Quantcast

പെല്ലറ്റ്ഗൺ; മാരകായുധമല്ലെന്ന് ഇന്ത്യന്‍ സൈന്യം, 1500ലധികം ആളുകളുടെ കാഴ്ച്ച നഷ്ടപ്പെട്ടു! എന്താണ് ശരിക്കും പെല്ലറ്റ്ഗണ്‍? 

MediaOne Logo

Web Desk

  • Published:

    23 Jan 2019 4:43 AM GMT

പെല്ലറ്റ്ഗൺ; മാരകായുധമല്ലെന്ന് ഇന്ത്യന്‍ സൈന്യം, 1500ലധികം ആളുകളുടെ കാഴ്ച്ച നഷ്ടപ്പെട്ടു! എന്താണ് ശരിക്കും പെല്ലറ്റ്ഗണ്‍? 
X

ഇന്ത്യൻ ഗവൺമെന്റ് പെല്ലറ്റ്ഗൺ മാരകായുധമല്ലെന്നാണ് പറയുന്നത്. എന്നാൽ കശ്മീരിൽ ഇതിന്റെ പ്രത്യാഘാതം എത്രയോ ഭീകരമാണ്. 2010 മുതൽ കശ്മീരിൽ പട്ടാളക്കാർ പെല്ലറ്റ് ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്. വിമതരെ തിരിച്ചടിക്കാനും ജനക്കൂട്ടത്തെ ഓടിക്കാനുമെല്ലാം പൊലീസ് ഉപയോഗിക്കുന്ന പ്രധാന ആയുധമാണ് പെല്ലറ്റ് ഗൺ.

എന്നാൽ പെല്ലറ്റേറ്റ് നൂറുകണക്കിനാളുകളുടെ കാഴ്ച്ചയാണ് നഷ്ടപ്പെട്ടിട്ടുള്ളത്. നിരവധി പേർക്ക് മരണവും സംഭവിച്ചിട്ടുണ്ട്.

ശരിക്കും എന്താണ് പെല്ലറ്റ് ഗൺ?

വേട്ടയാവശ്യങ്ങള്‍ക്ക് വേണ്ടിയാണ് പെല്ലറ്റ് ഗൺ പ്രാഥമികമായി ആദ്യമായി നിര്‍മിക്കുന്നത്. ഇന്ത്യൻ സുരക്ഷാ സേന ഇപ്പോള്‍ ഉപയോഗിക്കുന്നത് 12-gauge, pump-action shot gun മോഡലിലുള്ള പെല്ലറ്റ് തോക്കുകളാണ്. ഒരു തിരയില്‍ 600 പെല്ലറ്റുകള്‍ പുറത്ത് വരുന്ന സംവിധാനമുള്ള, ഒരു മണിക്കൂറിൽ 1100 കി.മീ വേഗതയിലാണ് പെല്ലറ്റുകള്‍ ഒരു വെടിയുതിര്‍ക്കലില്‍ സഞ്ചരിക്കുക. 600 തിരകള്‍ ഒരുമിച്ച് പുറത്തേക്ക് തെറിക്കുന്നത് കൊണ്ട് തന്നെ തിരകള്‍ക്ക് കൃത്യമായ ഒരു പാതയില്ലയെന്നത് ഇതിന്റെ ഭീകരത സൂചിപ്പിക്കുന്നു. ഇത്തരത്തില്‍ പുറത്ത് വരുന്ന വെടുയുണ്ടകള്‍ എതിര്‍ പക്ഷത്ത് നില്‍ക്കുന്ന വൃക്തിയുടെ വിവിധ ശരീര ഭാഗങ്ങളിലാണ് പതിക്കുന്നത്. ഇത് വഴി ഏറ്റവും അധികം പരിക്കേല്‍ക്കുന്നത് വ്യക്തിയുടെ കണ്ണുകള്‍ക്കാണ് എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കശ്മീരില്‍ കണ്ണുകള്‍ക്ക് മാത്രം പരിക്ക് പറ്റി ഇരുട്ടില്‍ കഴിയുന്ന കശ്മീരികളുടെ കഥ ഇതിന് ഉദാഹരണമാണ്. സർജറിക്ക് ശേഷവും ശരീരത്തിൽ കുടുങ്ങിക്കിടക്കുന്ന പെല്ലറ്റുകൾ എടുക്കാനാവാത്തവരാണ് ഇവരിലധികവും. ശരീരത്തില്‍ കയറി ചിതറികിടക്കുന്ന 600ലധികം പെല്ലറ്റുകൾ പുറത്തേക്കെടുക്കാൻ പ്രയാസകരമായതിനാല്‍ പലരും ആ സാഹസത്തിന് അധികം ഊര്‍ജം ചെലവഴിക്കാറില്ല. കഴിഞ്ഞ വർഷം നവംബറിലാണ് രണ്ട് വയസ്സ് മാത്രം പ്രായമുള്ള ഹിബ നിസാറിന് പെല്ലറ്റേല്‍ക്കുന്നത്. കുഞ്ഞ് ഹിബയുടെ കാഴ്ച്ച ശക്തി പൂർണമായും നഷ്ടപ്പെടുമെന്നാണ് ഡോക്ടർമാർ സര്‍ജറികള്‍ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞത്.

2016ന് ശേഷം മാത്രം കശ്മീരിൽ 7000ത്തിലധികം ആളുകൾക്ക് പെല്ലെറ്റേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ കാണിക്കുന്നത്. 1500ലധികം ആളുകൾ കണ്ണിനേറ്റ പരിക്കുകൾകൊണ്ട് പൊറുതിമുട്ടുകയുമാണ്. നീതികരിക്കാനാവാത്ത പെല്ലറ്റ്ഗണ്ണിന്റെ ഉപയോഗം ഇപ്പോഴും കശ്മീരിൽ തുടർന്നു കൊണ്ടിരിക്കുകയാണ്.

(ടി.ആര്‍.ടി വേള്‍ഡിന്റെ വീഡിയോ സ്റ്റോറിയെ അധികരിച്ചെഴുതിയത്)

TAGS :

Next Story