രാജ്യമെങ്ങും കശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമണം; ഇരു കൈയ്യും നീട്ടി ഭക്ഷണമൊരുക്കി കശ്മീരികളെ സ്വീകരിച്ച് സിക്ക് ഗുരുദ്വാരകള്‍
അതി ദേശീയതയെ സാഹോദര്യം കൊണ്ട് നേരിട്ട് സിക്ക് സഹോദരങ്ങള്‍
രാജ്യമെങ്ങും കശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ടപ്പോള്‍ അതി ദേശീയതയെ സാഹോദര്യം കൊണ്ട് നേരിട്ടിരിക്കുകയാണ് ജമ്മുവിലെ സിക്ക് സഹോദരങ്ങള്‍. കശ്മീരികളെ ഇരു കൈയ്യും നീട്ടി ഭക്ഷണമൊരുക്കി സ്വീകരിച്ചാണ് ജമ്മുവിലെ സിക്ക് ഗുരുദ്വാരകള്‍ കശ്മീരികളെ വരവേറ്റത്. കശ്മീരികള്‍ക്ക് സൗജന്യ താമസവും ഭക്ഷണവും ഒരുക്കിയാണ് സിക്ക് വംശജര്‍ കശ്മീരികള്‍ക്കെതിരെയുള്ള ആക്രമണങ്ങളെ പ്രതിരോധിച്ചത്. സാമൂഹിക മാധ്യമങ്ങള്‍ വഴിയും വെബ്സൈറ്റുകള്‍ വഴിയും സൗജന്യമായി താമസവും ഭക്ഷണവും ലഭ്യമാകുന്ന സിക്ക് ഗുരുദ്വാരകളുടെ വിവരങ്ങള്‍ പങ്ക് വെച്ചാണ് സിക്ക് വംശജര്‍ കശ്മീരികള്‍ക്ക് സഹായവുമായി രംഗത്ത് വന്നത്.
കനത്ത മഞ്ഞ് വീഴ്ച്ചയും മോശം കാലാവസ്ഥയും കാരണം കശ്മീരിനകത്തേക്കോ കശ്മീരില്‍ നിന്നും പുറത്തേക്കോ ആര്‍ക്കും സഞ്ചരിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് സിക്ക് വംശജര്‍ സഹായവുമായി രംഗത്ത് വന്നത്. കശ്മീരിന് പുറത്ത് പരീക്ഷ എഴുതാന്‍ വന്ന പലരും പുതിയ ആക്രമണ സംഭവങ്ങളില്‍ പരിഭ്രാന്തരാണ്. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും കുടുംബങ്ങളെ കാണാനുമാകാതെ നിരവധി പേരാണ് കശ്മീര്‍ ദേശീയ പാതയില്‍ എട്ട് ദിവസങ്ങളായി കുടുങ്ങി കിടക്കുന്നത്. വാഹനങ്ങളില്‍ കുടുങ്ങി കിടക്കുന്നവര്‍ക്ക് നേരെയും ഹോട്ടലുകളില്‍ താമസിക്കുന്നവര്‍ക്ക് നേരെയും തെരഞ്ഞ് പിടിച്ച് ആക്രമണം നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നിരവധി കശ്മീരികള്‍ കല്ലേറില്‍ പരിക്കേറ്റ് ആശുപത്രികളിലാണ്. ജമ്മുവിലെ കോളേജുകളില്‍ പഠിക്കുന്ന കശ്മീരികള്‍ക്ക് നേരെയും വ്യാപകമായ ആക്രമണം നടക്കുന്നുണ്ടെന്ന് കശ്മീരി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Adjust Story Font
16