Quantcast

പാകിസ്താന് വീണ്ടും തിരിച്ചടി നല്‍കി ഇന്ത്യ

ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്താനുള്ള എം.എഫ്.എന്‍ പദവി ഇന്ത്യ പിന്‍വലിച്ചതിന് പിന്നാലെയാണ്

MediaOne Logo

Web Desk

  • Published:

    16 Feb 2019 3:27 PM GMT

പാകിസ്താന് വീണ്ടും തിരിച്ചടി നല്‍കി ഇന്ത്യ
X

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെതിരെ കടുത്ത നടപടികളുമായി ഇന്ത്യ. പാകിസ്താനില്‍ നിന്നുള്ള ഉത്പന്നങ്ങളുടെ കസ്റ്റംസ് തീരുവ കേന്ദ്ര സര്‍ക്കാര്‍ കുത്തനെ ഉയര്‍ത്തി. പാകിസ്താനില്‍ നിന്നു ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ കസ്റ്റംസ് തീരുവ 200 ശതമാനമാക്കിയാണ് ഉയര്‍ത്തിയത്. ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്താനുള്ള എം.എഫ്.എന്‍ പദവി ഇന്ത്യ പിന്‍വലിച്ചതിന് പിന്നാലെയാണ് കസ്റ്റംസ് തീരുവ ഉയര്‍ത്തിയതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്.

അന്താരാഷ്ട്ര തലത്തില്‍ പാകിസ്താനെ ഒറ്റപ്പെടുത്താന്‍ ഇന്ത്യക്കുള്ള പ്രധാന ആയുധങ്ങളില്‍ ഒന്നാണ് പാകിസ്താന് നേരത്തെ അനുവദിച്ച എം.എഫ്.എന്‍ പദവി. ഇരു രാജ്യങ്ങളുടെയും വ്യാപാരത്തെ ബാധിക്കുന്ന നടപടിയാണിത്. ഉറി ഭീകരാക്രമണത്തിന് പിന്നാലെ ഈ പദവി പിന്‍വലിക്കാന്‍ ആലോചിച്ചെങ്കിലും ഇന്ത്യ തീരുമാനം എടുത്തിരുന്നില്ല.

മോസ്റ്റ് ഫേവേഡ് നാഷന്‍സ് അഥവാ ഏറ്റവും വേണ്ടപ്പെട്ട രാജ്യം എന്നാണ് എം.എഫ്.എന്‍ എന്നതിന്‍റെ അര്‍ത്ഥം. ലോക വ്യാപാര സംഘടനയിലെ അംഗം എന്ന നിലയില്‍ 1996ല്‍ ഗാട്ട് കരാറിന്റെ ഭാഗമായി ഇന്ത്യ പാകിസ്താനെയും ഇത്തരം രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. പക്ഷേ ഇന്ത്യക്ക് ഇതുവരെ ഈ പദവി അനുവദിക്കാന്‍ പാകിസ്താന്‍ തയ്യാറായിട്ടില്ല. 2016ലെ ഉറി ഭീകരാക്രമണത്തിന് പിന്നാലെ, പാകിസ്താനുള്ള ഈ പദവി പിന്‍വലിക്കാന്‍ ഇന്ത്യ തുനിഞ്ഞിരുന്നെങ്കിലും വ്യാപാര രംഗത്തുണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങള്‍ അടക്കം മുന്നില്‍ കണ്ട് പിന്‍വാങ്ങുകയായിരുന്നു.

ഇരു രാജ്യങ്ങളുടെയും ഇറക്കുമതിയിലും കയറ്റുമതിയിലും ആഘാതം സൃഷ്ടിക്കുന്ന തീരുമാനമാണ് എം.എഫ്.എന്‍ പിന്‍വലിക്കല്‍. ഇന്ത്യയില്‍ നിന്നെത്തുന്ന പരുത്തിയും പഞ്ചസാരയും കിട്ടാതായാല്‍ പാകിസ്താന്‍റെ വ്യവസായ മേഖല കാര്യമായി തന്നെ തളരും. പാകിസ്താനില്‍ നിന്ന് ഉള്ളിയുടെയും ഉരുളക്കിഴങ്ങിന്‍റെയും വരവ് കുറഞ്ഞാല്‍ ഉത്തരേന്ത്യന്‍ വിപണിയെയും ജന ജീവിതത്തെയും അത് ബാധിച്ചേക്കും. എന്നാല്‍ ഇന്ത്യയുടെ മൊത്തം കയറ്റുമതിയില്‍ 0.5 ശതമാനം മാത്രമാണ് പാകിസ്താനിലേക്കുള്ളത് എന്നതാണ് മറ്റൊരു വസ്തുത.

TAGS :

Next Story