Quantcast

‘ബേട്ടി ബചാവോ ബേട്ടി പഠാവോ’; 56 ശതമാനം തുകയും ചെലവഴിച്ചത് പരസ്യത്തിനും പ്രചാരണങ്ങൾക്കും

പദ്ധതിയുടെ ലക്ഷ്യം പ്രശസ്തി മാത്രമായി ചുരുങ്ങിയെന്നാണ് സർക്കാർ തന്നെ നൽകുന്ന രേഖകള്‍ വ്യക്തമാക്കുന്നത്.

MediaOne Logo

Web Desk

  • Published:

    23 Jan 2019 5:40 AM GMT

‘ബേട്ടി ബചാവോ ബേട്ടി പഠാവോ’; 56 ശതമാനം തുകയും ചെലവഴിച്ചത് പരസ്യത്തിനും പ്രചാരണങ്ങൾക്കും
X

കേന്ദ്ര സര്‍ക്കാരിന്റെ 'ബേട്ടി ബചാവോ ബേട്ടി പഠാവോ' പദ്ധതിക്കായി അനുവദിച്ച തുകയിൽ 56 ശതമാനവും ചെലവഴിച്ചത് പരസ്യങ്ങൾക്കും മാധ്യമങ്ങൾ വഴിയുള്ള പ്രചാരണങ്ങൾക്കും വേണ്ടി. സംസ്ഥാനങ്ങൾക്കും ജില്ലകൾക്കും പ്രവര്‍ത്തനങ്ങള്‍ക്കായി നൽകിയത് 25 ശതമാനത്തിൽ താഴെ മാത്രം. 19 ശതമാനത്തോളം തുക വകയിരുത്തിയിട്ടേ ഇല്ലെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

2015 ജനുവരി 22നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി 'ബേട്ടി ബചാവോ ബേട്ടി പഠാവോ' പദ്ധതി പ്രഖ്യാപിച്ചത്. ഇന്ത്യയിൽ കുറഞ്ഞുവരുന്ന പെണ്‍ശിശുജനനനിരക്ക് വർധിപ്പിക്കുക, പെൺകുട്ടികളോടുള്ള സമൂഹത്തിന്റെ മനോഭാവത്തിൽ മാറ്റം വരുത്തുക എന്നീ ലക്ഷ്യങ്ങളായിരുന്നു പദ്ധതിയിലൂടെ മുന്നോട്ട് വെച്ചത്. എന്നാൽ പദ്ധതിയുടെ ലക്ഷ്യം പ്രശസ്തി മാത്രമായി ചുരുങ്ങിയെന്നാണ് സർക്കാർ തന്നെ നൽകുന്ന രേഖകള്‍ വ്യക്തമാക്കുന്നത്.

2015ൽ പെൺശിശുജനനനിരക്ക് കുറഞ്ഞ 100 ജില്ലകൾ കേന്ദ്രീകരിച്ചായിരുന്നു പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനം. രണ്ടാം ഘട്ടത്തിൽ 61 ജില്ലകള്‍ കൂടി കൂട്ടിച്ചേർത്തു. ഈ 161 ജില്ലകളിലെയും പെൺശിശു ജനനനിരക്ക് അനുപാതം പരിശോധിക്കുമ്പോൾ പദ്ധതിക്ക് ഇവിടങ്ങളിൽ കാര്യമായ മാറ്റങ്ങളുണ്ടാക്കാൻ സാധിച്ചിട്ടില്ലെന്നാണ് വ്യക്തമാവുന്നത്. കേന്ദ്രഭരണപ്രദേശങ്ങളിലാണ് കുറവ് വ്യക്തമായി കാണാനാകുന്നത്. ‌

ഇതുവരെ 644 കോടി രൂപയാണ് കേന്ദ്രസർക്കാർ പദ്ധതിക്കായി വകയിരുത്തിയത്. ഇതിൽ 159 കോടി മാത്രമാണ് സംസ്ഥാനങ്ങള്‍ക്കും ജില്ലകൾക്കുമായി നൽകിയത്. ഫണ്ടുകൾ വകയിരുത്തുന്നതിലെ അപാകതയാണ് പദ്ധതിയുടെ ഭാഗിക പരാജയത്തിന് പിന്നിൽ. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളെ അവഗണിച്ച്, പ്രചാരണപരിപാടികൾക്കും പരസ്യങ്ങൾക്കുമായി ഇത്രയധികം തുക വകയിരുത്തിയതും കാരണമായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

കപിൽ പാട്ടീൽ, ശിവ്കുമാര്‍ ഉദാസി (ബി.ജെ.പി), സുഷ്മിത ദേവ് (കോണ്‍ഗ്രസ്), ഗുത സുഖേന്ദർ (ടി.ആർ.എസ്), സഞ്ജയ് യാദവ്(ശിവസേന) എന്നീ എം.പിമാരുടെ ചോദ്യങ്ങൾക്ക് മറുപടിയായി വനിതാ ശിശുക്ഷേമന്ത്രി ഡോ.വീരേന്ദ്ര കുമാർ ലോക്സഭയിൽ പറഞ്ഞ കണക്കുകളാണിത്. കേന്ദ്രസർക്കാരിന്റെ അഭിമാന പദ്ധതിയായി ബി.ജെ.പി ഇപ്പോഴും 'ബേട്ടി ബചാവോ ബേട്ടി പഠാവോ' ഉയർത്തിക്കാണിക്കുമ്പോഴും യഥാർഥത്തിൽ പദ്ധതിയിലൂടെ കാര്യമായ മാറ്റങ്ങളൊന്നും നടപ്പിലാക്കാന്‍ സാധിച്ചിട്ടില്ല.

TAGS :

Next Story