിന്നാലെ നിലപാട് മാറ്റി.

ഇന്നലെ ഡല്‍ഹി അസംബ്ലിയില്‍ അവതരിപ്പിച്ച പ്രമേയത്തെച്ചൊല്ലിയാണ് തര്‍ക്കം ഉടലെടുത്തത്. 1984 സിഖ് കൂട്ടക്കൊലയിലെ ഇരകള്‍ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ആം ആദ്മി അംഗം ജെര്‍ണയില്‍ സിങ്ങാണ് പ്രമേയം അവതരിപ്പിച്ചത്. പ്രസംഗത്തിനിടെ കൂട്ടക്കൊലയില്‍ ആരോപണ വിധേയനായ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് നല്‍കിയ രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ഭാരതരത്‌ന തിരിച്ചെടുക്കണമെന്ന് ജെര്‍ണയില്‍ സിങ് ആവശ്യപ്പെട്ടു.

പ്രമേയത്തെ പിന്തുണക്കുന്നില്ലെങ്കില്‍ രാജിവെക്കാന്‍ മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്രിവാള്‍ ആവശ്യപ്പെട്ടെന്ന് അല്‍ക ലാംബ ട്വീറ്റ് ചെയ്തതാണ് വിവാദമായത്. എന്നാല്‍ ഭാരതരത്‌ന തിരിച്ചെടുക്കുന്ന കാര്യം പ്രമേയത്തിലില്ലെന്നും തന്റെ വ്യക്തിപരമായ അഭിപ്രായമാണ് പ്രസംഗത്തില്‍ വന്നതെന്നും ജെര്‍ണയില്‍ സിങ് വ്യക്തമാക്കി.

വിവാദ പ്രമേയവും രാജിയുമായും ബന്ധപ്പെട്ട വാര്‍ത്തകള്‍ കെജ്രിവാളും നിഷേധിച്ചതോടെയാണ് വിവാദത്തിന് അന്ത്യമായത്. പിന്നാലെ അല്‍ക ലാംബയും രാജിസന്നദ്ധത പിന്‍വലിച്ചു. കോണ്‍ഗ്രസ് നേതൃത്വത്തിലെ വിശാല സഖ്യത്തിലേക്ക് ആം ആദ്മിയും അടുക്കുന്നതിനിടെയാണ് സിഖ് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട വിവാദ പ്രമേയം. കോണ്‍ഗ്രസ് ആംആദ്മി ബന്ധം ഉലയാതിരിക്കാനാണ് വിവാദം വേഗത്തില്‍ അവസാനിപ്പിച്ചതെന്നാണ് സൂചന.

TAGS :

Next Story